ഷെർലക് ഹോംസിന്റെ എഴുത്തുകാരൻ യഥാർത്ഥജീവിതത്തിൽ ഒരു കൊലപാതകം തെളിയിച്ചിരുന്നോ?

By Web TeamFirst Published Mar 2, 2021, 3:37 PM IST
Highlights

ജയിലിൽ നിന്ന് മോചിതനാകുമ്പോൾ, അയാൾക്ക് പൊലീസിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ജോർജ്ജ് സഹായം തേടി പോയത് ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവിന്റെ സ്രഷ്ടാവായ ആർതറിന്റെ അടുക്കലേക്കാണ്. 

എക്കാലത്തെയും പ്രശസ്തനായ സാങ്കൽപ്പിക കുറ്റാന്വേഷകനാണ് ഷെർലക് ഹോംസ്. കൊലപാതകത്തിന്റെയും, നിഗൂഢതയുടെയും കറുത്ത അധ്യായങ്ങൾ തേടിയിറങ്ങിയ ഷെർലക് ഇന്നും നമ്മുടെയെല്ലാം പ്രിയപ്പെട്ട കഥാപാത്രമാണ്. ഒരുപക്ഷെ ആ കഥകൾ എഴുതിയത് ആരാണെന്ന് ചോദിച്ചാൽ, പലർക്കും അറിയുന്നുണ്ടാവില്ല. എഴുത്തുകാരനെക്കാളും പ്രശസ്തിയാർജ്ജിച്ച അദ്ദേഹത്തിന്റെ കഥാപാത്രമായ ഷെർലക് യഥാർത്ഥത്തിൽ ജീവിച്ചിരുന്നു എന്ന് പോലും വിശ്വസിക്കുന്നവരുണ്ട്. അത്രയ്ക്ക് ശക്തവും, ഉദ്വേ​ഗജനകവുമായിരുന്നു ആ കുറ്റാന്വേഷണ പരമ്പര.

ഷെർലക് ഹോംസിന് ജീവൻ പകർന്ന എഴുത്തുകാരൻ റൂതർ കോനൻ ഡോയ്ൽ തന്റെ ജീവിതകാലത്ത് ഒരു യഥാർത്ഥ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയുണ്ടായി. അദ്ദേഹം അന്വേഷിച്ചത് ഒരു ഇന്ത്യക്കാരന്റെ കേസായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ഇംഗ്ലീഷ് ഗ്രാമത്തിൽ നടന്ന ദുരൂഹമായ കുറ്റകൃത്യങ്ങൾ ഒരു ബ്രിട്ടീഷ് ഇന്ത്യന്റെ തലയിൽ കെട്ടിവയ്ക്കപ്പെട്ടു. അതിന്റെ സത്യാവസ്ഥ അന്വേഷിക്കാനാണ് എഴുത്തുകാരൻ പുറപ്പെട്ടത്. അദ്ദേഹം അന്വേഷിച്ച ഏക കേസും അതായിരുന്നു. എന്നാൽ ഇപ്പോൾ ആ സംഭവം ലണ്ടൻ ആസ്ഥാനമായുള്ള ചരിത്രകാരിയും എഴുത്തുകാരിയുമായ ശ്രബാനി ബസുവിന്റെ പുതിയ പുസ്തകത്തിൽ കഥയാകുന്നു. ഇന്ത്യൻ വംശജനായ ബാരിസ്റ്റർ ജോർജ്ജ് എഡാൽജിയുടെ കഥയാണ് പുസ്തകമാകുന്നത്.    

ആ സംഭവം ഇങ്ങനെയാണ്. ബർമിംഗ്ഹാമിനടുത്തുള്ള ഗ്രേറ്റ് വൈർലി ഗ്രാമത്തിലാണ് ഷാഹ്പൂർ എഡാൽജി താമസിച്ചിരുന്നത്.   ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു പാർസിയാണ് അദ്ദേഹം. ഇംഗ്ലണ്ടിൽ ഒരു ഇടവകയുള്ള ആദ്യത്തെ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മകൻ ജോർജ്ജ് ശാന്തനും, ഒതുങ്ങിയ പ്രകൃതവുമുള്ള, ഇന്ത്യൻ മുഖ സവിശേഷതകളുള്ള സ്കൂളിലെ ഒരേയൊരു ആൺകുട്ടിയുമായിരുന്നു. അവൻ വളർന്ന് ഒരു ബാരിസ്റ്ററായി തീർന്നു. അപ്പോഴാണ് ഗ്രാമത്തിലെ കുതിരകളെ ആരോ വെട്ടി മുറിവേൽപ്പിക്കുന്നതും, അവയുടെ അവയവങ്ങളെ ഛേദിച്ച് കളയുന്നതുമായ സംഭവം അരങ്ങേറുന്നത്. കൂടാതെ, ആരോ ഷാഹ്പൂറിന് ഭീഷണി കത്തുകളും അയയ്ക്കുന്നു. ഒടുവിൽ എല്ലാ സംശയത്തിന്റെ മുനകളും ജോർജിന്റെ നേരെ തിരിഞ്ഞു. അങ്ങനെ ചെയ്യാത്ത കുറ്റത്തിന് മകൻ ജയിലിൽ പോയി.  

ജയിലിൽ നിന്ന് മോചിതനാകുമ്പോൾ, അയാൾക്ക് പൊലീസിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ജോർജ്ജ് സഹായം തേടി പോയത് ലോകത്തിലെ ഏറ്റവും വലിയ ഡിറ്റക്ടീവിന്റെ സ്രഷ്ടാവായ ആർതറിന്റെ അടുക്കലേക്കാണ്. ജയിലിൽ കഴിഞ്ഞ സമയം അത്രയും അദ്ദേഹം വായിച്ചത് ആർതറിന്റെ നോവലുകളായിരുന്നു. എഴുത്തുകാരൻ കൃത്യമായി സൂചനകൾ പരിശോധിച്ച് ജോർജ്ജിന്റെ മതത്തിന്റെ പേരിൽ വംശീയതയുടെ ഇരയാവുകയായിരുന്നുവെന്ന് കണ്ടെത്തി. 

"ആർതർ കോനൻ ഡോയ്ൽ വ്യക്തിപരമായി അന്വേഷിച്ച ഒരേയൊരു യഥാർത്ഥ കുറ്റകൃത്യം ഒരു ഇന്ത്യക്കാരന്റേതാണ് എന്ന വസ്തുത എന്നെ ആകർഷിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് പറയാനാണ് ഈ കഥ. മിക്ക ആളുകളെയും പോലെ ഞാനും ഷെർലക് ഹോംസ് പുസ്തകങ്ങളുടെ ആരാധികയാണ്” ബസു പറഞ്ഞു. അക്കാലത്ത് ലണ്ടനിലെ ഹാരോ സ്കൂളിൽ 18 വയസുള്ള വിദ്യാർത്ഥിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനെ പോലും ഈ കേസ് ആകർഷിച്ചിരുന്നു. 'The Mystery of the Parsee Lawyer: Arthur Conan Doyle, George Edalji and the case of the foreigner in the English village’ എന്നാണ് ബസുവിന്റെ പുസ്തകത്തിന്റെ പേര്. അടുത്ത ആഴ്ച യുകെയിലും, മാർച്ച് 10 -ന് ഇന്ത്യയിലും പുസ്തകം ഇറങ്ങും.  


 


 

click me!