അമ്മായിഅമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി ജോലി ഉപേക്ഷിക്കാൻ വിസമ്മതിച്ച ടെക് പ്രൊഫഷണലായ യുവതിക്ക് ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനം. കരിയർ ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വിവാഹമോചനം. 

സ്ത്രീകൾ ജോലി ഉപേക്ഷിച്ച് കുടുംബം നോക്കേണ്ടവരാണ് എന്ന ചിന്ത ആളുകളുടെ ഇടയിൽ എല്ലാ കാലത്തും ഉണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോലി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒരു ഇന്ത്യൻ ടെക് പ്രൊഫഷണലിന് തന്റെ ദാമ്പത്യം ഉപേക്ഷിക്കേണ്ടി വന്നു. എക്സിൽ (ട്വിറ്റർ) യുവതിയുടെ സുഹൃത്താണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പ്ലസ് ടു പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. പിന്നീട്, ബി.ടെക് ഒരുമിച്ച് പഠിക്കുകയും 'ടെക് മഹിന്ദ്ര'യിൽ ഒരേസമയം ഇരുവരും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് കമ്പനികൾ മാറി, കരിയറിൽ ഒരുമിച്ച് വളർന്നു, വിവാഹിതരാകുകയും സ്വന്തമായി വീട് വാങ്ങുകയും ചെയ്തു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. കഠിനാധ്വാനിയായ യുവതി പ്രസവാവധി ഒഴികെ ഒരിക്കൽ പോലും ജോലിയിൽ നിന്ന് വിട്ടുനിന്നിട്ടില്ല. രണ്ടാമത്തെ പ്രസവത്തിന് ശേഷം പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുത്ത അവർ കരിയറിൽ ഭർത്താവിനേക്കാൾ ഉയർന്ന ശമ്പളം നേടുന്ന നിലയിലേക്ക് വളർന്നു.

ഭർത്താവിന്റെ അമ്മയ്ക്ക് അസുഖം ബാധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അമ്മയെ ശുശ്രൂഷിക്കാൻ യുവതി ജോലി രാജിവെക്കണമെന്ന് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചു. എന്നാൽ തന്റെ കരിയർ ഉപേക്ഷിക്കാൻ യുവതി തയ്യാറായില്ല. പകരം അവർ ഒരു വഴിയും മുന്നോട്ടുവെച്ചു. യുവതി ജോലി തുടരും, വീടിന്റെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കാം. പകരം ഭർത്താവ് കരിയറിൽ നിന്ന് ഒരു ഇടവേള എടുത്ത് അമ്മയെ നോക്കണം. പ്രസവത്തിന്റെ സമയത്ത് തന്നെ താൻ ബ്രേക്ക് എടുത്തതാണ്. ഇത്തവണ ഭർത്താവ് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കട്ടെ. സഹായത്തിനായി യുവതിയുടെ അമ്മയെ വീട്ടിലേക്ക് കൊണ്ടുവരാമെന്നും അവർ സമ്മതിച്ചു.

എന്നാൽ, യുവതിയുടെ ഈ നിർദ്ദേശങ്ങൾ ഭർത്താവും വീട്ടുകാരും തള്ളി. മകന്റെ വീട്ടിൽ പെൺകുട്ടിയുടെ അമ്മ വരുന്നത് ശരിയല്ലെന്നായിരുന്നു ഭർത്താവിന്റെ അമ്മയുടെ നിലപാട്. വീട് വാങ്ങാൻ യുവതിയും പണം നൽകിയിരുന്നു എന്ന വസ്തുത ഇവർ വിസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ജോലി ഉപേക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് അവർ ശഠിച്ചു. ജോലിക്ക് ആളെ വയ്ക്കാം എന്ന് പറഞ്ഞതുപോലും അവർ കേട്ടില്ല. യുവതി വഴങ്ങാതിരുന്നതോടെ വലിയ രീതിയിലുള്ള മാനസിക പീഡനമാണ് അവർക്ക് നേരിടേണ്ടി വന്നത്.

പീഡനം സഹിക്കവയ്യാതെ യുവതി കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറി. അവിടെ നിന്നും ഭർത്താവിന്റെ അമ്മയെ ശുശ്രൂഷിക്കാൻ താൻ തയ്യാറാണെന്ന് അവർ അറിയിച്ചെങ്കിലും ഭർത്താവ് വിവാഹമോചന നോട്ടീസ് അയക്കുകയാണുണ്ടായത്. ഒടുവിൽ യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി.

ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയിൽ, ഒരു സ്ത്രീ എത്രത്തോളം കഠിനാധ്വാനം ചെയ്താലും, എത്ര സമ്പാദിച്ചാലും, എത്രത്തോളം സ്നേഹിച്ചാലും ത്യാഗങ്ങൾ സഹിച്ചാലും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലാതാവുന്ന നിമിഷം, അവൾ വിലയില്ലാത്തവളായി കണക്കാക്കപ്പെടുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Scroll to load tweet…

നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീകൾ ഒരിക്കലും തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം പണയപ്പെടുത്തരുതെന്നും, പുരുഷാധിപത്യ ചിന്താഗതികൾ ഒരു കുടുംബത്തെ എങ്ങനെ തകർക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ മിക്കവരും പ്രതികരിച്ചു.