ചിമ്മിനിക്കടുത്ത് ഇഷ്ടികയ്‍ക്കുള്ളില്‍ ഒളിപ്പിച്ച പെട്ടി, അകത്ത് 150 വർഷം മുൻപ് ലൈബ്രറിയിൽ നിന്നെടുത്തൊരു പുസ്തകം!

Published : Aug 01, 2026, 12:56 PM IST
Library

Synopsis

സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ഒരാൾ ഈ അപൂർവ്വ പുസ്തകം കണ്ടെത്തിയത്. അടച്ചുപൂട്ടിയ അടുപ്പിന്റെ ചിമ്മിനിക്ക് സമീപം ഇഷ്ടികകൾക്കിടയിൽ ഒളിപ്പിച്ച ഒരു പെട്ടിക്കുള്ളിലായിരുന്നു പുസ്തകം ഇരുന്നിരുന്നത്.

ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്താൽ കൃത്യസമയത്ത് തിരികെ കൊടുക്കണം. ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും. എന്നാൽ, ഒന്നര നൂറ്റാണ്ട് മുമ്പ് കൊണ്ടുപോയ പുസ്തകമാണെങ്കിലോ? അതുപോലെ, ഒരു സംഭവമാണ് ഇതും. ഓസ്ട്രേലിയയിലെ പബ്ലിക് ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് വായിക്കാൻ കൊണ്ടുപോയ പുസ്തകം ഒടുവിലിപ്പോൾ തിരിച്ചെത്തുകയായിരുന്നു. കിയാമ എന്ന തീരദേശ നഗരത്തിലെ ലൈബ്രറിയിൽ നിന്നും 1870 -കളിൽ എടുത്ത 'ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്' എന്ന അമൂല്യ ഗ്രന്ഥമാണ് ഒന്നര നൂറ്റാണ്ടിനു ശേഷം ലൈബ്രറിയിൽ തിരിച്ചെത്തിയത്.

സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ഒരാൾ ഈ അപൂർവ്വ പുസ്തകം കണ്ടെത്തിയത്. അടച്ചുപൂട്ടിയ അടുപ്പിന്റെ ചിമ്മിനിക്ക് സമീപം ഇഷ്ടികകൾക്കിടയിൽ ഒളിപ്പിച്ച ഒരു പെട്ടിക്കുള്ളിലായിരുന്നു പുസ്തകം ഇരുന്നിരുന്നത്. തുടർന്ന് ഇയാൾ ഇത് ലൈബ്രറി അധികൃതർക്ക് കൈമാറുകയായിരുന്നു. 1858 -ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ലൈബ്രറിയുടെ ആദ്യകാല ശേഖരത്തിലെ 506 -ാമത് പുസ്തകമാണ്.

ഇത്രയും കാലം വൈകിയതിന് ലൈബ്രറി നിയമപ്രകാരം പിഴ കണക്കാക്കിയാൽ തുക കേട്ട് ആരും ഞെട്ടും. അന്നത്തെ നിരക്കായ ആഴ്ചയിൽ 3 പെൻസ് വച്ച് പിഴ തുക മാത്രം 28,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 18.7 ലക്ഷം രൂപ) വരും. എന്നാൽ, അക്കാലത്തെ ലൈബ്രറി രജിസ്റ്റർ നഷ്ടപ്പെട്ടതിനാൽ ആരാണ് പുസ്തകം കൊണ്ടുപോയതെന്ന് അറിയാൻ നിലവിൽ വഴിയൊന്നുമില്ല.

1872 -ൽ ലൈബ്രറി ആരംഭിച്ച കാലത്തെ ചില രസകരമായ നിയമങ്ങളും ലൈബ്രറി മാനേജർ മിഷേൽ ഹഡ്സൺ പങ്കുവെച്ചു. മദ്യപിച്ചെത്തുന്നവർക്ക് പുസ്തകം നൽകില്ലായിരുന്നുവെന്നും, വീട്ടിൽ വായനയറിയാവുന്ന കുറഞ്ഞത് ആറ് പേരെങ്കിലും ഉണ്ടെങ്കിലേ മൂന്ന് പുസ്തകങ്ങൾ വരെ നൽകിയിരുന്നുള്ളൂ എന്നും അവർ പറഞ്ഞു.

ചിമ്മിനിക്ക് സമീപം ഇരുന്നതിനാൽ പുസ്തകത്തിന് ചെറിയ രീതിയിൽ വെള്ളം തട്ടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത്രയും പഴയൊരു പുസ്തകം തിരികെ കിട്ടുന്നത് ലൈബ്രറിയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണ്. അമൂല്യമായ ഈ ഗ്രന്ഥം ഇനി ആർക്കും വായിക്കാൻ നൽകില്ലെന്നും ലൈബ്രറിയുടെ ലോക്കൽ ഹിസ്റ്ററി കളക്ഷനിൽ പ്രത്യേകമായി പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ സ്ത്രീ പോലുമില്ല, ആദ്യ വനിതാ ജീവനക്കാരിയാകാൻ ആ​ഗ്രഹിക്കുന്നു; വെറൈറ്റി അപേക്ഷ, ജോലി നേടി യുവതി
കൃത്യം 7 ന് നിര്‍ത്തിക്കോണം, ഒരൊറ്റ മിനിറ്റ് പോലും അധികം ജോലി വേണ്ട; ഇന്ത്യൻ ടെക്കിക്ക് താക്കീതുമായി യുകെയിലെ സീനിയർ ഡെവലപ്പര്‍