
ലേറ്റ് നൈറ്റ് ഷിഫ്റ്റുകളും അവധി ദിവസങ്ങളിലെ ജോലിയും ആത്മാർത്ഥതയുടെ അടയാളമായി കരുതുന്ന ഇന്ത്യൻ കോർപ്പറേറ്റ് സംസ്‌കാരത്തിന് മുന്നിൽ വ്യത്യസ്തമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ. സമയപരിധി കഴിഞ്ഞും ജോലി ചെയ്തതിന് യുകെക്കാരനായ സീനിയർ സഹപ്രവർത്തകനിൽ നിന്ന് ലഭിച്ച ശാസനയും താക്കീതുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചർച്ചയായിരിക്കുന്നത്.
'@Om_Codes_' എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ടെക്കി ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. യുകെയിലെ സീനിയർ എഞ്ചിനീയർ അയക്കുന്ന കോഡ് റിവ്യൂ കമന്റുകൾക്ക്, ഇന്ത്യയിൽ സമയം രാത്രി ഒമ്പതോ പത്തോ ആയാൽ പോലും ഈ യുവാവ് ഉടൻ തന്നെ മറുപടി നൽകുമായിരുന്നു. തൊഴിൽ സമയം കഴിഞ്ഞും ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സീനിയർ ഡെവലപ്പർ ആദ്യം ഇയാളെ വിലക്കിയെങ്കിലും, യുവാവ് രാത്രി വൈകി മറുപടി നൽകുന്നത് തുടർന്നു. ഇതോടെയാണ് കർശന നടപടിയുമായി സഹപ്രവർത്തകൻ രംഗത്തെത്തിയത്. "ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ശേഷം നീ എന്റെ കമന്റുകൾക്ക് മറുപടി നൽകിയാൽ, അടുത്ത ഒരാഴ്ചത്തേക്ക് നിന്റെ ഒരു 'പുൾ റിക്വസ്റ്റും' ഞാൻ റിവ്യൂ ചെയ്യില്ല. നിന്റെ മാനേജരോട് പരാതിപ്പെടുകയും ചെയ്യും" ഇതായിരുന്നു സീനിയർ എഞ്ചിനീയറുടെ അന്ത്യശാസനം.
I work with a senior developer from England.
Because of the time difference, whenever he reviewed my PR and left comments, I'd reply immediately.
Even if it was 9 or 10 PM in India.
One day he noticed and asked me, .."Wait.. are you working beyond your work hours?"
I said,…— Om (@Om_Codes_) July 30, 2026
സഹപ്രവർത്തകന്റെ ഈ ഭീഷണിയെത്തുടർന്ന്, രാത്രിയിലെ സന്ദേശങ്ങൾക്ക് അടുത്ത ദിവസം മാത്രം മറുപടി അയക്കുന്ന രീതിയിലേക്ക് മാറിയതായി ടെക്കി കുറിച്ചു. തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും സ്വന്തം കാര്യത്തേക്കാൾ ഉപരിയായി ആ സഹപ്രവർത്തകൻ പരിഗണിച്ചത് കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ് വൈറലായതോടെ വിദേശികളായ സഹപ്രവർത്തകരിൽ നിന്നും മാനേജർമാരിൽ നിന്നും ലഭിച്ച നല്ല അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.