
ലൈബ്രറികളിൽ നിന്നും പുസ്തകം എടുക്കുന്നതും തിരിച്ചു നൽകുന്നതും ഒക്കെ സാധാരണമായ കാര്യങ്ങളാണ്. എടുത്ത പുസ്തകങ്ങൾ തിരിച്ചു നൽകാത്ത സംഭവങ്ങളും ധാരാളമായി ഉണ്ടാകും. എന്നാൽ, എടുത്ത പുസ്തകം വർഷങ്ങൾക്കുശേഷം തിരിച്ചു നൽകിയ ആരെങ്കിലുമുണ്ടോ? സമാനമായ രീതിയിൽ ഇംഗ്ലണ്ടിലെ ഒരു ലൈബ്രറിയിൽ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.
വർഷങ്ങൾക്കു മുൻപ് എടുത്തു കൊണ്ടു പോയ ഒരു പുസ്തകം ഇപ്പോൾ ലൈബ്രറിയിൽ തിരിച്ചെത്തിയിരിക്കുന്നു. വർഷങ്ങൾ എന്നുപറഞ്ഞാൽ ഒന്നും രണ്ടുമല്ല, 50 വർഷങ്ങൾക്കു മുൻപെടുത്ത ഒരു പുസ്തകമാണ് ഇപ്പോൾ ലൈബ്രറിയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. ഏതായാലും ഒരായുഷ്കാലം മുഴുവൻ കൈവശം വെച്ചതിനുശേഷമാണ് ഒടുവിൽ കറങ്ങിത്തിരിഞ്ഞ് വീണ്ടും അത് ലൈബ്രറിയിൽ എത്തിയിരിക്കുന്നത്.
ഡ്യൂവി ഡെസിമൽ ക്ലാസ്സിഫിക്കേഷൻ എന്ന പുസ്തകമാണ് 50 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ലൈബ്രറിയിൽ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ചെഷയറിലെ നാന്റ്‌വിച്ച് ലൈബ്രറിയിൽ നിന്നും, ബ്രിട്ടീഷ് സ്‌കൂളുകൾക്കായുള്ള ഡ്യൂയി ഡെസിമൽ ക്ലാസിഫിക്കേഷന്റെ ആമുഖം എന്ന പുസ്തകം 1972 അവസാനത്തോടെയാണ് സമീപത്തെ ഒരു പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപിക എടുത്തു കൊണ്ടുപോയത്. എന്നാൽ, പിന്നീട് ഈ പുസ്തകം ഇവർ തിരിച്ചേൽപ്പിച്ചില്ല. 50 വർഷക്കാലത്തോളം സ്കൂളിൽ സൂക്ഷിച്ച ഈ പുസ്തകം ഇപ്പോൾ വീണ്ടും ലൈബ്രറിയിൽ തിരികെ എത്തിയിരിക്കുകയാണ്.
സ്കൂളിലെ ഇപ്പോഴത്തെ മാനേജ്മെൻറ് ആണ് ഫൈൻ അടക്കമടച്ച് പുസ്തകം ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. എന്നാൽ പുസ്തകത്തിലെ വിവരങ്ങൾ ഇപ്പോൾ ഔട്ട് ഡേറ്റഡ് ആയി എന്നും ഇതിൻറെ നിരവധി പുതിയ പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞു എന്നുമാണ് ലൈബ്രറി അധികൃതർ പറയുന്നത്. ഏതായാലും ഇത് ആദ്യമായി ആയിരിക്കും ഇത്രയും വർഷങ്ങൾക്കുശേഷം ഒരു പുസ്തകം എടുത്തുകൊണ്ടു പോയവർ വീണ്ടും ഈ ലൈബ്രറിയിൽ തിരിച്ചേൽപ്പിക്കുന്നത്.