
ജോലിസ്ഥലത്ത് നിന്നുണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ച് പലപ്പോഴും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. പ്രത്യേകിച്ചും റെഡ്ഡിറ്റിൽ. പല കമ്പനികളിലും ഉന്നതസ്ഥാനത്തിരിക്കുന്നവർക്ക് എന്താണ് വർക്ക് ലൈഫ് ബാലൻസ് എന്നതിനെ കുറിച്ച് വലിയ ധാരണ പോലും ഉണ്ടാവാറില്ല. അതുപോലെ ഒരു അനുഭവമാണ് ഈ യുവതിയും റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. നീണ്ട 14 മണിക്കൂർ ജോലി ചെയ്തിട്ടും പുലർച്ചെ മെസ്സേജ് അയച്ചതിന് മറുപടി നൽകാത്തതിനാൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് യുവതി പറയുന്നത്.
'14 മണിക്കൂർ ജോലി ചെയ്താലും പുലർച്ചെ 2.45 -ന് മെസ്സേജിന് മറുപടി നൽകുമെന്നാണ് എന്റെ ലീഡ് പ്രതീക്ഷിക്കുന്നത്' എന്ന ടൈറ്റിലിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കമ്പനിയിലെ ഉന്നതാധികാരികൾക്ക് വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് യാതൊരു ആശങ്കയുമില്ലാത്തതിനാൽ താൻ തകർച്ചയുടെ വക്കിലാണ് എന്നും യുവതി പറയുന്നു. 'ഇന്നലെ, താൻ രാവിലെ 10 മുതൽ പുലർച്ചെ 12 വരെ ജോലി ചെയ്തു, അതായത് തുടർച്ചയായി 14 മണിക്കൂർ. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ വീക്കെൻഡുകളിലും ജോലി ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, എന്റെ ഓൺ-സൈറ്റ് ലീഡ്, പുലർച്ചെ 2.45 ന് എനിക്ക് മെസ്സേജ് അയച്ചു, ഞാൻ ഉടൻ മറുപടി നൽകുമെന്നാണ് അവരുടെ പ്രതീക്ഷ' എന്ന് യുവതി കുറിക്കുന്നു.
മാത്രമല്ല, താൻ ഉറങ്ങിപ്പോയതിനാൽ മറുപടി നൽകിയില്ല. അത് അവർ പ്രശ്നമാക്കി. ബോസിനും പരാതി നൽകി. തന്റെ മാനേജരാണെങ്കിൽ ഈ ലീഡ് പറയുന്നത് മാത്രമേ കേൾക്കൂ എന്നും യുവതി കുറിച്ചു. താൻ തന്റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതിന് സാധിക്കുന്നില്ല. കുറച്ച് മാസം കൂടി ഇവിടെ നിന്ന് നല്ലൊരു ജോലി കിട്ടിയ ശേഷം ഈ ജോലി ഉപേക്ഷിക്കണോ, അതോ ഇപ്പോൾ തന്നെ നിർത്തിപ്പോകുന്നതാണോ നല്ലത്, ഈ ജോലി തന്റെ സമാധാനം നശിപ്പിക്കുന്നു എന്നാണ് യുവതി പറയുന്നത്. പോസ്റ്റിന് മിക്കവരും കമന്റ് നൽകിയിരിക്കുന്നത് എത്രയും പെട്ടെന്ന് ഈ ജോലി ഉപേക്ഷിക്കുകയും മറ്റൊരു ജോലി കണ്ടെത്തുകയും ചെയ്യണം എന്നാണ്.