
തന്റെ ഡ്രൈവറുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടിവന്ന തുക നൽകി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് ഇപ്പോൾ ഒരു മനുഷ്യൻ. മുംബൈയിലെ പ്രമുഖ കാർഡിയാക് സർജനായ ഡോ. പ്രശാന്ത് മിശ്രയാണ് ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയ ഡ്രൈവർക്ക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് 4.25 ലക്ഷം രൂപയോളം ചെലവ് വന്നു. സ്വകാര്യ ആശുപത്രിയിലെ വലിയ തുക താങ്ങാൻ ബുദ്ധിമുട്ടായതിനാൽ രോഗിയോട് ഏതെങ്കിലും ഗവൺമെന്റ് ആശുപത്രിയെ സമീപിക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, പിറ്റേന്ന് തന്നെ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്താമെന്നും തുക മുഴുവൻ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും രോഗിയുടെ മകൻ ഡോക്ടറെ അറിയിച്ചു. ആ പണം നൽകിയത് അദ്ദേഹത്തിന്റെ ബോസാണ്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ശേഷം ഡോക്ടർ രോഗിയുടെ ബോസിനെ ഫോണിൽ വിളിച്ച് നന്ദി അറിയിക്കാനും മറന്നില്ല. 'നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ശുക്ലയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിട്ടുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, അതിനു ലഭിച്ച മറുപടിയാണ് ഡോക്ടറെ അമ്പരപ്പിച്ചത്. 'എന്റെ സഹപ്രവർത്തകനെ ഇത്രയും നന്നായി പരിചരിച്ചതിന് നന്ദി ഡോക്ടർ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സഹപ്രവർത്തകനോ? താങ്കളുടെ ഡ്രൈവറാണെന്നാണ് അദ്ദേഹം പറഞ്ഞത്' എന്ന് ഡോക്ടർ തിരിച്ചു ചോദിച്ചപ്പോൾ ആ ബോസ് നൽകിയ മറുപടി ഇതായിരുന്നു. 'കഴിഞ്ഞ 15 വർഷമായി അദ്ദേഹം എനിക്കൊപ്പമുണ്ട്. അദ്ദേഹത്തെ കേവലം ഒരു ഡ്രൈവറായി മാത്രം കാണാൻ എനിക്ക് കഴിയില്ല. ഞാനും ജോലി ചെയ്യുന്നു, അദ്ദേഹവും ജോലി ചെയ്യുന്നു. ജീവിതത്തിൽ വ്യത്യസ്ത ചുമതലകൾ നിർവഹിക്കുന്നു എന്ന് മാത്രം. ജോലി വ്യത്യസ്തമാണെങ്കിലും ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്ന സഹപ്രവർത്തകർ തന്നെയാണ്.'
ഈ മറുപടി തന്നിൽ വലിയൊരു തിരിച്ചറിവുണ്ടാക്കിയെന്നും വാക്കുകൾ കിട്ടാതെ താൻ സ്തംഭിച്ചുപോയെന്നും ഡോ. മിശ്ര കുറിച്ചു. 'നമ്മുടെ വീട്ടുജോലിക്കാരെയും ജീവനക്കാരെയും 'വേലക്കാർ' എന്ന് മാത്രം കണ്ട് ചെറുതായി കാണരുത്. നമ്മുടെ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്. അവരും തുല്യമായ ആദരവും അന്തസ്സും അർഹിക്കുന്നുണ്ട്' എന്നും ഡോക്ടർ പറയുന്നു.
A patient came to me needing bypass surgery. Since he worked as a driver and the procedure at our hospital costs around 4.25 lakh rs , I advised him to go to a civic (BMC) hospital where the surgery could be performed free of cost through a government scheme.
That evening, his…— Dr Prashant Mishra (@drprashantmish6) July 22, 2026
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഞാൻ എന്റെ വീട്ടുജോലിക്കാരിയുടെ പേരിൽ ഒരു SIP ആരംഭിച്ചിട്ടുണ്ട്. 10-12 വർഷത്തെ സേവനത്തിന് ശേഷം അവർ വിരമിക്കുമ്പോൾ, ശമ്പളക്കാർക്ക് ലഭിക്കുന്നതുപോലെ ഒരു തുക അവർക്കും നൽകണമെന്നാണ് എന്റെ ആഗ്രഹം' എന്ന് ഒരാൾ കമന്റ് ചെയ്തു.