മോശം പ്രകടനം: 'ശമ്പളം കുറയ്ക്കൂ' എന്ന് ജീവനക്കാരി; ശമ്പളത്തോടെ അവധി നൽകി ഞെട്ടിച്ച് കമ്പനി ഉടമ! കുറിപ്പ് വൈറൽ

Published : Jul 21, 2026, 02:31 PM IST
Company owner gives paid vacation

Synopsis

മോശം പ്രകടനത്തിന്‍റെ പേരിൽ ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക്, ശിക്ഷയ്ക്ക് പകരം പെയ്ഡ് ട്രിപ്പും മറ്റ് ആനുകൂല്യങ്ങളും നൽകി പിന്തുണച്ച ഒരു ഇന്ത്യൻ സംരംഭകന്റെ കഥയാണിത്. ബ്ലൂ ലോബ്‌സ്റ്റർ മീഡിയ സ്ഥാപകൻ ധ്രുവ് മുഖർജിയുടെ ഈ മാതൃകാപരമായ നിലപാട്, ജീവനക്കാരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പുതിയ കോർപ്പറേറ്റ് സംസ്കാരത്തെ കാണിക്കുന്നു.

ജോലിയിലെ വീഴ്ചകൾക്ക് ശിക്ഷയും ശമ്പളം വെട്ടിക്കുറയ്ക്കലും പതിവായ കോർപ്പറേറ്റ് ലോകത്ത്, തികച്ചും വ്യത്യസ്തവും മാതൃകാപരവുമായ ഒരു നിലപാടിലൂടെ കൈയടി നേടുകയാണ് ഒരു ഇന്ത്യൻ സംരംഭകൻ. മോശം പ്രകടനത്തിന്‍റെ പേരിൽ സ്വന്തം ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിയെ ശിക്ഷിക്കുന്നതിന് പകരം, മാനസിക ഉന്മേഷത്തിനായി പെയ്ഡ് ട്രിപ്പും മറ്റ് ആനുകൂല്യങ്ങളും നൽകി കൂടെനിൽക്കുകയാണ് ഈ ബോസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബ്ലൂ ലോബ്‌സ്റ്റർ മീഡിയ' സ്ഥാപകൻ ധ്രുവ് മുഖർജിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ ഈ അപൂർവ്വ അനുഭവം പങ്കുവെച്ചത്.

എന്താണ് സംഭവിച്ചത്?

കമ്പനിയിലെ കൺടെന്‍റ് ഓപ്പറേഷൻസ് ലീഡായ ആര്യ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോലിയിൽ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. മുൻപ് ഒരു മണിക്കൂർ കൊണ്ട് തീർത്തിരുന്ന ജോലികൾക്ക് നാല് മണിക്കൂറിലധികം സമയമെടുക്കാൻ തുടങ്ങി. ജോലിയുടെ ഗുണനിലവാരം കുറയുകയും ഡെഡ്‌ലൈനുകൾ തെറ്റുകയും ചെയ്തു. തുടക്കത്തിൽ പ്രകടനം മെച്ചപ്പെടുത്താമെന്ന് ഉറപ്പുനൽകിയെങ്കിലും സ്ഥിതി തുടർന്നതോടെ, ഈ റോൾ ആര്യക്ക് താങ്ങാൻ കഴിയുന്നതിലും വലുതാണോയെന്ന് വരെ താൻ സംശയിച്ചതായി ധ്രുവ് പറയുന്നു.

എന്നാൽ, തന്‍റെ വീഴ്ചയിൽ നിരാശയായ ആര്യ, കമ്പനിക്ക് സംഭവിച്ച നഷ്ടത്തിന് പ്രായശ്ചിത്തമെന്നോണം സ്വന്തം ശമ്പളം കുറയ്ക്കാനും ഒരു അവസരം കൂടി നൽകാനും ബോസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ധ്രുവ് നടത്തിയ വിശദമായ സംഭാഷണത്തിലാണ്, വ്യക്തിപരമായ ചില വലിയ പ്രശ്നങ്ങളാണ് ആര്യയുടെ ശ്രദ്ധ തിരിക്കുന്നതെന്നും അവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും വ്യക്തമായത്.

ശിക്ഷയല്ല, കെയറിംഗ്!

കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഒരു സാധാരണ കൺടെന്‍റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ച്, സ്വന്തം പ്രകടനം കൊണ്ട് കൺടെന്‍റ് ഓപ്പറേഷൻസ് ലീഡ് പദവിയിലേക്ക് വേഗത്തിൽ ഉയർന്നുവന്ന കഴിവും സമർപ്പണബോധവുമുള്ള ജീവനക്കാരിയാണ് ആര്യ. അതിനാൽ തന്നെ, താത്കാലികമായ ഈ വീഴ്ചയുടെ പേരിൽ നടപടിയെടുക്കാൻ ധ്രുവ് തയ്യാറായില്ല.

ശമ്പളം കുറയ്ക്കുന്നതിന് പകരം, കമ്പനിയുടെ ചെലവിൽ മൂന്ന് ദിവസത്തെ എയർബിഎൻബി താമസമാണ് ധ്രുവ് ആര്യയ്ക്കായി ക്രമീകരിച്ചത്. പുതിയൊരു അന്തരീക്ഷത്തിൽ ഇരുന്ന് രണ്ടുദിവസം സമാധാനമായി ജോലി ചെയ്യാനും ഒരു ദിവസം പൂർണ്ണമായി വിശ്രമിക്കാനുമായിരുന്നു ഈ പ്ലാൻ. ഒപ്പം, യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ആര്യയുടെ വീടിനടുത്ത് ഒരു കോ-വർക്കിംഗ് സ്‌പേസിൽ ഡെസ്‌കും ഏർപ്പാടാക്കി നൽകി.

വലിയ സാമ്പത്തിക ബാധ്യത, പക്ഷേ ഫലം....

ധ്രുവിന്‍റെ ഈ തീരുമാനം കമ്പനിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയെങ്കിലും ഫലം തികച്ചും അനുകൂലമായിരുന്നു. മാനസികസമ്മർദ്ദങ്ങൾ മാറി പുതിയ ഊർജ്ജത്തോടെ ആര്യ തിരികെ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവർ പൂർണ്ണ സന്തോഷത്തോടെയും കാര്യക്ഷമതയോടെയും ജോലി ചെയ്യുന്നുണ്ടെന്ന് ധ്രുവ് വ്യക്തമാക്കുന്നു. ധ്രുവ് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കരുണയും കരുതലും നിറഞ്ഞ നേതൃപാടവത്തിന്‍റെ മികച്ച ഉദാഹരണമാണിതെന്നാണ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. ജീവനക്കാർക്ക് മാനസിക സുരക്ഷിതത്വം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഭാവിയിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുകയെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന നേതാക്കളെ ജീവനക്കാർ ഒരിക്കലും മറക്കില്ലെന്നും പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ആറ് വർഷത്തിന് ശേഷം കാനഡയിൽ നിന്ന് മാതാപിതാക്കൾക്കരികിലേക്ക്: മലയാളി ഐടി വിദഗ്ദ്ധന്‍റെ വൈറൽ കുറിപ്പ്
'എനിക്ക് നേരെ കോണ്ടം എറിഞ്ഞു'; പോലീസ് അക്കാദമിയിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് പീഡനം: സഹബാച്ച്‌മേറ്റിനെതിരെ കേസ്