
ബ്രിട്ടീഷ് കടൽത്തീരത്ത് ഷെല്ലുകൾ തിരഞ്ഞ് നടക്കുകയായിരുന്നു ആ ആറുവയസുകാരൻ. എന്നാൽ, അവന്റെ കയ്യിൽ തടഞ്ഞത് വളരെ അപൂർവമായ ഒരു നിധിയാണ്. മൂന്ന് ദശലക്ഷം വർഷം പഴക്കമുള്ള ഒരു മെഗാലോഡോൺ സ്രാവിന്റെ പല്ല് (three million-year-old megalodon shark tooth). 2.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച സ്രാവാണ് മെഗാലോഡോൺ സ്രാവുകൾ. അവയുടെ പേരിന്റെ അർത്ഥം തന്നെ 'വലിയ പല്ലുള്ള' എന്നാണ്.
പിതാവിനൊപ്പം സഫോക്കിലെ ബാവ്ഡ്സി ബീച്ചിലേക്ക് നടത്തിയ യാത്രക്കിടെയാണ് ആറുവയസുകാരനായ സാമ്മി ഷെൽട്ടൺ (Sammy Shelton) സ്രാവിന്റെ പല്ല് കണ്ടെത്തിയത്. തിമിംഗലങ്ങളെ കൊല്ലുന്നതിലാണ് മെഗാലോഡോൺ സ്രാവുകളുടെ വൈദഗ്ദ്ധ്യം. 'ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കണ്ടെത്തൽ' എന്നാണ് സാമ്മിയുടെ കണ്ടെത്തലിനെ ആളുകൾ വിശേഷിപ്പിക്കുന്നത് എന്ന് സാമ്മി ഷെൽട്ടണിന്റെ അച്ഛൻ പീറ്റർ ഷെൽട്ടൺ പറയുന്നു. 'തങ്ങൾ കടലിൽ രസകരമായ എന്തെങ്കിലും ഷെല്ലുകൾ കിട്ടുമോ എന്നറിയാനായി പരതി നടക്കുകയായിരുന്നു. അപ്പോഴാണ് ഈ മെഗാലോഡോൺ പല്ല് കണ്ടെത്തിയത്' എന്നും പീറ്റർ പറയുന്നു.
'അത് വലുതും വളരെ ഭാരമുള്ളതുമായിരുന്നു. അതെന്താണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, കടൽത്തീരത്ത് ഇതുപോലുള്ള വസ്തുക്കൾ തിരയുന്ന മറ്റുള്ളവരുടെ അടുത്തെത്തിച്ചപ്പോഴാണ് അതിന്റെ ശരിക്കുമുള്ള പ്രാധാന്യം എനിക്ക് മനസ്സിലായത്. അതിൽ വർഷങ്ങളായി മെഗാലോഡോൺ പല്ലുകൾ തിരയുന്ന ആളുകളുമുണ്ടായിരുന്നു' എന്നും പീറ്റർ പറയുന്നു.
ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ പ്രവർത്തിക്കുന്ന പരിണാമ ജീവശാസ്ത്രജ്ഞനായ ബെൻ ഗാരോഡ്, പല്ലിന്റെ ചിത്രങ്ങൾ പരിശോധിച്ചു. ബ്രിട്ടണിൽ ഇങ്ങനെ ഓരോവർഷവും ചിലത് കിട്ടാറുണ്ട് എന്ന് പറഞ്ഞു. എന്നാൽ, താൻ സാമ്മിയുടെ പ്രായം മുതൽ ഇങ്ങനെ ഒന്ന് തിരഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ, ഒരിക്കലും കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. പല്ല് കണ്ടുപിടിച്ചതോടെ സാമിക്ക് ഒരു 'എക്സ്പ്ലോറർ' ബാഡ്ജും കിട്ടി. ഇപ്പോൾ അവൻ ഇത്തരത്തിലുള്ള കൂടുതൽ ഫോസിലുകൾക്ക് വേണ്ടി തിരയുകയാണ്.