
പ്രായപൂർത്തിയായിട്ടും കാമുകൻ (boyfried) അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയ ഒരു കാമുകി ബന്ധം തുടരണോ എന്ന് സോഷ്യൽ മീഡിയ(social media)യിൽ ചോദിച്ചത് ചർച്ചയാകുന്നു. വിവാഹശേഷവും ആൺമക്കൾ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത് നമ്മുടെ സംസ്കാരത്തിൽ സാധാരണമാണ്. എന്നാൽ, പല വിദേശ രാജ്യങ്ങളിലും മക്കൾ വലുതായിട്ടും മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത് ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. പ്രായപൂർത്തിയായി സ്വന്തം കാലിൽ നില്ക്കാൻ കഴിഞ്ഞാൽ പിന്നെ വീട്ടിൽ നിന്ന് മാറി താമസിക്കുന്ന പതിവാണ് അവിടങ്ങളിലുള്ളത്. മാതാപിതാക്കളെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണത്.
കാമുകൻ ഇപ്പോഴും അയാളുടെ അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്ന് അറിഞ്ഞതിന് ശേഷവും ഈ ബന്ധം തുടരണോ എന്ന് ഒരു സ്ത്രീ ഒരു വെബ്‌സൈറ്റിൽ ഉപദേശം ചോദിച്ചു. അമ്മമാർക്കുള്ള വെബ്സൈറ്റായ മംസ്‌നെറ്റിലാണ് അവൾ ഡേറ്റിംഗുമായി മുന്നോട്ട് പോകണമോ, വേണ്ടയോ എന്ന് ചോദിച്ചിരിക്കുന്നത്. സ്ത്രീ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. താൻ ഡേറ്റിംഗ് നടത്തുന്ന പുരുഷൻ ഇപ്പോഴും അമ്മയോടൊപ്പം താമസിക്കുന്നതിൽ അവൾ ആശങ്ക പ്രകടിപ്പിച്ചു. പ്രായപൂർത്തിയായ കാലം മുതൽ അവൾ സ്വതന്ത്രമായി ജീവിക്കുകയാണ്. അതുകൊണ്ട് തന്നെ അയാളുടെ ഈ പ്രവൃത്തി അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
തനിക്ക് 28 വയസ്സ് ആണെന്ന് പറയുന്ന സ്ത്രീ, 18 വയസ്സ് മുതൽ വീട്ടിൽ നിന്ന് മാറി തനിച്ചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുന്നു. കാമുകന് 32 വയസ്സുണ്ടെന്നും, ഇപ്പോഴും സമ്പാദിക്കാനും, പണം കൈകാര്യം ചെയ്യാനും ഒന്നും അത്ര അറിയില്ലെന്നും, പക്വത കുറവാണെന്നും അവൾ പരാതിപ്പെടുന്നു. വീട്ടുകാർക്കൊപ്പം താമസിക്കുന്നത് പണം മിച്ചം പിടിക്കാനാണെന്നാണ് അയാളുടെ വാദമെന്ന് അവൾ പറയുന്നു. ഇങ്ങനെ പണം മിച്ചം പിടിച്ച് സ്വന്തമായി ഒരു വീട് വാങ്ങാൻ അവൻ പദ്ധതിയിടുന്നു. ഒരു വർഷം 25,000 ലഭിക്കുന്ന അവന് ഇതുവരെ 10,000 മാത്രമാണ് സമ്പാദിക്കാൻ കഴിഞ്ഞത് എന്നതിൽ അവൾ ആശങ്ക പ്രകടിപ്പിക്കുന്നു. “18 വയസ്സ് മുതൽ ഞാൻ സ്വന്തമായി ജീവിക്കുന്നു. ഇപ്പോൾ എനിക്ക് 28 വയസ്സായി. വാടക നൽകിയിട്ടും 20,000 -ത്തിലധികം ലാഭിക്കാൻ എനിക്ക് കഴിഞ്ഞു" അവൾ പറയുന്നു.
എന്നാൽ, അവളുടെ ചോദ്യത്തിനോട് പ്രതികരിച്ച ആളുകളിൽ കൂടുതലും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ അവളെ ഉപദേശിക്കുന്നു. ചിലർ ഡേറ്റിംഗ് തുടരാനും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ഉപദേശം നൽകിയപ്പോൾ, മറ്റുള്ളവർ ഇതിനെ നിരുത്സാഹപ്പെടുത്തി. ചിലർ ജീവനും കൊണ്ട് ഓടിക്കൊള്ളാൻ ഉപദേശിച്ചു. ഇനിയും ചിലർ അവന്റെ അമ്മയെ കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചു. മകന് ഇത്ര പ്രായമായിട്ടും മകനെ നോക്കേണ്ടി വരുന്ന ആ അമ്മയോട് സഹതാപമാണ് തോന്നുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, അതിൽ ഒരാൾ കാമുകനെ ന്യായീകരിച്ച് എഴുതി: “ഇന്ന് അധികം യുവാക്കളും മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. കാരണം ഒറ്റയ്‌ക്ക് ഒരു വീട് വാങ്ങുന്നത് വളരെ ബുദ്ധിമുട്ടേറിയ ഏർപ്പാടാണ്."
"വീട്ടിൽ താമസിക്കുന്ന അവനോട് എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ, കഴിഞ്ഞ 13 വർഷമായി ജോലി ചെയ്യുന്ന അവന്റെ സമ്പാദ്യം ഇത്ര മാത്രമാണ് എന്നറിഞ്ഞപ്പോൾ അവന്റെ സമ്പാദിക്കാനുള്ള കഴിവിൽ എനിക്ക് ആശങ്കയുണ്ട്" അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് അവൾ പറഞ്ഞു. അതുപോലെ മതവിശ്വാസികളായ അവന്റെ മാതാപിതാക്കൾ അവളെ അവർക്കൊപ്പം താമസിപ്പിക്കാൻ അനുവദിക്കുമോ എന്നും അവൾ ആശങ്കപ്പെടുന്നു.