ഉദ്ഘാടനത്തിനുപിന്നാലെ നടക്കുമ്പോള്‍ പാലം തകര്‍ന്നു, മേയറും കൂട്ടരും സമീപത്തെ കുഴിയില്‍!

Published : Jun 08, 2022, 07:44 PM IST
ഉദ്ഘാടനത്തിനുപിന്നാലെ നടക്കുമ്പോള്‍ പാലം തകര്‍ന്നു, മേയറും കൂട്ടരും സമീപത്തെ കുഴിയില്‍!

Synopsis

മേയറും കൂട്ടരും തൊട്ടടുത്ത് പാറക്കല്ലുകള്‍ കൂട്ടിയിട്ട കുഴിയിലേക്ക് നിലം പതിച്ചു. സംഭവത്തില്‍ മേയറും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും അടക്കം നാലു പേര്‍ക്ക് നിസ്സാര പരിക്കേറ്റു. 


ആവേശഭരിതമായ അന്തരീക്ഷത്തിലാണ് ആ പാലം ഉദ്ഘാടനം നടന്നത്. സ്ഥലം മേയര്‍ ആയിരുന്നു ഉദ്ഘാടകന്‍. അഭിമാനത്തോടെ അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തു. അതിനു ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടക്കുമ്പോള്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. പാലം പൊളിഞ്ഞു വീണു!

അതോടെ മേയറും കൂട്ടരും തൊട്ടടുത്ത് പാറക്കല്ലുകള്‍ കൂട്ടിയിട്ട കുഴിയിലേക്ക് നിലം പതിച്ചു. സംഭവത്തില്‍ മേയറും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും അടക്കം നാലു പേര്‍ക്ക് നിസ്സാര പരിക്കേറ്റു. 

മെക്‌സിക്കോയിലെ ക്യൂനാവാക നഗരത്തിലാണ് സംഭവം. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു നദിയ്ക്ക് കുറുകേ ഉണ്ടായിരുന്ന പഴയ തൂക്കുപാലം മാറ്റിപ്പണിതതിന്റെ ഉദ്ഘാടന ചടങ്ങിലാണ് പാലം തകര്‍ന്നത്. ഇരുമ്പ് ചങ്ങലകളും മരത്തടികളും കൊണ്ടുണ്ടാക്കിയ തൂക്കുപാലം ഉദ്ഘാടനം ഗംഭീരമായാണ് നടന്നത്. നഗരത്തിന്റെ മേയര്‍ ജോ ലൂയി യൂരിസ്‌റ്റോയിയായിരുന്നു ഉദ്ഘാടകന്‍. കൗണ്‍സില്‍ അംഗങ്ങളും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം പരിപാടിക്ക് എത്തിയിരുന്നു. 

ഉദ്ഘാടനശേഷം, മേയറും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മറ്റും പാലത്തിലൂടെ നടന്നപ്പോഴാണ് അപകടമുണ്ടായത്. മേയറും കൂട്ടരും പാലത്തിന്റെ നടുക്കെത്തിയപ്പോള്‍ പാലം തകര്‍ന്നു വീഴുകയായിരുന്നു. മരത്തടികളെ താങ്ങി നിര്‍ത്തിയ ഇരുമ്പു ചങ്ങലകള്‍ പൊട്ടിപ്പോയി. പാലത്തിന്റെ വശത്തായി നിര്‍മാണ സാമഗ്രികളും മറ്റും കൂട്ടിയിട്ട വലിയൊരു കുഴിയിലേക്കാണ് മേയറും സംഘവും വീണത്. ഇവിടെ പാറകളും മറ്റും കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.  വീഴ്ചയില്‍ മേയര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 

പ്രതീക്ഷിച്ചതിലും കൂടുതലാളുകള്‍ പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി പാലത്തില്‍ കയറിയതിനാലാണ് അപകടമുണ്ടായതെന്ന് മേയര്‍ പിന്നീട് പറഞ്ഞു.  നടക്കുന്നവരില്‍ ചിലര്‍ പാലത്തിനു നടുക്കെത്തിയപ്പോള്‍ ഉറപ്പ് നോക്കാനായി ചാടുന്നുണ്ടായിരുന്നു. അതാണ് പാലം പൊളിയാനിടയാക്കിയത്. പുതിയ പാലമല്ല തകര്‍ന്നു വീണതെന്നും പഴയ പാലം പുനര്‍നിര്‍മിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മെക്‌സിക്കോയിലെ മോറിലോസ് സംസ്ഥാനത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ് ഈ നഗരം. നദികളാല്‍ സമ്പന്നമായ ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പഴയമട്ടില്‍ തൂക്കുപാലം പണിതത്. അതാണ് ഒടുവില്‍ മേയര്‍ക്കും കൂട്ടര്‍ക്കും പണി കൊടുത്തത്. പാലം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?