
വ്യത്യസ്തതകളാൽ സമൃദ്ധമാണ് ലോകം. അങ്ങനെയൊരു വ്യത്യസ്തമായ മരവും ഉണ്ട്. അതാണ് ഡ്രാഗൺ ബ്ലഡ് ട്രീ (Dragon Blood Tree). ശാസ്ത്രീയമായി Dracaena cinnabari എന്നറിയപ്പെടുന്ന ഈ വൃക്ഷം അറബിക്കടലിൽ യെമൻ തീരത്ത് സൊകോത്രദ്വീപിലാണ് കാണുന്നത്.
ഇതിൽ നിന്നും ചുവന്ന നിറത്തിൽ രക്തം പോലെ ദ്രാവകം ഒഴുകിയിറങ്ങുന്നു എന്നതാണ് ഇതിലെ പ്രത്യേകത. അങ്ങനെയാണ് ഇതിന് ആ പേര് വന്നതും. ഡ്രാഗൺസ് ബ്ലഡ് എന്ന് വിളിക്കുന്ന ഗമ്മിന് നിരവധി ഉപയോഗങ്ങളുണ്ട് - മരുന്ന് മുതൽ ലിപ്സ്റ്റിക്ക് വരെയുണ്ടാക്കാൻ അത് ഉപയോഗിക്കാറുണ്ടത്രെ. പൂർവ്വികർ ഇതിനെ 'സിന്നബാർ' എന്നാണ് വിശേഷിപ്പിച്ചത്. ഗ്ലോബൽ ട്രീസ് റിപ്പോർട്ട് പ്രകാരം 60 എഡിക്ക് മുമ്പുള്ള വ്യാപാരങ്ങളിൽ ഇത് സജീവമായിരുന്നു എന്ന് പറയുന്നു.
വൃക്ഷത്തിന് 18 മീറ്ററിലധികം (60 അടി) ഉയരത്തിലും 6 മീറ്റർ (20 അടി) വീതിയിലും വളരാനും 650 വർഷം വരെ ജീവിക്കാനും കഴിയും. ഇതിന് കൂണിന്റെയോ വിടർത്തിയ കുടയുടെയോ ആകൃതിയാണ്. വൃക്ഷത്തിന്റെ ഏറ്റവും സവിശേഷത അത് ഡ്രാഗൺ ബ്ലഡ് എന്നറിയപ്പെടുന്ന ഒരു ചുവന്ന സ്രവം പുറത്തുവിടുന്നു എന്നതാണ്. നാം ഈ മരം മുറിക്കുകയാണെങ്കിൽ, ചുവന്ന ദ്രാവകം പുറത്തേക്ക് ഒഴുകും, ഇത് രക്തം ഒഴുകുന്നത് പോലെയുള്ള പ്രതീതിയുണ്ടാക്കുന്നു.
ഇതൊക്കെയാണെങ്കിലും, ഈ ഇനത്തിന്റെ ഭാവി അപകടത്തിലാണ്. ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങളും കന്നുകാലികൾ മേഞ്ഞ് നടക്കുന്നതുമെല്ലാം വൃക്ഷത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു. ചില പ്രദേശങ്ങളിൽ, ചെറിയ മരങ്ങൾക്ക് സാധാരണയായി കൂണിന്റെയോ കുടയുടേയോ ആകൃതി കാണുന്നില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. 2008 -ൽ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സൊകോത്ര ദ്വീപസമൂഹം വരണ്ടുണങ്ങുകയാണ്. മൺസൂൺ പോലും നേരത്തിനെത്തുന്നില്ല.