
ചില നേരങ്ങളില്‍ ചില മനുഷ്യരുടെ പെരുമാറ്റങ്ങള്‍ ഏറെ വിചിത്രമായി തോന്നും. അത്തരത്തില്‍ സാമാന്യ യുക്തിക്ക് യോജിക്കാത്ത വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് ഗായിക. താനൊരു പ്രേതത്തെ വിവാഹം ചെയ്തുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഭര്‍ത്താവിന്റെ പ്രവചനാതീതമായ സ്വഭാവം കാരണം തങ്ങളുടെ മധുവിധു ആകെ കുളമായെന്നും അവര്‍ ബ്രിട്ടീഷ് മാധ്യമമായ ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തീര്‍ന്നില്ല, തന്റെ പ്രേത ഭര്‍ത്താവ് ഇപ്പോള്‍ സദാസമയവും മദ്യപിക്കുകയും അനാവശ്യമായി പണം ചെലവഴിക്കുകയും ചെയ്യുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ? ഏതായാലും ഈ പ്രേത ഭര്‍ത്താവുമായി നടത്തിയെന്നു ഇവര്‍ അവകാശപ്പെടുന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ബ്രിട്ടീഷ് ഗായികയായ ബ്രോക്കാര്‍ഡെ ആണ് ഇത്തരത്തില്‍ വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രേത ഭര്‍ത്താവിന്റെ പേര് എഡ്വേര്‍ഡോ എന്നാണെന്നാണ് ഇവര്‍ പറയുന്നത്. വിക്‌ടോറിയന്‍ കാലത്തെ ഒരു നാവികനായിരുന്നത്രെ ഇദ്ദേഹം.
ഒരു ദിവസം തന്റെ കിടപ്പുമുറിയിലാണ് ആദ്യമായി തന്റെ പ്രേത ഭര്‍ത്താവിനെ കാണുന്നതെന്നാണ് 'ദിസ് ഡേ' എന്ന ചാനല്‍ ടോക്ക് ഷോയില്‍ ഇവര്‍ പറഞ്ഞു. പിന്നീട് എല്ലാ ദിവസവും പരസ്പരം കാണുകയും ഇരുവരും തമ്മില്‍ പരിചയത്തില്‍ ആവുകയും ആ പരിചയവും സൗഹൃദവും പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു എന്നാണ് ഗായിക പറയുന്നത്. പ്രേതഭര്‍ത്താവ് തന്നെയാണ് ഇക്കാര്യങ്ങളെല്ലാം എല്ലാവരോടും വെളിപ്പെടുത്താന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും ഇവര്‍ പറയുന്നു.
ഒരു ഹാലോവീന്‍ ദിനത്തിലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത് ഇതിന്റെതെന്നു പറഞ്ഞ് ചിത്രങ്ങളും വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ ബ്രോക്കാര്‍ഡ് അദൃശ്യനായ ആരോടോ സംസാരിക്കുന്നതുപോലെ കാണാം. മര്‍ലിന്‍ മണ്‍റോ അടക്കം മരിച്ചുപോയ പ്രമുഖര്‍ പലരും തങ്ങളുടെ വിവാഹത്തിന് എത്തിയിരുന്നുവെന്നും ഗായിക അവകാശപ്പെടുന്നു.
ഏതായാലും താന്‍ കരുതിയ പോലെ അല്ല പ്രേത ഭര്‍ത്താവ് എന്നാണ് ഇപ്പോള്‍ ഇവരുടെ പരാതി. പുള്ളിക്കാരന്‍ എപ്പോഴും മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ പണം മുഴുവന്‍ മദ്യം വാങ്ങാന്‍ ഉപയോഗിക്കുകയാണെന്നും അവര്‍ പറയുന്നു. അതിനു കാരണവും ഈ ഗായിക പറയുന്നുണ്ട്, 'എഡ്വേഡിന് അതിന് ബാങ്ക് കാര്‍ഡില്ലല്ലോ...'
ക്രിസ്മസും ക്രിസ്തുമസ് കാലവും ഒന്നും പ്രേത ഭര്‍ത്താവിന് ഇഷ്ടമില്ലെന്ന് ആണ് യുവതി പറയുന്നത്. അതുകൊണ്ടുതന്നെ താന്‍ ഉണ്ടാക്കിവെക്കുന്ന ട്രീ എപ്പോഴും അയാള്‍ നശിപ്പിച്ചു കളയുകയാണെന്നും ഇവര്‍ പരാതി പറയുന്നു.
കെട്ട്യോന്റെ കുടിയും വിചിത്രമായ പെരുമാറ്റവും കാരണം വെയില്‍സിലെ ബാരി ദ്വീപില്‍ നടന്ന തങ്ങളുടെ ഹണിമൂണ്‍ ട്രിപ്പ് കുളമായി എന്നും ഓക്‌സ്ഫഡ്‌ഷെയര്‍ സ്വദേശിയായ ഗായിക അഭിമുഖത്തില്‍ പറയുന്നുണ്ട്. മധുവിധു രാത്രിയില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നും താന്‍ ഐസ്‌ക്രീം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തന്നെ കാല്‍പ്പനികമായ വിധത്തില്‍ നിലത്തു വീഴ്ത്തിയെന്നും ഗായിക പറയുന്നു.
ഏതായാലും ബ്രിട്ടീഷ് ഗായികയുടെ ഏറെ വിചിത്രമായ ഈ കഥകളൊന്നും ആരും വിശ്വാസത്തില്‍ എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇവരെ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയുമാണ് ആളുകള്‍.