
സ്വന്തം ശരീരപ്രായം 45 ൽ നിന്ന് 18 ലേക്ക് കുറയ്ക്കുന്നതിനുള്ള അമേരിക്കൻ കോടീശ്വരൻ ബ്രയാൻ ജോൺസന്റെ ശ്രമങ്ങൾ അവസാനിക്കാതെ തുടരുന്നു. മുൻപും നിരവധി തവണ പ്രായം കുറയ്ക്കാനായി ബ്രയാൻ ജോൺസൺ നടത്തിയ വിചിത്രമായ പരീക്ഷണങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇദ്ദേഹം പ്രായം കുറയ്ക്കാൻ ഒരു ദിവസം കഴിയ്ക്കുന്നത് 110 ഗുളികകൾ ആണ്. 45 കാരനിൽ നിന്ന് 18 കാരനിലേക്ക് എത്താനുള്ള തന്റെ സ്വപ്നത്തിനായി അദ്ദേഹം ഒരു വർഷം ചെലവഴിയ്ക്കുന്നത് 16.5 കോടിയിലധികമാണ്.
വിദഗ്ദരായ ഒരു സംഘം ആളുകളുടെ സൂഷ്മമായ പരിശോധനയിലും നിർദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് ബ്രയാൻ ജോൺസൺ തന്റെ ദിനചര്യകൾ പോലും ക്രമീകരിച്ചിരിക്കുന്നത്. ബ്ലൂംസ്ബെർഗ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റീജനറേറ്റീവ് മെഡിസിൻ ഫിസിഷ്യൻ ഒലിവർ സോൾമാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ ജോൺസന്റെ എല്ലാ അവയവങ്ങളിലെയും പ്രായമാകൽ പ്രക്രിയയെ കുറയ്ക്കാൻ നിരന്തരമായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. ഈ സംഘത്തിൽ 30 ഡോക്ടർമാർ, ഡയറ്റീഷ്യൻസ്, ഫിസിക്കൽ ട്രെയിനേഴ്സ് എന്നു തുടങ്ങി പ്രത്യേക പാചകക്കാർ വരെയുണ്ട്.
പുലർച്ചേയുള്ള 30-മിനിറ്റ് വർക്ക്ഔട്ട് സെഷനിൽ നിന്നാണ് ബ്രയാന്റെ ദിവസം ആരംഭിക്കുന്നത്. കൃത്യമായ കലോറി ഭക്ഷണം മാത്രമാണ് അദ്ദേഹം ഒരു ദിവസം കഴിയ്ക്കുക. രാവിലെ 11 മണിയോടെ ഒരു ദിവസത്തെ അവസാന ഭക്ഷണം അതായത് അത്താഴവും ഇദ്ദേഹം കഴിച്ചു കഴിയും. പിന്നീട് രാത്രി ഉറങ്ങുംവരെ വെള്ളം മാത്രമാണത്രേ ഇദ്ദേഹം കുടിയ്ക്കുക.
ഇപ്പോൾ തനിക്ക് 18 കാരന്റേതിന് സമാനമായ ശ്വസകോശവും 37 വയസ്സുകാരന്റെതിന് സമാനമായ ഹൃദയവുമാണെന്നാണ് ബ്രയാൻ ജോൺസൺ തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും വെളിപ്പെടുത്തുന്നത്.