ഹെലികോപ്റ്ററുകളും ഡ്രോണുകളുമായി രണ്ടു മാസത്തെ  തെരച്ചില്‍, ഒടുവില്‍ കാളയെ കണ്ടെത്തി

By Web TeamFirst Published Sep 24, 2021, 5:41 PM IST
Highlights

ഹെലികോപ്റ്ററുകളും  ഡ്രോണുകളുമടക്കം ഉപയോഗിച്ച് നടത്തിയ രണ്ടു മാസം നീണ്ട തിരച്ചിലിനൊടുവില്‍ ബേണി എന്ന കാളയെ കണ്ടെത്തി. അമേരിക്കയിലെ ലോംഗ് ഐലന്റില്‍ രണ്ട് മാസമായി കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു കാളയുടെ തിരോധാനം

ഹെലികോപ്റ്ററുകളും  ഡ്രോണുകളുമടക്കം ഉപയോഗിച്ച് നടത്തിയ രണ്ടു മാസം നീണ്ട തിരച്ചിലിനൊടുവില്‍ ബേണി എന്ന കാളയെ കണ്ടെത്തി. അമേരിക്കയിലെ ലോംഗ് ഐലന്റില്‍ രണ്ട് മാസമായി കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു കാളയുടെ തിരോധാനം. പൊലീസും മൃഗസ്‌നേഹികളുടെ സംഘടനകളും രക്ഷാപ്രവര്‍ത്തകരും നാടടച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രിയോടെ കാളയെ കണ്ടെത്തിയത്. ഇതിനെ ന്യൂജഴ്‌സിയിലുള്ള സ്‌കൈ ലാന്റ്‌സ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 

ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള മൃഗബലിക്കിടെയാണ് ബേണി എന്നു പേരുള്ള കാളക്കൂറ്റന്‍ ഇറങ്ങിയോടിയത്.  ഇതിനെ കണ്ടെത്താന്‍ അന്നു മുതല്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. പല സ്ഥലങ്ങളിലും ഇതിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.  ഇത് തിരക്കേറിയ സണ്‍റൈസ് ഹൈവേയിലേക്ക് ഇറങ്ങിയോടുമെന്ന ഭയത്താല്‍ ദേശീയ പാത അടച്ചിട്ട സംഭവവുമുണ്ടായി. കുറ്റിക്കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും ഇതിനെ കണ്ടതായി പലരും പൊലീസിനെ അറിയിച്ചിരുന്നു. 

തുടര്‍ന്ന് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പൊലീസും തെരച്ചിലില്‍ പങ്കാളികളായി. എന്നാല്‍, ഇതിനെ കണ്ടെത്താനായില്ല. ഇതിനെ ആകര്‍ഷിക്കാനായി ഇണകളെയും ഉപയോഗിച്ചു. എന്നിട്ടും കണ്ടെത്താനായില്ല. പല സംഘങ്ങളായി ഇതിനു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. അതിനിടെയാണ്, ഇന്നലെ, ഒരു താറാവ് ഫാമിനടുത്തുവെച്ച് കാളക്കൂറ്റനെ കണ്ടെത്തി. 

കാളക്കൂറ്റനെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  ഒരു ട്രക്കിനു പുറകില്‍ വൈക്കോല്‍ വിതറി അതിനു നടുവില്‍ കാള നില്‍ക്കുന്ന ചിത്രങ്ങളാണ് സ്‌കൈലാന്റ് മൃഗ സംരക്ഷണ കേന്ദ്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളിലുള്ളത്. 

click me!