അതെ, എനിക്ക് കോങ്കണ്ണും, വളഞ്ഞ കഴുത്തുമാണ്, അതാണ് എന്റെ പ്രത്യേകത; രാധിക പറയുന്നു

Published : Jun 07, 2022, 01:07 PM ISTUpdated : Jun 07, 2022, 01:09 PM IST
അതെ, എനിക്ക് കോങ്കണ്ണും, വളഞ്ഞ കഴുത്തുമാണ്, അതാണ് എന്റെ പ്രത്യേകത; രാധിക പറയുന്നു

Synopsis

ഇതിനിടയിലും അവൾ അവളുടെ പഠനം പൂർത്തിയാക്കി. കോളേജ് കഴിഞ്ഞപ്പോൾ, അവൾ അല്പമൊന്ന് ആശ്വസിച്ചു. സ്വന്തമായി ഒരു ജോലി നേടിയാൽ പിന്നെ തന്നെ ആരും അപമാനിക്കില്ലെന്ന് അവൾ കരുതി. എന്നാൽ അവിടെയും അവൾ നിരാശയായി. കഴിവുണ്ടായിട്ടും ജോലികളിൽ നിന്നും അവൾ പിന്തള്ളപ്പെട്ടു. ഒടുവിൽ ഏഴാമത്തെ ജോലിയും നിരസിക്കപ്പെട്ടപ്പോൾ ജീവിതം അവസാനിക്കാൻ പോലും അവൾ ചിന്തിച്ചു.

ഉച്ചാരണത്തിന്റെ പേരിലും, വളഞ്ഞ കഴുത്തിന്റെ പേരിലും സ്‌കൂളിൽ നിരന്തരം അപമാനിക്കപ്പെട്ട, കളിയാക്കലുകൾ നേരിടേണ്ടി വന്ന, രാധിക ഗുപ്ത (Radhika Gupta) ഇപ്പോൾ തന്റെ 33 -ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളാണ്. തിരവധി തിരസ്കാരങ്ങളും, അവഗണനയും അനുഭവിച്ചിട്ടും രാധികയുടെ ആത്മവീര്യം ചോർന്ന് പോയില്ല. ഹ്യൂമൻസ് ഓഫ് ബോംബെ(Humans of Bombay)യിൽ അവർ തന്റെ പ്രചോദനാത്മകമായ കഥ അടുത്തിടെ പങ്കിട്ടിരുന്നു.

"എന്റെ കഴുത്ത് ജന്മനാൽ വളഞ്ഞിട്ടാണ്. എന്നാൽ, അതുകൊണ്ട് മാത്രമല്ല ആളുകൾ എന്നെ ഒറ്റപ്പെടുത്തിയത്. ഞാൻ എപ്പോഴും സ്കൂളിലെ പുതിയ കുട്ടിയായിരുന്നു, അച്ഛൻ ഒരു നയതന്ത്രജ്ഞനായിരുന്നു. പാകിസ്ഥാൻ, ന്യൂയോർക്ക്, ദില്ലി എന്നിവിടങ്ങളിൽ ഞങ്ങൾ മാറിമാറി താമസിച്ചിട്ടുണ്ട്. അവിടെയെല്ലാം എന്റെ ഭാഷ വിലയിരുത്തപ്പെട്ടു. അതിന്റെ പേരിൽ എന്നെ നിരന്തരം കളിയാക്കി" ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബു‍ക്ക് പേജിൽ അവൾ എഴുതി. ‌അത് മാത്രവുമല്ല സഹപാഠികൾ അവളെ പലപ്പോഴും അവളുടെ അമ്മയുമായി താരതമ്യപ്പെടുത്തുമായിരുന്നു. അവൾ പഠിക്കുന്ന സ്കൂളിൽ തന്നെയായിരുന്നു അമ്മയുടെ ജോലി. "അമ്മ വളരെ ശക്തയായിരുന്നു, പ്രൗഢയും. അമ്മയെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ എത്ര വിരൂപിയാണ് എന്ന് ആളുകൾ എന്നോട് പറയുമായിരുന്നു. ഇത് എന്റെ ആത്മവിശ്വാസം തകർത്തു" അവൾ പറഞ്ഞു. താൻ മൂലം അമ്മയ്ക്ക് അപമാനം നേരിടുന്നത് അവളെ കൂടുതൽ വിഷമിപ്പിച്ചു.  

എന്നാൽ, ഇതിനിടയിലും അവൾ അവളുടെ പഠനം പൂർത്തിയാക്കി. കോളേജ് കഴിഞ്ഞപ്പോൾ, അവൾ അല്പമൊന്ന് ആശ്വസിച്ചു. സ്വന്തമായി ഒരു ജോലി നേടിയാൽ പിന്നെ തന്നെ ആരും അപമാനിക്കില്ലെന്ന് അവൾ കരുതി. എന്നാൽ അവിടെയും അവൾ നിരാശയായി. കഴിവുണ്ടായിട്ടും ജോലികളിൽ നിന്നും അവൾ പിന്തള്ളപ്പെട്ടു. ഒടുവിൽ ഏഴാമത്തെ ജോലിയും നിരസിക്കപ്പെട്ടപ്പോൾ ജീവിതം അവസാനിക്കാൻ പോലും അവൾ ചിന്തിച്ചു. അന്ന് അവൾക്ക് പ്രായം 22. മുറിയിലെ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് ചാടാൻ തന്നെ അവൾ തീരുമാനിച്ചു. എന്നാൽ, എന്തോ പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി, ഒരു സുഹൃത്തിനെ വിളിച്ചു. അവൾ രാധികയെ ഒരു ഡോക്ടറുടെ സമീപമെത്തിച്ചു. അവൾക്ക് വിഷാദരോഗമാണെന്ന് കണ്ടെത്തി. തനിക്ക് ഒരു അഭിമുഖമുണ്ടെന്നും അത് തന്റെ അവസാനത്തെ പ്രതീക്ഷയാണെന്നും പറഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് അവൾ പുറത്തിറങ്ങിയത്. എന്നാൽ, ആ ജോലി അവൾക്ക് ലഭിച്ചു. പിന്നീട് ഒരു മൂന്ന് വർഷക്കാലം അവിടെ തുടർന്നു.  

അതിന് ശേഷം, അവർ ഭർത്താവിനും, ഒരു സുഹൃത്തിനുമൊപ്പം ഒരു കമ്പനി ആരംഭിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, കമ്പനി എഡൽവെയ്സ് എംഎഫ് ഏറ്റെടുത്തു. സ്യൂട്ടുകൾ നിറഞ്ഞ മുറിയിൽ ഞാൻ മാത്രമാണ് ഒരു സാരിയെന്നായിരുന്നു അവളുടെ ജോലിയെ കുറിച്ച് അവൾ പറഞ്ഞത്. കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് തന്റെ ഭർത്താവാണെന്നും അവൾ പറഞ്ഞു. അദ്ദേഹം നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് തന്നെ സിഇഒ ആയി പരിഗണിക്കണമെന്ന് ബോസിനോട് അവൾ പറഞ്ഞു. ജോലിയിലെ പരിചയക്കുറവ് തന്റെ അഭിനിവേശത്തിലൂടെ നികത്തുമെന്നും അവൾ വാക്ക് നൽകി. അങ്ങനെ എഡൽവെയ്‌സ് എംഎഫിന്റെ സിഇഒയായി രാധിക. കുറച്ച് മാസങ്ങൾക്ക് ശേഷം, അവൾ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായി തീർന്നു. ഇപ്പോൾ, അവളുടെ രൂപത്തെക്കുറിച്ച് കമന്റുകൾ പാസ്സാകുന്നവർക്ക് അവളുടെ കൈയിൽ ചുട്ട മറുപടിയുണ്ട്: 'അതെ, എനിക്ക് കോങ്കണ്ണും, വളഞ്ഞ കഴുത്തുമുണ്ട്. അതാണ് എന്റെ പ്രത്യേകത.'
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?