മന്ത്രവാദം ഫലിച്ചില്ല, 18 ലക്ഷം നഷ്ടപരിഹാരം തേടി അമേരിക്കക്കാരന്‍ കോടതിയില്‍

By Web TeamFirst Published Oct 6, 2021, 7:09 PM IST
Highlights

കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് ഇപ്പോള്‍ കോടതിയില്‍. 

കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് ഇപ്പോള്‍ കോടതിയില്‍. കാലിഫോര്‍ണിയക്കാരനായ മൗറോ റെസ്‌ട്രെപോയാണ് മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച് കാലിഫോര്‍ണിയ കോടതിയില്‍ എത്തിയത്. കാമുകിയുടെ ശാപം അതേ പടി നിലനില്‍ക്കുന്നതിനാല്‍, മന്ത്രവാദി 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം. 

പ്രശ്‌നത്തിന്റെ തുടക്കം ഒരു പ്രേമത്തിലാണ്. മൗറോയും കാമുകിയും അടിച്ചുപിരിഞ്ഞു. അതിനു ശേഷം, തനിക്ക് അസാധാരണമായ ചില മാറ്റങ്ങള്‍ സംഭവിച്ചതായി മൗറോ കണ്ടെത്തി. ഉറക്കമില്ലാതായി, സദാ ക്ഷീണം, പേടി സ്വപ്‌നങ്ങള്‍, ഉല്‍ക്കണ്ഠ എന്നിവ അയാളെ പിടികൂടി. എന്നാല്‍ ഒരു കല്യാണം കഴിച്ചു കളയാമെന്ന് മൗറോ തീരുമാനിച്ചു. അതിനു മുമ്പായി, തനിക്കും വിവാഹ ജീവിതത്തിനും ഒരു കുഴപ്പവും വരാതിരിക്കാനുള്ള മന്ത്രവാദം ചെയ്യാനും അയാള്‍ തീരുമാനിച്ചു. 

അങ്ങനെ എല്ലാവെരയും പോലെ താന്‍ ഗൂഗിളില്‍ തിരഞ്ഞതായി കോടതിയില്‍ നല്‍കിയ പരാതിയില്‍ അയാള്‍ പറയുന്നു. ''സോഫിയ ആഡംസ് എന്ന സ്ത്രീയെ ഞാന്‍ ഗൂഗിളിലൂടെ കണ്ടെത്തി. സൈക്കിക് ലവ് സ്‌പെഷ്യലിസ്റ്റ് എന്നായിരുന്നു സോഫിയ സ്വയം വിശേഷിപ്പിച്ചത്. പി എച്് ഡി ലൈഫ് കോച്ച് എന്നായിരുന്നു മറ്റൊരു വിശേഷണം. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രൊഫഷനല്‍ മികവ് അവര്‍ക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ സോഫിയയുമായി കൂടിക്കാഴ്ച നടത്തി.'' പരാതിയില്‍ പറയുന്നു. 

പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സോഫിയ തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിച്ചു. പ്രശ്‌നകാരണം ശാപമാണെന്ന് അവര്‍ മൗറോയോട് പറഞ്ഞു. ശാപത്തിനു പിന്നില്‍ മൗറോയുടെ പഴയ കാമുകിയാണ്. അവര്‍ മൗറോയ്‌ക്കെതിരെ ഒരു ദുര്‍മത്രവാദിയെ സമീപിച്ചിട്ടുണ്ട്. ആ ദുര്‍മന്ത്രവാദി ചില കര്‍മ്മങ്ങള്‍ ഒക്കെ ചെയ്തു. അതു പ്രകാരമുള്ള ശാപം അനുഭവിക്കുകയാണ് ഇപ്പോള്‍ മൗറോ. വിവാഹം കഴിച്ചാലും ഈ ശാപം മൗറോയെയും ഭാര്യയെയും കുട്ടികളെയും പിന്തുടരും. ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്താലേ ഈ ദുര്‍മന്ത്രവാദത്തില്‍നിന്നും രക്ഷപ്പെടാനാവൂ. അതിന് തനിക്ക് 5,100 ഡോളര്‍ (3.8 ലക്ഷം രൂപ )പ്രതിഫലം തരേണ്ടി വരും. 

മൗറോ സമ്മതിച്ചു. ശാപത്തില്‍നിന്നും രക്ഷപ്പെടാന്‍ താന്‍ എന്തിനും തയ്യാറായിരുന്നുവെന്ന് അയാള്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ''അങ്ങനെ ഞാന്‍ സോഫിയയ്ക്ക് 1000 ഡോളര്‍ (74000 രൂപ) നല്‍കി. എന്നാല്‍, അവര്‍ ഒന്നും ചെയ്തതേ ഇല്ല. എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോഴും ഉറക്കമില്ല. അസ്വസ്ഥതകളുണ്ട്. ഉല്‍ക്കണ്ഠകളുണ്ട്. അതിനാല്‍, മന്ത്രവാദിനിക്കെതിരെ നടപടി എടുക്കണം.''

മന്തവാദം ഫലിച്ചില്ല എന്നതു മാത്രമല്ല, വിശ്വാസ വഞ്ചന നടത്തി, തട്ടിപ്പ് നടത്തി തുടങ്ങി മറ്റ് കുറ്റങ്ങളും മൗറോയുടെ പരാതിയിലുണ്ട്.  മന്ത്രവാദിനിയുടെ ഭര്‍ത്താവും കുട്ടികളും കൂടി ഇതില്‍ കണ്ണികളാണെന്നും അയാള്‍ പറയുന്നുണ്ട്. 

എന്തായാലും, മന്ത്രവാദം ഫലിക്കാത്തതിനുള്ള ഈ പരാതി അമേരിക്കയില്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. 

click me!