സർക്കസിൽ നിന്നും ഒളിച്ചോടി, തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് ഒട്ടകങ്ങളും ല്ലാമകളും

By Web TeamFirst Published Nov 6, 2021, 10:19 AM IST
Highlights

ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ അവയെ കണ്ടെത്തി, അതിനാൽ അവയെ  സുരക്ഷിതരായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് പൊലീസ് പറയുന്നു.

മാഡ്രിഡ്(Madrid) ന​ഗരവാസികൾ ഒരു ദിവസം പുലർച്ചെ നോക്കുമ്പോൾ കണ്ട കാഴ്ച തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കുറച്ച് ഒട്ടകങ്ങളും(Camels) ല്ലാമ(llama)യും ആണ്. സർക്കസിൽ നിന്ന് രക്ഷപ്പെട്ട എട്ട് ഒട്ടകങ്ങളും ഒരു ല്ലാമയുമാണ് വെള്ളിയാഴ്ച പുലർച്ചെ മാഡ്രിഡിലെ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്നത്. 

എന്നാൽ, മൃഗാവകാശ പ്രവർത്തകരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനെല്ലാം കാരണം എന്നാണ് സർക്കസിന്റെ ഉടമകളായ ക്വിറോസ് സർക്കസ് കുറ്റപ്പെടുത്തുന്നത്. സർക്കസ് സ്ഥാപനം സ്ഥിതി ചെയ്യുന്ന തെക്കൻ ജില്ലയായ കാരബ്രാഞ്ചലിൽ പ്രാദേശിക സമയം ഏകദേശം 05:00 ന് (04:00 GMT) അവയെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ അവയെ കണ്ടെത്തി, അതിനാൽ അവയെ  സുരക്ഷിതരായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് പൊലീസ് പറയുന്നു. മൃഗങ്ങളെ താമസിപ്പിച്ചതിന് ചുറ്റുമുള്ള വൈദ്യുത വേലി മുറിച്ചിട്ടുണ്ടെന്ന് സർക്കസ് മാനേജർ മതി മുനോസ് എഎഫ്‌പിയോട് പറഞ്ഞു. എല്ലാ വര്‍ഷവും മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സര്‍ക്കസിനെതിരെ പോരാടുന്ന മൃഗാവകാശ പ്രവര്‍ത്തകരാണ് ഇതിനെല്ലാം കാരണമെന്ന് സര്‍ക്കസ് മാനേജര്‍ ആരോപിച്ചു. ല്ലാമയെയും ബാക്ട്രിയൻ ഒട്ടകങ്ങളെയും കണ്ടെത്തിയതിൽ തനിക്ക് ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒന്നും സംഭവിച്ചില്ല ദൈവത്തിന് നന്ദി' എന്നാണ് അദ്ദേഹം പറഞ്ഞത്. 

ബാക്ട്രിയൻ ഒട്ടകങ്ങൾ യഥാർത്ഥത്തിൽ മധ്യ, കിഴക്കൻ ഏഷ്യയിലെ മരുഭൂമികളിൽ നിന്നാണ് വന്നത്, അവയ്ക്ക് ഏത് അവസ്ഥയെയും അതിജീവിക്കാൻ കഴിയും. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും ഇന്ന് വീടുകളിലാണ് വളര്‍ത്തപ്പെടുന്നത്. 

click me!