കാടിന് നടുവിൽ കൂടാരത്തിൽ താമസം, കക്കൂസിന് പകരം ബക്കറ്റ്, കമ്പുകൾ കൂട്ടിക്കെട്ടി കട്ടിൽ, യുവതിയുടെ ജീവിതം

By Web TeamFirst Published Nov 3, 2021, 2:08 PM IST
Highlights

തന്റെ കിടക്ക ആർവി മെത്തകൾ കൊണ്ടാണ് നിർമ്മിച്ചതെന്നും, ചില്ലകളും കൊമ്പുകളും ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിച്ചതെന്നും അവർ പറഞ്ഞു. കൂടാരത്തിനുള്ളിൽ ഒരു കണ്ണാടി, ഒരു മേശ, ഒരു കസേര എന്നിവയുമുണ്ട്. 

നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് മാറി കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ട് തന്നെയാണ് പലരും ആളും ബഹളവുമില്ലാത്തിടത്ത് അവധിക്കാലം ചെലവഴിക്കാൻ താൽപര്യപ്പെടുന്നത്. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം കൂടുതൽ ഊർജസ്വലതയോടെ നമ്മൾ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാൽ, നഗരജീവിതത്തോടെ പൂർണമായും വിട പറഞ്ഞ ഒരു കനേഡിയൻ വനിത(Canada Woman)യുണ്ട്. അവർ ഇപ്പോൾ ഒരു ഫോറസ്റ്റ് പാർക്കിന് നടുവിൽ ഒരു ചെറിയ കൂടാര(tent)ത്തിലാണ് താമസം. തന്റെ ജീവിതം ഇപ്പോഴാണ് ഏറ്റവും മികച്ചതായെന്നാണ് അവർ പറയുന്നത്.

മനുഷ്യനേക്കാൾ പക്ഷികളോട് കൂട്ടുകൂടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ആ കനേഡിയൻ ടിക് ടോക്കർ വെളിപ്പെടുത്തി. തന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ, കമ്പുകൾ കൂട്ടിക്കെട്ടിയ കട്ടിലിലാണ് താൻ ഉറങ്ങുന്നതെന്നും ടോയ്‌ലറ്റായി ഉപയോഗിക്കുന്നത് ഒരു കമ്പോസ്റ്റ് ബക്കറ്റാണെന്നും യുവതി പറഞ്ഞു. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ, എമിലി എന്തുകൊണ്ടാണ് നഗരജീവിതത്തോട് ബൈബൈ പറഞ്ഞതെന്ന് വിശദീകരിക്കുന്നു.

“ഞാൻ എന്തിന് ഇങ്ങനെ കാട്ടിലെ ഒരു കൂടാരത്തിൽ താമസിക്കുന്നുവെന്ന് മിക്ക ആളുകളും ചോദിക്കുന്നു. ആളുകളെക്കാൾ പക്ഷികളോടും മരങ്ങളോടും കൂട്ടുകൂടാനാണ് എനിക്ക് ഇഷ്ടം. ചിലർക്ക് എന്നോട് സഹതാപമുണ്ടെന്ന് എനിക്കറിയാം. മറ്റുള്ളവർ എനിക്ക് ഭ്രാന്താണെന്ന് കരുതുന്നു” അവർ പറഞ്ഞു. അവളുടെ ഈ വീഡിയോ 1.5 ദശലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. മറ്റൊരു വീഡിയോയിൽ, എമിലി തന്റെ കൂടാരത്തിൽ ഒരു ടൂർ നടത്തുന്നു. തന്റെ കൂടാരം 16×16 അടിയാണെന്നും അത് ഫേസ്ബുക്ക് മാർക്കറ്റിൽ നിന്ന് സെക്കൻഡ് ഹാൻഡ് വിലയ്ക്ക് വാങ്ങിയതാണെന്നും അവൾ വീഡിയോയിൽ പറഞ്ഞു.  

തന്റെ കിടക്ക ആർവി മെത്തകൾ കൊണ്ടാണ് നിർമ്മിച്ചതെന്നും, ചില്ലകളും കൊമ്പുകളും ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിച്ചതെന്നും അവർ പറഞ്ഞു. കൂടാരത്തിനുള്ളിൽ ഒരു കണ്ണാടി, ഒരു മേശ, ഒരു കസേര എന്നിവയുമുണ്ട്. താനും കാമുകനും പ്രധാനമായും ഉറങ്ങാനാണ് കൂടാരം ഉപയോഗിക്കുന്നതെന്ന് എമിലി പറഞ്ഞു. കുളിക്കാനായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഷവർബാഗും ടെന്റിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഒരു തയ്യൽ മെഷീനുമുണ്ട്. അതുപയോഗിച്ച് പൗച്ചുകൾ ഉണ്ടാക്കി എമിലി വിൽക്കുന്നു. എമിലിയുടെ ജീവിതശൈലി കണ്ട് പലരും അത്ഭുതപ്പെടുന്നു. അഞ്ച് ഏക്കർ ഭൂമിയിലാണ് അവർ കഴിയുന്നത്. വനത്തിന്റെ ഉടമകൾക്ക് വാടകയായി പ്രതിമാസം 327 പൗണ്ട് ദമ്പതികൾ നൽകുന്നു.

പലർക്കും എമിലിയുടെ ജീവിതരീതിയോട് ഭയമാണ്. തങ്ങൾക്ക് കീടങ്ങളെയും, കരടികളേയും നേരിടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ചിലന്തികൾ വരാതിരിക്കാൻ കൂടാരത്തിന് ചുറ്റും പെപ്പർമിന്റ് തളിക്കാൻ ചിലർ എമിലിയെ ഉപദേശിച്ചു. കരടികൾ വരാതിരിക്കാൻ രാത്രിയിൽ ഭക്ഷണം അടച്ച് വെക്കാറുണ്ടെന്നും എമിലി കാഴ്ചക്കാർക്ക് ഉറപ്പുനൽകി.

click me!