
മനുഷ്യർ മരിക്കുമ്പോൾ ശ്മശാനങ്ങളിൽ അടക്കം ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, ചൈനയിൽ ഒരു ശ്മശാനമുണ്ട്, അത് മനുഷ്യർക്ക് വേണ്ടിയുള്ളതല്ല മറിച്ച് വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 'കാർ ശ്മശാനം' എന്ന് വിളിക്കപ്പെടുന്ന ഒരു വിചിത്രമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട് കൂട്ടിയിട്ടിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കാറുകളാണ്. ചൈനയിലെ ഹാങ്‌ഷൗ സിറ്റിയിൽ ആണ് റോഡ് ഉപയോഗത്തിന് യോഗ്യമല്ലാത്ത വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഈ സ്ഥലം.
ആയുധം കൈവശമുള്ളവർക്ക് ഭക്ഷണമില്ലെന്ന് കാലിഫോർണിയയിലെ അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റ് !
2019 -ൽ ചൈനയുടെ റോഡുകളിൽ 260 ദശലക്ഷം വാഹനങ്ങൾ ഓടുന്നുണ്ടായിരുന്നു. ഇവയിൽ, ഏകദേശം 1.9 ദശലക്ഷം വാഹനങ്ങൾ പരിശോധനയിൽ ദേശീയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും കാലഹരണപ്പെട്ടതായി കണക്കാക്കുകയും ചെയ്തായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. അതോടെ 2019 -ല്‍ ചൈന ഈ വാഹനങ്ങളെ മരിച്ച വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുകയും കൂട്ടത്തോടെ ഉപേക്ഷിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. മലിനീകരണത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനങ്ങളെ ഡി കമ്മിഷൻ ചെയ്ത് കാർ ഗ്രേവിയാഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി ചൈന ആരംഭിച്ചത്. ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് വാഹനങ്ങളുടെ ഈ ശവപ്പറമ്പിൽ അനാഥമായി കൂട്ടിയിട്ടിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ഏറെയും റൈഡ്-ഹെയ്ലിംഗ് കമ്പനികളുടെ കാറുകളാണ്.
ചൈനയുടെ അതിവേഗം മുന്നേറുന്ന സമ്പദ്‌വ്യവസ്ഥ ഇവിടുത്തെ ജനങ്ങളെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സ്വന്തമായി വീടുകൾ മാത്രമല്ല, വാഹനങ്ങൾ വാങ്ങുന്നതിലും വ്യക്തികൾ പ്രത്യേക താത്പര്യം കാണിക്കുന്നു. എന്നാൽ, ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ഇന്ന് ചൈന നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. മലിനീകരണ പ്രശ്നത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വാഹനങ്ങൾ നിരത്തിൽ ഓടിക്കുന്നതിന് ചൈനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ 2019-ൽ മാത്രം ചൈനീസ് സർക്കാർ പിൻവലിച്ചത് 1,00,000 വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക