
ഷോപ്പിംഗ് ബാഗിനെ (carrier bag) ഒരു സിംഹ(lion)മായി തെറ്റിദ്ധരിച്ച് ഒരു ഗ്രാമം മുഴുവൻ ഭയന്ന് വിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ. ഒരാൾക്ക് സംഭവിച്ച ചെറിയ പിഴവ് മൂലം കെനിയ(Kenya)യിലെ ഒരു ഗ്രാമം പുലിവാല് പിടിച്ചു. വനം വകുപ്പും, ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി തിരച്ചിൽ നടത്തി. ഒടുവിലാണ് സിംഹമല്ല മറിച്ച് സിംഹത്തിന്റെ പടമൊട്ടിച്ച വെറുമൊരു ഷോപ്പിംഗ് ബാഗ് ആണ് അതെന്ന് വ്യക്തമായത്. എന്നാൽ, കിൻയാന ഗ്രാമ(Kinyana village)ത്തെ നിശ്ചലമാക്കാൻ അത് മതിയായിരുന്നു.
കിയാൻഗ്വയിലെ മൗണ്ട് കെനിയ നാഷണൽ പാർക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കിൻയാന ഗ്രാമം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഒരു കർഷക തൊഴിലാളി തന്റെ വീടിന് സമീപമുള്ള വേലിയിൽ സിംഹം ഇരിക്കുന്നതായി ധരിച്ച് ആളുകളെ വിളിച്ച് വരുത്തി. വാർത്ത ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തിയും ഭയവും സൃഷ്ടിച്ചു. ആരും സിംഹത്തിന്റെ അടുത്ത് പോകാൻ ധൈര്യപ്പെട്ടില്ല. സിംഹം ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന ധാരണയിൽ ഗ്രാമം മുഴുവൻ പരിഭ്രാന്തിയിലായി.
ഒടുവിൽ സായുധരായ മൂന്ന് കെനിയൻ വന്യജീവി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി, ശ്രദ്ധയോടെ പരിശോധിച്ചപ്പോഴാണ് സിംഹമല്ല, അത് വെറും കവറാണ് എന്ന് എല്ലാവരും അറിയുന്നത്. അവോക്കാഡോ തൈകൾ അടങ്ങിയ ഒരു പേപ്പർ ബാഗായിരുന്നു അത്. അങ്ങനെ ഭയം പെട്ടെന്നുതന്നെ അമ്പരപ്പിലേക്ക് വഴിമാറി. സിംഹത്തിന്റെ തലയുടെ ചിത്രം കണ്ടാൽ ജീവനുള്ള ഒരു സിംഹത്തെ പോലെ തോന്നിക്കും എന്നത് വാസ്തവമാണ്. സമീപത്തുള്ള ഒരു വീട്ടുടമസ്ഥയാണ് അവോക്കാഡോ തൈകൾ ഉണങ്ങാതിരിക്കാനായി ഒരു ബാഗിൽ ഇട്ട് വേലിയിൽ കൊരുത്ത് വച്ചത്. ഇത് കണ്ടാണ് ആളുകൾ ഭയന്നത്.
എന്നാൽ ഈ ബഹളമെല്ലാം നടക്കുമ്പോൾ വീട്ടുടമ മറ്റൊരിടത്തായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോൾ, സിംഹത്തെക്കുറിച്ച് അവരോട് ആളുകൾ മുന്നറിയിപ്പ് നൽകുകയും, വീടിന്റെ പുറക് വശം വഴി വീടിനകത്തേക്ക് പ്രവേശിക്കാൻ ഉപദേശിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴും തന്റെ തൈകൾ അടങ്ങിയ ബാഗാണ് പ്രശ്‌നമുണ്ടാകുന്നത് എന്നവർ തിരിച്ചറിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ അടുത്തുള്ള ഒരു വീടിന്റെ മേൽക്കൂരയിൽ കയറി നിന്ന് നോക്കിയപ്പോഴാണ് ഇത് വന്യമൃഗമല്ലെന്ന് മനസ്സിലാക്കുന്നത്. പ്രദേശവാസികൾക്ക് ഇതോടെ ആശ്വാസമായി. തെറ്റായ വിവരം ആയിരുന്നിട്ടും, ഒരു അപകടം ഒഴിവാക്കാൻ കാണിച്ച ജനങ്ങളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നതായി കെനിയ വൈൽഡ് ലൈഫ് സർവീസ് പറഞ്ഞു.
“ഞാൻ അവിടെ ചെന്നപ്പോൾ അത് ജീവനുള്ള സിംഹമാണെന്ന് ഞാനും വിശ്വസിച്ചു. ഞങ്ങൾ അകലം പാലിച്ചു. ഭയം കാരണം ഇത് വെറുമൊരു ചിത്രമാണെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അയൽരാജ്യമായ ഇഗോജി ഈസ്റ്റിൽ നിരവധി ആടുകളെ കൊന്നൊടുക്കുന്ന ഒരു വന്യമൃഗം ഉണ്ട് എന്നത് ഞങ്ങളുടെ ഭയത്തെ കൂട്ടി” പ്രദേശവാസി ബസ്തി മിവാൻഡികി പറഞ്ഞു.