
ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകുമ്പോൾ ആകെ മടുത്ത് പോകാറുണ്ടോ? ബാഗുകളെല്ലാം കൂടി പിടിച്ച് കൈ കുഴയാറുണ്ടോ? അപ്പോൾ ഇതൊക്കെ പിടിച്ച് കൂടെ നടക്കാൻ ഒരു അസിസ്റ്റന്റിനെ കിട്ടിയാൽ നല്ലതാവും അല്ലേ? അത്തരത്തിലുള്ളൊരു സർവീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. അതേ, ഡെൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് 'ഷോപ്പിംഗ് അസിസ്റ്റൻസ് സർവീസ്' എന്ന ന്യൂജെൻ ബിസിനസ് തുടങ്ങി ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ഷോപ്പിംഗ് ബാഗുകൾ പിടിക്കുക, ക്യൂവിൽ നിൽക്കുക പോലുള്ള ജോലികൾ ചെയ്യാൻ 30 മിനിറ്റ് വരെ സമയത്തേക്കാണ് നമുക്ക് ഒരു അസിസ്റ്റന്റിനെ ബുക്ക് ചെയ്യാൻ കഴിയുക. ഈ അസിസ്റ്റന്റിനെ നൽകുന്ന സ്റ്റാർട്ടപ്പാണ് കാരിമെൻ (CarryMen).
കസ്റ്റമേഴ്സിനെ ഷോപ്പിംഗ് ബാഗ് പിടിച്ച് സഹായിക്കുക, തിരക്കേറിയ സ്ഥലങ്ങളിലൂടെ സൗകര്യപ്രദമായി സഞ്ചരിക്കാൻ സഹായിക്കുക, ഷോപ്പിംഗിൽ അവർ തളർന്നു പോകാതെ സഹായിക്കുക ഇതൊക്കെയാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് കാരിമെൻ അവരുടെ വെബ്സൈറ്റിൽ തന്നെ പറഞ്ഞിരിക്കുന്നത്. പരിശീലനം ലഭിച്ച അസിസ്റ്റന്റുകളെ നൽകിക്കൊണ്ട് ഷോപ്പിംഗ് കൂടുതൽ കംഫർട്ടബിളായ, സമ്മർദ്ദങ്ങളൊന്നും ഇല്ലാത്ത അനുഭവമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി പറയുന്നു.
30 മിനിറ്റിൽ തുടങ്ങി 4 മണിക്കൂർ വരെ നീളുന്ന സർവീസ് കാരിമെൻ നൽകും. 30 മിനിറ്റിലേക്ക് ഒരു അസിസ്റ്റന്റിനെ ബുക്ക് ചെയ്യുന്നതിന് 149 രൂപയാണ് വരുന്നത്. ഇതിൽ ചിലപ്പോൾ ഡിസ്കൗണ്ട് ഉണ്ടാകും. ഡെൽഹിയിലെ ലജ്‍പത് നഗറിലാണ് നിലവിൽ ഈ സർവീസ് ലഭ്യമാകുന്നത്. കഴിഞ്ഞയാഴ്ച ഇതുപോലെ ഒരു കാരിമെൻ അസിസ്റ്റന്റ് ഷോപ്പിംഗ് ബാഗുമായി കസ്റ്റമറിനൊപ്പം നടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി വന്നത്. ഇത് നല്ലൊരു ബിസിനസ് ഐഡിയയാണ് എന്ന് നിരവധിപ്പേർ കമന്റുകൾ നൽകി. എന്നാൽ, ഈ ന്യൂജെൻ ഐഡിയ പിടിക്കാത്തവരും ഉണ്ട്.