
ഗ്രില്ലിൽ കുടുങ്ങിയ പൂച്ചക്കുട്ടിയുമായി ഒരു ടാക്സി കാർ സഞ്ചരിച്ചത് 500 മൈൽ. വെയിൽസിലാണ് സംഭവം. എയർപോർട്ടിലും മറ്റ് പല സ്ഥലങ്ങളിലും സഞ്ചരിച്ച് വീട്ടിലെത്തിയ ശേഷമാണ് ക്യാബ് ഡ്രൈവറായ ടോം ഹച്ചിംഗ്‌സ് കുടുങ്ങിക്കിടക്കുന്ന പൂച്ചക്കുട്ടിയെ കണ്ടത്.
ഉടനെ തന്നെ പൂച്ചക്കുട്ടിയെ പരിശോധിക്കുന്നതിന് വേണ്ടി കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് മുന്നെ വീട്ടിൽ നിന്നും കാണാതെയായ പൂച്ചക്കുട്ടിയെയാണ് കാറിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത് എന്ന് പിന്നീട് മനസിലായി. പൂച്ചയുടെ ഉടമകൾ ഇനിയൊരിക്കലും പൂച്ചയെ കാണില്ല എന്ന് കരുതിയിട്ടുണ്ടാവും, അവളെ തിരയുന്നത് അവർ നിർത്തിക്കാണണം എന്ന് ടോം പറയുന്നു.
ടോമിന്റെ കാമുകിയാണ് ആദ്യം ഗ്രില്ലിൽ കുടുങ്ങി കിടക്കുന്ന പൂച്ചയെ കണ്ടത്. അവൾ ഉടനെ തന്നെ ടോമിനോട് കാറിന്റെ ഗ്രിൽ പരിശോധിക്കാൻ പറയുകയായിരുന്നു. ആ സമയത്തൊന്നും അതിലെന്താണുള്ളത് എന്നോ എന്താണ് സംഭവിച്ചത് എന്നോ ഒന്നും തന്നെ ടോമിന് മനസിലായിരുന്നില്ല. വളരെ കുറച്ച് നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളൂ ടോം ഈ വാഹനം ഓടിക്കാൻ തുടങ്ങിയിട്ട്.
എന്തായാലും ഒരു പൂച്ചക്കുട്ടിയെ ടോം ഒട്ടും അതിൽ പ്രതീക്ഷിച്ചിരുന്നില്ല. പൂച്ചയെ കണ്ട ഉടനെ തന്നെ അയാൾ അതിനെ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് എത്തിച്ചു. പിന്നാലെ, പൂച്ചക്കുട്ടിയുടെ പടമെടുത്ത് സോഷ്യൽ മീഡിയയിലും പങ്കുവെച്ചു. ശരിക്കും ഗിസ്‌മോ എന്ന് പേരുള്ള ഈ പൂച്ചക്കുട്ടി മിസ്‌കിനിലെ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് കാണാതായതായിരുന്നു.
ഗിസ്മോയെ ഇനി ഒരിക്കലും ജീവനോടെ കാണാൻ കഴിയില്ല എന്നാണ് കരുതിയിരുന്നത് എന്നാണ് അവളുടെ ഉടമ പറഞ്ഞത്. എന്നാൽ പൂച്ച എവിടെ വച്ച് എങ്ങനെയാവണം ഇതിനകത്ത് കയറിയത്, ഇത്ര ദൂരം എങ്ങനെ അത് അതിജീവിച്ചു എന്നതെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ടോം പറയുന്നത്.