
സിനിമാക്കഥകളേക്കാൾ അവിശ്വസനീയമാകാം ചിലപ്പോഴൊക്കെ ജീവിതകഥകൾ. അത്തരമൊരു കഥയാണ് സെഫാനി നഴ്സ് എന്ന യുവതിയുടേത്. വർഷങ്ങൾക്ക് മുമ്പ്, ഒരു രാത്രി. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള സെഫാനിയെ ഉറങ്ങി കിടക്കുന്ന അവളുടെ അമ്മയുടെ അരികിൽ നിന്ന് തട്ടിയെടുത്തു. ആശുപത്രിയിൽ ഒരു നഴ്സിന്റെ വേഷം ധരിച്ച ഒരു സ്ത്രീയായിരുന്നു അവളെ തട്ടിയെടുത്തത്. അവരുടെ പേര് ലവോണ സോളമൻ. അവൾ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞാണ് അവിടെ എത്തിയത്. അവളുടെ ഗർഭം എന്നാൽ അലസി പോയിരുന്നു. ഇത് ഭർത്താവിനോട് പറയാൻ ഭയന്ന അവൾ സെഫാനിയെയും കൊണ്ട് അവളുടെ വീട്ടിൽ എത്തി.
ലവോണയുടെ ഭർത്താവ് മൈക്കിൾ സെഫാനി നഴ്സ് എന്ന പേര് മാറ്റി അവൾക്ക് മിഷെ സെഫാനി എന്ന പേര് നൽകി. 17 വയസ്സ് തികയുന്നതുവരെ, മൈക്കിൾ തന്റെ പിതാവാണെന്ന് സെഫാനി വിശ്വസിച്ചു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ ജീവിതത്തിൽ ഒരാൾ വന്നു ചേർന്നു, അവളെ ഭൂതകാലത്തേയ്ക്ക് കൂടി കൊണ്ട് പോകാൻ, അവൾ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് വെളിപ്പെടുത്താൻ.
അവൾക്ക് ഇപ്പോൾ 25 വയസ്സുണ്ട്. അടുത്തിടെയാണ് തന്റെ യഥാർത്ഥ മാതാപിതാക്കളെ അവൾ കണ്ടെത്തിയത്. അതിന് കാരണം ആയത് ആ വ്യക്തിയാണ്. അതൊരു പെൺകുട്ടിയായിരുന്നു. സെഫാനിക്ക് 17 വയസ്സുള്ളപ്പോഴാണ് ആ പെൺകുട്ടിയെ അവൾ കണ്ടുമുട്ടുന്നത്. അവളുടെ പേര് കാസിഡിയ. സെഫാനിയുടെ സ്കൂളിൽ പുതുതായി വന്ന പെൺകുട്ടിയായിരുന്നു അത്. അവൾക്ക് 15 വയസ്സായിരുന്നു. തന്നേക്കാൾ രണ്ട് വയസ്സിന് ഇളയവളായ അവളുടെ മുഖത്തിന് തന്റേതുമായി വളരെ സാമ്യമുള്ളതായി സെഫാനി ശ്രദ്ധിച്ചു. ഇത് അവളെ അത്ഭുതപ്പെടുത്തി. ദിവസങ്ങൾക്കുള്ളിൽ ഇരുവരും സുഹൃത്തുക്കളായി. കാസിഡിയെ കാണുമ്പോഴെല്ലാം അവൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി, ഒരു ആത്മബന്ധം അനുഭവപ്പെട്ടു. തനിക്ക് ഒരു മൂത്ത സഹോദരിയുണ്ടെന്ന് കാസിഡി പലപ്പോഴും പറയാറുണ്ടായിരുന്നു. അവൾ കുട്ടിയായിരുന്നപ്പോൾ കാണാതായി എന്നും അവൾ പറഞ്ഞിരുന്നു. ഇത് കേട്ട് സെഫാനി കാസിഡിയെ അവളുടെ സഹോദരിയായി കരുതാൻ തുടങ്ങി.
ഒരു ദിവസം മൈക്കിൾ ഇരുവരെയും ഒരുമിച്ച് കണ്ടു. തുടർന്ന്, വീട്ടിലെത്തിയ സെഫാനിയോട് ആ പെൺകുട്ടിയോട് സംസാരിക്കരുതെന്നും അവളുമായി സൗഹൃദം പുലർത്തരുതെന്നും അയാൾ നിഷ്കർഷിച്ചു. എന്തുകൊണ്ടാണ് മൈക്കൽ അങ്ങനെ പറഞ്ഞതെന്ന് അവൾ ചിന്തിച്ചു. ഇത് അറിഞ്ഞ കാസിഡിയ്ക്കും സംശയം തോന്നാൻ തുടങ്ങി. അവൾ ഈ കാര്യം തന്റെ വീട്ടിൽ പറഞ്ഞു. സെഫാനിയുടെ ശരിക്കുള്ള പിതാവ് മിഷേ പൊലീസുമായി ബന്ധപ്പെടുകയും, ആറു വയസ്സുള്ളപ്പോൾ സെഫാനിയുടെ ജനനം രജിസ്റ്റർ ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവളുടെ ഡിഎൻഎ പരിശോധിച്ച പൊലീസ് സെഫാനി തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന്, അവളെ തട്ടിക്കൊണ്ട് പോയ അവളുടെ വളർത്തമ്മ ലവോണയെ അറസ്റ്റ് ചെയ്യുകയും 10 വർഷം ജയിലിലടക്കുകയും ചെയ്തു. എന്നാലും, സെഫാനി തന്റെ യഥാർത്ഥ മകളാണെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്ന് മൈക്കൽ പറഞ്ഞു. ഇരുവരെയും ഒരുപോലെ സ്നേഹിക്കാനാണ് സെഫാനിയുടെ തീരുമാനം. യഥാർത്ഥ പിതാവായ മിഷേയ്ക്കും മൈക്കിളിനും ഇടയിൽ അടുപ്പമില്ലെങ്കിലും, അവരെ അടുപ്പിക്കുന്ന ഒരേ ഒരു കണ്ണി അവരുടെ മകളാണ്. തന്റെ ദീർഘകാല പങ്കാളിയായ ജസ്റ്റിൻ ഷെൽഡനെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് സെഫാനി. വിവാഹത്തിന് രണ്ട് പേരും തന്നോടൊപ്പം ഉണ്ടാകുമെന്ന് സെഫാനി പറഞ്ഞു.