Latest Videos

മനുഷ്യർ പേടിക്കണം, ഇവിടെ രാജാവും പ്രജകളും എല്ലാം പൂച്ചകൾ, ആളുകളോടിപ്പോയിട്ടും ബാക്കിയായത് അവർ മാത്രം 

By Web TeamFirst Published Mar 22, 2024, 12:05 PM IST
Highlights

എന്നാൽ, ആളുകൾ മുഴുവനായും ഇവിടെ നിന്നും പോയിക്കഴിഞ്ഞാൽ പിന്നെ പൂച്ചകൾക്ക് അവിടെ നിലനിൽക്കാനാവില്ലെന്നും അവയും അവിടെ നിന്നും ഇല്ലാതാവുമെന്നതും ഒരു സങ്കടകരമായ യാഥാർത്ഥ്യമാണ്. 

പൂച്ചകൾ അടിപൊളിയാണ്. വളർത്തുമൃ​ഗങ്ങളായി പൂച്ചകളെ തെരഞ്ഞെടുക്കുന്ന ആളുകൾ അനേകമുണ്ട്. ഏറ്റവും ക്യൂട്ടായ വളർത്തുമൃ​ഗങ്ങളിൽ ഒന്നായിരിക്കും പൂച്ച. ഇതൊക്കെ ശരിയാണ്. എന്നാൽ, മനുഷ്യരേക്കാൾ പൂച്ചകളുള്ള ഒരു സ്ഥലമുണ്ടാകുമോ? അതേ, അങ്ങനെ ഒരു സ്ഥലമുണ്ട് അങ്ങ് ജപ്പാനിൽ. അത് അറിയപ്പെടുന്നത് തന്നെ 'പൂച്ചദ്വീപ്' എന്നാണ്. 

ജപ്പാനിലെ എഹിം പ്രിഫെക്ചറിലുള്ള ഒരു ദ്വീപാണ് ഓഷിമ അഥവാ നമ്മുടെ പൂച്ചദ്വീപ്. നിറയെ പൂച്ചകളായതിന്റെ പേരിലാണ് ഈ സ്ഥലം ലോകത്താകെയും അറിയപ്പെടുന്നത്. എന്നാൽ, രസകരമായ കാര്യം അതൊന്നുമല്ല. ഇവിടെ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണ്. 6:1 ഇതാണ് ഇവിടെ പൂച്ചകളുടേയും മനുഷ്യരുടേയും അനുപാതം. പ്രായമായവർ ചിലർ മരിച്ചത് കാരണം ഇത് 36:1 ആണെന്നും അടുത്തിടെയുള്ള ചില റിപ്പോർട്ടുകൾ പറയുന്നു. 

എങ്ങനെയാണ് ഇവിടെ ഇത്രയധികം പൂച്ചകളെത്തിയത് എന്നോ? നേരത്തെ മത്സ്യബന്ധന ബോട്ടുകളിൽ കണ്ടമാനം എലിശല്ല്യം ആയിരുന്നു. ഈ എലികളെ പിടിക്കാൻ വേണ്ടിയാണ് പൂച്ചകളെ കൊണ്ടുവന്നത്. എന്നാൽ, ഈ പൂച്ചകൾ ഇവിടെത്തന്നെ അങ്ങ് സ്ഥിരതാമസമാക്കി. അവ ദ്വീപിൽ പെറ്റുപെരുകി. അതോടെ മനുഷ്യരേക്കാളും കൂടുതൽ പൂച്ചകൾ എന്ന അവസ്ഥ വന്നു. 

എന്നാൽ, കാലം കടന്നുപോയപ്പോൾ ഇതൊരു മത്സ്യബന്ധന സ്ഥലം അല്ലാതായി മാറി. അതോടെ ആളുകൾ ഈ പ്രദേശം വിട്ടുപോകാനും തുടങ്ങി. പല പൂച്ചകൾക്കും ഇവിടെ രോ​ഗം പിടിപെട്ടു. എന്നാൽ, അത് ചികിത്സിക്കാനുള്ള മൃ​ഗഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിൽ, ദ്വീപിലെ എല്ലാ പൂച്ചകളെയും വന്ധ്യംകരിക്കാനും അവയുടെ എണ്ണം നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു. ഏകദേശം 219 പൂച്ചകളെ വന്ധ്യംകരിക്കുകയും ചെയ്തു. 

ഈ പൂച്ചകൾക്കുള്ള ഭക്ഷണം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആളുകൾ സംഭാവന ചെയ്യാറുണ്ട്. 2019 -ൽ ഇവിടെ 200 പൂച്ചകളാണുണ്ടായിരുന്നത്. മനുഷ്യരോ? വെറും ആറുപേരും. എന്നാൽ, ആളുകൾ മുഴുവനായും ഇവിടെ നിന്നും പോയിക്കഴിഞ്ഞാൽ പിന്നെ പൂച്ചകൾക്ക് അവിടെ നിലനിൽക്കാനാവില്ലെന്നും അവയും അവിടെ നിന്നും ഇല്ലാതാവുമെന്നതും ഒരു സങ്കടകരമായ യാഥാർത്ഥ്യമാണ്. 

വായിക്കാം: അമേസി, റിയലി അമേസി; എങ്ങനെ 15 ലക്ഷം പേർ കാണാതിരിക്കും ഈ വീഡിയോ, എയറിലായ യുവാവും യുവതിയും 
 

tags
click me!