
ഓരോ സംഭവങ്ങളും ചരിത്രമായി മാറുന്നത്, അത് പിന്നീടുള്ള കാലത്തെ ഏങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെ അനുസരിച്ചായിരിക്കും. ലോകനേതാക്കളുടെ മരണം അത്തരത്തില്‍ ചരിത്രപരമായ നിമിഷമാണ്. ഇത്തരത്തില്‍ പിന്നീടുള്ള ലോകത്തെ പല തരത്തില്‍ സ്വാധീനിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് പത്രങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം കണ്ടെടുക്കുമ്പോള്‍ ആ സംഭവം നടന്ന് കാലത്തിലൂടെ കടന്ന് പോയവരെ അത് വലിയ രീതിയില്‍ സ്വാധീനിക്കുന്നു. പഴയ ഓര്‍മ്മകളിലേക്കുള്ള ഒരു ഹ്രസ്വമായ യാത്രയാകും അത്തരം കാഴ്ചകള്‍.
റെഡ്ഡിറ്റ് സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ Maleficent_Young_622 എന്നയാള്‍ പങ്കുച്ച ചിത്രവും കുറിപ്പും ഇത്തരത്തില്‍ ഇന്ത്യക്കാരായ നിരവധി കാഴ്ചക്കാരെ പഴയ ഓര്‍മ്മകള്‍ പുതുക്കുന്നതിന് സഹായിച്ചു. വളരെ പെട്ടെന്ന് തന്നെ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ വൈറലായി. ഇന്ധിരാ ഗാന്ധി മരിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒന്നാം പേജിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'അച്ഛന് 2017 ല്‍ മരിച്ചു. ഇന്നലെ ഞാൻ അദ്ദേഹത്തന്‍റെ ബ്രീഫ്കേസുകളിലൊന്ന് തുറന്നു... ചില പഴയ പത്രങ്ങള്‍ കിട്ടി...' 1984 ഓക്ടോബര്‍ 31 ന് സിംഗ് സൈനികന്‍റെ വെടിയേറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മരിച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമായിരുന്നു അത്. ഒപ്പം മറ്റ് ചില പഴയ പത്രങ്ങളും ആ പത്രത്തിന്‍റെ താഴെയായി അടുക്കി വച്ചിരുന്നു.
'80 കളുടെയും '90 കളുടെയും ഇന്ത്യയുടെ ചരിത്രം നിമിഷങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളായിരുന്നു അവ. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്പ്രസ്, നവഭാരത് ടൈംസ് തുടങ്ങിയ ഇന്ത്യയില്‍ അക്കാലത്ത് പുറത്തിറങ്ങിയിരുന്ന പ്രധാന ദേശീയ പത്രങ്ങളെല്ലാം തന്നെ അക്കൂട്ടത്തിലുണ്ടായിരുന്നു. രാവിലത്തെ ചായയോടൊപ്പം ഇന്ത്യക്കാര്‍ വായിച്ച് പോയ വാര്‍ത്തകള്‍. ജവഹർലാൽ നെഹ്‌റുവിന്‍റെ മരണം (1964), ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണം (1966), ഇന്ദിരാഗാന്ധിയുടെ കൊലപാതകം (1984), ഗൾഫ് യുദ്ധങ്ങളുടെ സമാപനം (1991) അങ്ങനെ ലോകത്തെയും ഇന്ത്യയെയും ആഴത്തില്‍ സ്വാധീനിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ടുകളിലെ പ്രധാനപ്പെട്ട തലക്കെട്ടുകള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. നിരവധി പേര്‍ തങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് പോയി. 'നന്നായി സംരക്ഷിക്കപ്പെടുന്നതിന് നിങ്ങൾ അവ ലാമിനേറ്റ് ചെയ്യണം. അവർ ഭാവിയിൽ എന്തെങ്കിലും വിലയുള്ളവയായി മാറും.' ഒരു കാഴ്ചക്കാരന്‍ അതിന്‍റെ ചരിത്രമൂല്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെ കുറിച്ചും എഴുതി. 'ഒരു ടൈം ക്യാപ്‌സ്യൂൾ പോലെ! പഴയ പരസ്യങ്ങൾ, സാങ്കേതികവിദ്യ, സാധനങ്ങളുടെ വില മുതലായവ കാണാൻ പഴയ പത്രങ്ങളിലൂടെയും മാസികകളിലൂടെയും പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി.