
കഫേകളിലും റെസ്റ്റോറൻ്റുകളിലും നിന്ന് പ്രിയപ്പെട്ട ലഘുഭക്ഷണങ്ങൾ പരീക്ഷിക്കാൻ ഏറെ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നിരുന്നാലും, ഈ കഫേകളുടെ ശുചിത്വത്തെക്കുറിച്ച് ഉറപ്പുവരുത്തിയില്ലെങ്കിൽ അത് ചിലപ്പോൾ ഭയാനകമായ അനുഭവങ്ങൾ സമ്മാനിച്ചേക്കാം.
സമാനമായ ഒരു ദുരനുഭവം നേരിട്ടതിനെക്കുറിച്ച് യുകെ സ്വദേശിയായ ഒരു വ്യക്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ പങ്കുവെച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു പ്രമുഖ കഫേ ശൃംഖലയിൽ നിന്ന് പേസ്ട്രി മേടിച്ചപ്പോൾ തനിക്കുണ്ടായ ദുരനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. ആകാംക്ഷയോടെ കവർ പൊട്ടിച്ച താൻ കണ്ടത് പേസ്ട്രിയിൽ ജീവനുള്ള ഒരു പഴുതാരയെയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.
പേസ്ട്രിയിൽ പഴുതാര കിടക്കുന്നതിന്റെ ചിത്രം സഹിതമാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതോടൊപ്പം തമാശയായി ഒരു കുറിപ്പും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. "ഇന്ന് രാവിലെ കുട്ടികൾക്കായി വാങ്ങിയ കഫേ നീറോ പേസ്ട്രിയിൽ കുറച്ച് അധിക പ്രോട്ടീൻ" എന്നായിരുന്നു അദ്ദേഹത്തിൻറെ രസകരമായ കുറിപ്പ്. പേസ്ട്രിയിൽ താൻ കണ്ട പഴുതാരക്ക് ജീവൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ആരെങ്കിലും തനിക്ക് നല്ലൊരു വിരമരുന്ന് പറഞ്ഞു തരണമെന്നും അദ്ദേഹം കുറിച്ചിരുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ഉപയോക്താക്കൾ കമന്റുകളുമായി എത്തി. എന്തൊരു ദുരനുഭവമാണെന്നും കണ്ടിട്ട് വെറുപ്പുളവാകുന്നു എന്നുമായിരുന്നു ഒരാൾ കുറിച്ചത്. ഒരിക്കൽ താൻ വാങ്ങിയ പേസ്ട്രിയിൽ രണ്ട് മുടി ഉണ്ടായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ അനുഭവസാക്ഷ്യം.
താൻ പേസ്ട്രി തിരികെ കോഫി ഷോപ്പിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കിയ ഈ ഉപഭോക്താവ് തൻറെ പോസ്റ്റ് കഫെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ അവർ തൻറെ കുടുംബത്തിന് ആവശ്യമായ മരുന്നിനുള്ള പണം നൽകുമോ എന്നറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കുടുംബം ഇനി കുറച്ചുകാലത്ത് കഫേ നീറോയിൽ നിന്നും ഭക്ഷണം കഴിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട കഫെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിശദീകരണക്കുറിപ്പ് ഇറക്കി. ഇത്തരത്തിലുള്ള ചെറിയ പിഴവുകൾ പോലും തങ്ങളെ ഗുരുതരമായി ബാധിക്കും എന്ന് അറിയാമെന്നും സംഭവിച്ച പിഴവിനെ കുറിച്ച് വിശദമായി അന്വേഷിക്കും എന്നും ആയിരുന്നു കഫെ വക്താവിന്റെ വിശദീകരണക്കുറിപ്പിൽ പറഞ്ഞത്.