
യൂട്യൂബർമാരുടെ കാലമാണ്. മറ്റാരെക്കാളും ആളുകളിൽ സ്വാധീനം ചെലുത്താൻ യൂട്യൂബർമാർക്ക് സാധിക്കുമെന്നതിന് തെളിവാണ് സമീപകാല തട്ടിപ്പുകൾ. നമ്മുടെ നാട്ടിൽ എന്നത് പോലെ തന്നെ വിദേശരാജ്യങ്ങളിലും യൂട്യൂബർമാർ ഉൾപ്പെടുന്ന തട്ടിപ്പുകൾ വർധിച്ചു വരികയാണ്. ബാങ്കോക്കില്‍ പ്രശസ്ത തായി യൂട്യൂബർ ആയിരക്കണക്കിന് ആളുകളെയാണ് മണ്ടന്മാരാക്കിയത്. ഇവരിൽ നിന്ന് യൂട്യൂബർ തട്ടിയെടുത്ത തുക എത്രയാണെന്ന് അറിഞ്ഞാൽ കണ്ണുതള്ളി പോകും. 77 മില്യൺ സിംഗപ്പൂർ ഡോളറാണ് ഇവർ തട്ടിയെടുത്തത്. എന്നുവച്ചാൽ 4,37,62,11,070.00 ഇന്ത്യൻ രൂപ.
ബാങ്കോക്കിലെ പ്രശസ്തയായ യൂട്യൂബർ ആണ് നട്ടി ദി യൂട്യൂബർ എന്നറിയപ്പെടുന്ന നത്തമോൻ ഖോങ്‌ചാക്ക്. യൂട്യൂബിൽ 800,000 -ലധികം അനുയായികളുള്ള നത്തമോന്റെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് വ്യൂവേഴ്സ് ആണ് ഉള്ളത്. ഏകദേശം അഞ്ചു മാസങ്ങൾക്കു മുൻപാണ് ഇവർ തന്റെ തട്ടിപ്പിന് തുടക്കം കുറിച്ചുകൊണ്ട് യൂട്യൂബിൽ ആദ്യ വീഡിയോ ഇടുന്നത്. എല്ലാ മാസവും കൃത്യമായി റിട്ടേൺ നൽകാമെന്ന വാഗ്ദാനത്തിൽ സബ്സ്ക്രൈബേഴ്സിനോട് തൻറെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു വീഡിയോ ഇവർ അപ്‌ലോഡ് ചെയ്തു.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. അവർ കരുതിയതുപോലെ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ വരുമാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ആ വീഡിയോയിൽ ആളുകൾ കുരുങ്ങി. നത്തയുടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. ആദ്യ രണ്ടു മാസങ്ങളിൽ ഇവർ കൃത്യമായി തന്നെ ആളുകൾക്ക് റിട്ടേൺ കൊടുത്തു. ഇതോടെ ആളുകൾക്ക് കൂടുതൽ വിശ്വാസമായി . ഈ വിശ്വാസ്യത മുതലെടുത്ത് നത്ത കൂടുതൽ ആളുകളെ തൻ്റെ സംരംഭത്തിലേക്ക് ക്ഷണിച്ചു. മൂന്ന് മാസത്തെ കരാറുകൾക്ക് 25 ശതമാനവും ആറ് മാസത്തെ കരാറുകൾക്ക് 30 ശതമാനവും 12 മാസത്തെ കരാറുകൾക്ക് 35 ശതമാനവും റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇവർ ആളുകളിൽ നിന്നും പണം മേടിച്ചെടുത്തത്. ഇങ്ങനെ ആറായിരത്തിലധികം ആളുകളാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്ത്. പക്ഷേ, ആദ്യ രണ്ടു മാസങ്ങൾ കഴിഞ്ഞതോടെ നത്ത ആളുകൾക്ക് റിട്ടേൺ കൊടുക്കാതെയായി.
പിന്നീട് മെയ് മാസത്തിലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ട്രേഡിംഗിൽ തനിക്ക് പിഴവ് സംഭവിച്ചതായും പണമെല്ലാം നഷ്ടപ്പെട്ടതായും നത്തമോൻ സമ്മതിച്ചു. എന്നിരുന്നാലും, നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് അവൾ വാഗ്ദാനം ചെയ്തു. പിന്നീട് എവിടെയും ആരും നത്തയെ കണ്ടില്ല. പണം ഇരട്ടിയായി ഇപ്പോൾ തിരികെ കിട്ടുമെന്ന് കരുതിയിരുന്നവരെ അടപടലം പറ്റിച്ച് അവർ നാടുവിട്ടു. ചതി മനസ്സിലാക്കി രോഷാകുലരായ നിക്ഷേപകർ അവർക്കെതിരെ തിരിഞ്ഞു. പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പക്ഷേ അപ്പോഴേക്കും നത്ത സുരക്ഷിതമായ ഏതോ താവളത്തിലെത്തിയിരുന്നു.
പക്ഷേ, ജൂണിൽ അവർ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തൻറെ പേരിൽ രണ്ടു കേസുകൾ എടുത്തിട്ടുണ്ടെന്നും അത് എത്രയും വേഗം പിൻവലിക്കണമെന്നും എങ്കിൽ മാത്രമേ തനിക്ക് എല്ലാവരുടെയും പണം തിരികെ നൽകാൻ സാധിക്കൂ എന്നുമായിരുന്നു അവരുടെ ആവശ്യം. ഞായറാഴ്ച പോസ്റ്റ് ചെയ്ത ജനപ്രിയ ഫേസ്ബുക്ക് പേജ് ഡ്രാമ-അഡിക്ടിൽ പറയുന്നത് ഇവർ മലേഷ്യയിലേക്ക് രക്ഷപ്പെട്ടതായാണ്. ഏതായാലും നത്തമോനെ എങ്ങനെയെങ്കിലും പിടിച്ചേ മതിയാകൂ എന്ന വാശിയിലാണ് സബ്സ്ക്രൈബർമാർ.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇവളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്ന ആർക്കും അവളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരിൽ ഒരാൾ 1 ദശലക്ഷം ബാറ്റ് പാരിതോഷികം നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.