
സാധാരണയായി നമ്മുടെ നാട്ടിൽ വിവാഹത്തിനു മുൻപ് വിവാഹം കഴിക്കാൻ പോകുന്നവരുടെ ജോലി, കുടുംബം, മാസവരുമാനം എന്നിവയൊക്കെയാണ് ആളുകൾ പരിശോധിക്കാറ്. എന്നാൽ, ഇവയൊന്നുമല്ല നല്ലൊരു പുരുഷനെ ഭർത്താവായി ലഭിക്കാൻ പരിശോധിക്കേണ്ടത് എന്നാണ് ഒരു യുവതിയുടെ പോസ്റ്റ്.
വിവാഹത്തിനു മുമ്പ് ഭാവി വരന്റെ ഓൺലൈൻ ഹിസ്റ്ററി പരിശോധിച്ച് ഉറപ്പാക്കണം എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ ഒരു യുവതി പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് ഈ പോസ്റ്റ്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 22 -കാരിയായ ഒരു യുവതിയാണ് റെഡ്ഡിറ്റിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. '2025 -ാവുമ്പോൾ അറേഞ്ച്ഡ് മാര്യേജിൽ പെൺകുട്ടികൾ എന്തുകൊണ്ട് ഭാവി വരൻ്റെ ഓൺലൈൻ ചരിത്രം പരിശോധിക്കണം?' എന്ന തലക്കെട്ടോടു കൂടിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
വിവാഹത്തിനു മുൻപ് താൻ എല്ലാം പരിശോധിച്ചു എന്നും സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ ഉള്ള ചില പുരുഷന്മാർ പോലും എത്ര അപകടകാരികളാണ് എന്ന് അവരുടെ ഓൺലൈൻ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രമാണ് മനസ്സിലാക്കാൻ കഴിയുക എന്നുമാണ് ഈ പോസ്റ്റിൽ ഇവർ പറയുന്നത്. അത്തരത്തിൽ ഒരു പരിശോധന നടത്തിയത് കൊണ്ട് താൻ സ്വയം രക്ഷപ്പെട്ടുവെന്നും കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ സ്വയം സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് താൻ പങ്കുവെക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.
താനുമായി വീട്ടുകാർ വിവാഹമുറപ്പിച്ച വ്യക്തിക്ക് നല്ലൊരു ജോലിയും സമൂഹത്തിൽ ഉയർന്ന സ്ഥാനവും ഉണ്ടായിരുന്നെങ്കിലും അയാളുടെ ഡിജിറ്റൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് താൻ കണ്ടെത്തിയത് എന്നാണ് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് യുവതി പറയുന്നത്.
ആ വ്യക്തി ഒരു കൃത്രിമ സ്വഭാവക്കാരനും വൈകാരികമായി സ്ഥിരതയില്ലാത്ത വ്യക്തി ആയിരുന്നുവെന്നും യുവതി പറയുന്നു. കൂടാതെ നഗ്നചിത്രങ്ങൾ പങ്കുവെക്കുന്നതിലും അശ്ലീല പരാമർശങ്ങൾ നടത്തുന്നതിലും ഏറെ തല്പരനായിരുന്നു എന്ന് താൻ കണ്ടെത്തിയതായും യുവതി വെളിപ്പെടുത്തുന്നു.
ഒരു സുഹൃത്തിൻറെ ഐഡി ഉപയോഗിച്ചാണ് താൻ ഈ ഡിജിറ്റൽ പശ്ചാത്തല പരിശോധന നടത്തിയതെന്നും ഇവർ വ്യക്തമാക്കുന്നു. ജോലിയോ കുടുംബ പശ്ചാത്തലമോ മാത്രം നോക്കി ഭാവി വരനെ തിരഞ്ഞെടുക്കരുതെന്നും പോസ്റ്റിൽ പറയുന്നു.