
ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ സ്വമേധയാ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള ബില്ല് കൊണ്ടുവന്ന് തായ്‌ലൻഡ്. ഇത് പ്രകാരം, മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികൾക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം. അത്തരക്കാർക്ക് അത്രയും കാലം കുറച്ച് ജയിലിൽ കഴിഞ്ഞാൽ മതി. എന്നാൽ, രാസഷണ്ഡീകരണത്തിന് വിധേയമാകാൻ താല്പര്യപ്പെടാത്തവർക്ക്, ജയിൽ ശിക്ഷയിൽ ഇളവുണ്ടാകില്ല. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയാണ് രാജ്യം ഇത്തരമൊരു ബില്ല് കൊണ്ട് വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് തായ്‌ലൻഡ് ഈ ബില്ല് കൊണ്ട് വന്നത്.
മാർച്ചിൽ ലോവർ ഹൗസ് പാസാക്കിയ ബില്ലിന് തിങ്കളാഴ്ച 145 സെനറ്റർമാരുടെ അംഗീകാരം ലഭിച്ചു. എന്നാൽ, ഇനിയും ഒരിക്കൽ കൂടി ഹൗസിന്റെ അംഗീകാരവും, അതിന് ശേഷം രാജാവിന്റെ അംഗീകാരവും നിയമം പാസാകാൻ ആവശ്യമാണ്. ഈ കടമ്പകളെല്ലാം കടന്ന് കിട്ടിയാൽ പിന്നെ രാസഷണ്ഡീകരണത്തിന് അനുമതി കൊടുത്ത രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലാൻഡും ഉണ്ടാകും. പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നിവയാണ് രാസഷണ്ഡീകരണത്തിന് അംഗീകാരം നൽകിയിട്ടുള്ള മറ്റ് ചില രാജ്യങ്ങൾ. രാസഷണ്ഡീകരണ വേളയിൽ, ലൈംഗിക കുറ്റവാളികൾക്ക് അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകളാണ് നൽകുന്നത്.
എന്നാൽ, ഇത് സ്വീകരിക്കണോ, വേണ്ടയോ എന്നത് കുറ്റവാളിയുടെ മാത്രം തീരുമാനമാണ്. രാസഷണ്ഡീകരണത്തിന് വിധേയമാകാൻ തയ്യാറുള്ള കുറ്റവാളികൾക്ക് പകരമായി ജയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതായിരിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടർമാരുടെ അനുമതി ആവശ്യമാണ്. മാത്രവുമല്ല, കുറ്റവാളികളെ പത്ത് വർഷത്തേക്ക് നിരീക്ഷിക്കുകയും ഇലക്ട്രോണിക് ബ്രേസ്‍ലെറ്റുകൾ ധരിപ്പിക്കുകയും ചെയ്യും.
ഈ നിയമം എത്രയും വേഗം നടപ്പാക്കണമെന്ന് നീതിന്യായ മന്ത്രി സോംസാക് തെപ്സുതിൻ ചൊവ്വാഴ്ച പറഞ്ഞു. ഇനിയും സ്ത്രീകളെ പീഡിപ്പിക്കുന്ന വാർത്തകൾ കേൾക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013 -നും 2020 -നും ഇടയിൽ തായ് ജയിലുകളിൽ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളിൽ 4,848 പേരും വീണ്ടും കുറ്റം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം രാസഷണ്ഡീകരണം കൊണ്ടൊന്നും ലൈംഗിക കുറ്റകൃത്യങ്ങൾ കുറയില്ലെന്ന് വിമൻ ആൻഡ് മെൻ പ്രോഗ്രസീവ് മൂവ്‌മെന്റ് ഫൗണ്ടേഷന്റെ ഡയറക്ടർ ജാദേദ് ചൗവിലായി പറഞ്ഞു.
ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാരിതര സംഘടനയാണ് അത്. ഈ ശിക്ഷയ്ക്ക് പകരമായി കുറ്റവാളികളുടെ ചിന്താഗതിയാണ് മാറ്റേണ്ടതെന്നും, അതിന് അവർ ജയിലിൽ കഴിയുന്ന സമയം അവരെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ ചിന്താഗതി മാറ്റി, അവരെ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറ്റവാളിയെ ഒരിക്കലും പുനരധിവസിപ്പിക്കാൻ കഴിയില്ല എന്ന ആശയമാണ് വധശിക്ഷയോ, രാസഷണ്ഡീകരണമോ പോലുള്ള ശിക്ഷകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളികൾ ഷണ്ഡീകരണം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ വർഷം പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.