
ലിഫ്റ്റിനുള്ളിൽ വച്ച് സ്ത്രീയെ ചുംബിക്കുന്ന വീഡിയോ വൈറലായി. ചൈനയിലെ ബില്ല്യണയറുടെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഏകദേശം 20 ബില്യൺ യുവാന്റെ (ഏകദേശം 2.9 ബില്യൺ യുഎസ് ഡോളർ) ഇടിവ്. ചെൻ താവോ എന്ന ബില്ല്യണയറാണ് ഇപ്പോൾ വീഡിയോ വൈറലായതോടെ വിവാദത്തിലായിരിക്കുന്നത്. 54 -കാരനായ ചെൻ വിവാഹിതനാണ്. എഐ ചിപ്പ് നിർമ്മാണ രംഗത്തെ പ്രമുഖരായ എൻവിഡിയയുടെ പ്രധാന പിസിബി സപ്ലയറും ചൈനയിലെ പ്രമുഖ പ്രിന്റഡ് സർക്യൂട്ട് ബോർഡ് നിർമ്മാതാക്കളുമായ 'വിക്ടറി ജയന്റ് ടെക്നോളജി' ചെയർമാനും സ്ഥാപകനുമാണ് ചെൻ താവോ.
ജൂൺ 6-ന് 'ഷെൻഷെൻ ജാനിസ്' എന്ന സോഷ്യൽ മീഡിയാ യൂസർ ചെൻ താവോയുമായി തനിക്ക് പ്രണയബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകൾ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും, ലിഫ്റ്റിനുള്ളിൽ വെച്ച് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു. ഈ ദൃശ്യങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു.
ഈ വിവാദം കമ്പനിയുടെ ഓഹരികളെ ബാധിക്കുകയായിരുന്നു. ജൂൺ 8-ന് വിപണി തുറന്നപ്പോൾ ഷെൻഗോങ് ടെക്നോളജിയുടെ എ ഷെയറുകൾ 9%-ത്തിലധികം ഇടിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് 20 ബില്യൺ യുവാൻ (2.9 ബില്യൺ ഡോളർ) തുടച്ചുനീക്കപ്പെട്ടു. എന്നാൽ, തൊട്ടടുത്ത ദിവസം ഓഹരികൾ തിരിച്ചുപിടിക്കുകയും വിപണിയിലെ ആശങ്കകൾ ഒരു പരിധി വരെ മാറുകയും ചെയ്തിരുന്നു.
ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളെയോ ഭരണത്തെയോ ബാധിക്കുന്നതല്ലെന്നാണ് വിക്ടറി ജയന്റ് ടെക്നോളജി വ്യക്തമാക്കുന്നത്. കമ്പനിയുടെ ഉത്പാദനവും ഓർഡറുകളും സാധാരണ നിലയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അവർ അറിയിച്ചു. ചെയർമാൻ രാജിവെക്കുമോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഔദ്യോഗികമായി അറിയിപ്പുകളുണ്ടാകും എന്നുമായിരുന്നു കമ്പനി അധികൃതരുടെ മറുപടി.