അമേരിക്കയിൽ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ മെഡിക്കൽ വിദ്യാർഥി വൈഭവ് ദുഗ്ഗലിന്റെ മരണത്തിൽ സർവകലാശാലയ്ക്കെതിരെ നിയമനടപടിയുമായി മാതാപിതാക്കൾ. സ്ഥാപനത്തിന്‍റെ വീഴ്ചകളും മാനസിക പിന്തുണ നൽകാത്തതുമാണ് മകന്‍റെ മരണത്തിന് കാരണമെന്ന് ആരോപിച്ച കുടുംബം, 3 കോടി ഡോളർ നഷ്ടപരിഹാരവും നയപരിഷ്കാരങ്ങളും ആവശ്യപ്പെട്ടു.

മേരിക്കയിലെ ടെക്സാസിൽ മെഡിക്കൽ പഠനത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. സ്ഥാപനത്തിന്‍റെ നടപടിക്രമങ്ങളിലെ വീഴ്ചകളും വിദ്യാർഥിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിലുണ്ടായ പരാജയവുമാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ 3 കോടി ഡോളർ (ഏകദേശം 2,87 കോടി ഇന്ത്യൻ രൂപ ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടൊപ്പം, സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നയപരിഷ്‌കാരങ്ങളും കുടുംബം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ.

മരണത്തിന് ഒരു വർഷത്തിന് ശേഷം

എൽ പാസോയിലെ ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് സയൻസസ് സെന്‍ററിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന 24 -കാരൻ വൈഭവ് ദുഗ്ഗൽ 2025 ജൂലൈയിലാണ് തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്. വൈഭവിന്‍റെ മരണത്തിന് ഒരു വർഷത്തിനുശേഷം, സർവകലാശാലയുടെ അച്ചടക്ക പ്രക്രിയയിൽ സുതാര്യതയില്ലെന്നും, അദ്ദേഹത്തിന് അർഹമായ നടപടിക്രമങ്ങൾ നിഷേധിച്ചെന്നും, വിദ്യാർത്ഥിക്ക് ആവശ്യമായ മാനസികാരോഗ്യ സഹായം നൽകുന്നതിൽ സ‍ർവകലാശാല പരാജയപ്പെട്ടുവെന്നും ആരോപിച്ച് അദ്ദേഹത്തിന്‍റെ കുടുംബം ഒരു അഭിഭാഷക കാമ്പയിൻ ആരംഭിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

View post on Instagram

പരാതിക്ക് പിന്നാലെ അച്ചടക്ക നടപടി

ഒരു രോഗിയുടെ പരാതിയെ തുടർന്നായിരുന്നു വൈഭവ് ദുഗ്ഗലിനെതിരെ സർവകലാശാല അച്ചടക്കനടപടി ആരംഭിച്ചത്. അന്വേഷണം പൂർത്തിയാകും മുമ്പേ വിദ്യാർഥിയെ കുറ്റക്കാരനായി കണക്കാക്കിയ സർവകലാശാലയുടെ സമീപനം വൈഭവ് ദുഗ്ഗലിനെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടെന്നും മാതാപിതാക്കളുടെ ഹർജിയിൽ പറയുന്നു. കൂടാതെ, പ്രതിസന്ധി നേരിടുന്ന സമയത്ത് ആവശ്യമായ വിദ്യാർത്ഥിക്ക് ആവശ്യമായ മാനസികാരോഗ്യ സഹായം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സ‍ർവകലാശാലയിലെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നു വൈഭവ് ദുഗ്ഗലെന്നും മകന് ടെക്സസ് ടെക്കിൽ നിന്ന് 60,000 ഡോളറിന്‍റെ സ്കോളർഷിപ്പ് ലഭിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. വൈഭവ് ദുഗ്ഗലിന്‍റെ കാമുകിയും സർവകലാശാലയ്ക്കെതിരെ കേസ് ഫയൽ ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ നടപടികളും ഒഴിവാക്കണം

നഷ്ടപരിഹാരത്തിനൊപ്പം വിദ്യാർഥിക്കെതിരായ തെറ്റായ എല്ലാ ആരോപണങ്ങളും അച്ചടക്ക നടപടികളും ഔദ്യോഗികമായി ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു, സർവകലാശാലകളിലെ അച്ചടക്ക നടപടികൾ കൂടുതൽ സുതാര്യവും വിദ്യാർഥി സൗഹൃദവുമാക്കാൻ സ്വതന്ത്ര മേൽനോട്ട സംവിധാനവും മാനസികാരോഗ്യ സംരക്ഷണവും നിർബന്ധമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവം അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ക്ഷേമം, അച്ചടക്ക നടപടികളിലെ നീതി, മാനസികാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. അതേസമയം, സ്വകാര്യതാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത വിദ്യാർഥി വിഷയങ്ങളിൽ പ്രതികരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സർവകലാശാല ആവർത്തിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.