
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മാരകമായി ബാധിച്ച മഹാമാരി, നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ തകർക്കുകയാണ്. എന്നാൽ, അതിനിടയിലും മധ്യപ്രദേശിലെ ഒരു ഗ്രാമം വൈറസിനെ നല്ല രീതിയിൽ പ്രതിരോധിക്കുന്നു. ഒരുപക്ഷേ, അത്യാധുനിക സംവിധാനങ്ങളുള്ള ഇന്ത്യയിലെ നഗരങ്ങൾക്ക് പോലും ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഒരു ചെറിയ വിദൂര ഗ്രാമം നടപ്പാക്കുന്നത്. ഇത് എങ്ങനെ സാധ്യമായി എന്ന് ചിന്തിക്കുന്നുണ്ടാകും. പകർച്ചവ്യാധിയുടെ മാരകമായ രണ്ടാമത്തെ തരംഗമുണ്ടായിട്ടും ഇതുവരെ മധ്യപ്രദേശിലെ ചിഖലാർ ഗ്രാമത്തിൽ ഒരു കൊവിഡ് -19 കേസ് പോലും രേഖപ്പെടുത്തിയിട്ടില്ല എന്ന് ഇന്ത്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിന്റെ ക്രെഡിറ്റ് അവിടത്തെ സ്ത്രീകൾക്കാണ്.
പുറത്തുനിന്നുള്ളവരുടെ പ്രവേശനം പൂർണമായും നിയന്ത്രിക്കാൻ ഗ്രാമത്തിലെ സ്ത്രീകൾ സ്വയം തുനിഞ്ഞിറങ്ങി. വടികൊണ്ട് സായുധരായ സ്ത്രീകൾ ഗ്രാമപ്രദേശങ്ങളിൽ കാവൽ നിൽക്കുന്നു. അവർ അപരിചിതർ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. അത് മാത്രമല്ല, മഹാമാരിയിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാനായി അവരുടെ പ്രദേശത്ത് അവർ പൂർണമായും ലോക്ക് ഡൗൺ കൊണ്ടുവന്നു. വാറ്റിന് (raw liquor) ഈ ഗ്രാമം പ്രശസ്തമാണ്.
എന്നാൽ, ഇന്ന് ഈ ഗ്രാമത്തെ പ്രശസ്തമാക്കുന്നത് ഗ്രാമത്തിൽ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സാരി ധരിച്ച് കൈയിൽ വടിയുമായി കാവൽ നിൽക്കുന്ന സ്ത്രീകളാണ്. പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിക്കുന്ന ഒരു ഫലകത്തിന് സമീപം സ്ത്രീകൾ മുള ബാരിക്കേഡ് സ്ഥാപിച്ച് ഗ്രാമത്തിന്റെ അതിർത്തികൾ അടച്ചു. മാത്രമല്ല, ഗ്രാമത്തിനരികിലൂടെ കടന്നുപോകുന്ന എല്ലാവരേയും സ്ത്രീകൾ നിരീക്ഷിക്കുന്നു. ഗ്രാമീണർ തങ്ങളുടെ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകുന്നതിനുപകരം, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി രണ്ട് യുവാക്കളെ അവർ ചുമതലപ്പെടുത്തി.
യാതൊരു ലക്ഷ്യവുമില്ലാതെ ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന ആളുകൾക്കെതിരെ വടി വീശാൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് ചിഖാലറിലെ സ്ത്രീകൾ പറയുന്നു. മാരകമായ വൈറസിൽ നിന്ന് അവിടത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ കടുത്ത തീരുമാനമെടുത്തതെന്ന് അവർ പറയുന്നു. രോഗത്തിൽ നിന്ന് രക്ഷനേടാൻ ആളുകൾ എങ്ങനെ ഒന്നായി പ്രവർത്തിക്കുന്നു എന്നതിന് ഈ ഗ്രാമം ഒരു മാതൃകയാണ്. ഗ്രാമങ്ങൾ മാത്രമല്ല, ഇന്ത്യയിലെ നഗരങ്ങൾ പോലും പിന്തുടരേണ്ട ഒരു മികച്ച മാതൃകയാണ് ചിഖലാർ.