ഉത്തർപ്രദേശിൽ, നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിൽ മാതാപിതാക്കൾക്ക് ഇടയിൽപ്പെട്ട് ശ്വാസംമുട്ടി മരിച്ചു. രാവിലെ കുഞ്ഞിന് ചലനമില്ലെന്ന് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹസൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിഹാലി ജാഗീറിൽ നിന്നും ദാരുണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും ചികിത്സയ്ക്കും കാത്തിരിപ്പിന് ഒടുവിൽ ജനിച്ച കുഞ്ഞിന് 23 -ാം ദിവസം ദാരുണാന്ത്യം. രാത്രി ഉറക്കത്തിൽ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞും ഉറങ്ങാൻ കിടന്നത്. ഉറക്കത്തിൽ മാതാപിതാക്കൾ കുഞ്ഞിന് മുകളിലേക്ക് മറിഞ്ഞ് ബോധം പോയ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഉറക്കത്തിലെ അപകടമരണം
സദ്ദാം അബ്ബാസിയും അസ്മയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. പിന്നാലെ ഒരു കുഞ്ഞിനായി ശ്രമിച്ചെങ്കിലും നാല് വർഷത്തോളം ചികിത്സയും പ്രാർത്ഥനയുമായി ഇവർക്ക് കാത്തിരിക്കേണ്ടി വന്നു. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച, സുഫിയാൻ എന്ന് പേരിട്ട കുഞ്ഞാണ് 23 -ാം ദിവസം മരണത്തിന് കീഴടങ്ങിയത്. പിറ്റേന്ന് രാവിലെ, (ഡിസംബർ 8 ന്) അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് അവന് പ്രതികരണമില്ലെന്ന് കണ്ടത്. പിന്നാലെ കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവന്‍ ഉണർന്നില്ല. അപ്പോൾ തന്നെ ഗജ്രൗളയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
മരണത്തിന് പിന്നാലെ വാക്കേറ്റം
കുഞ്ഞിന്‍റെ മരണം മാതാപിതാക്കളെ ഏറെ തളർത്തി. പിന്നാലെ ഇരുവരും കുഞ്ഞിന്‍റെ മരണത്തിന് പരസ്പരം കുറ്റപ്പെടുത്തി. ഇത് ആശുപത്രിയിൽ വച്ച് സംഘർഷത്തിന് കാരണമായി. ബന്ധുക്കൾക്ക് പോലും ഇരുവരെയും ശാന്തരാക്കാൻ കഴിഞ്ഞില്ലെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പോലീസിൽ പരാതി നൽകാതെയാണ് ദമ്പതികൾ വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ ഇൻ-ചാർജ് ഡോ. യോഗേന്ദ്ര സിംഗ് പറഞ്ഞു. ഉറക്കത്തിൽ അബദ്ധത്തിൽ ശ്വാസം മുട്ടിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നും ഡോക്ടർ സ്ഥിരീകരിച്ചു. ശൈത്യകാലത്ത് ചൂട് നിലനിർത്താൻ ഇരുവരും കുഞ്ഞിനെ നടുക്ക് കിടത്തി പൂതപ്പുകൾ കൊണ്ട് മൂടുകയായിരുന്നു. പക്ഷേ. അത് അപകടത്തിന് കാരണമായതായി കരുതുന്നു.
സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം
സാധാരണയായി ഉറക്കത്തിൽ ഒരു വയസ്സിന് താഴെയുള്ള കുട്ടിയുടെ വിശദീകരിക്കാനാകാത്ത മരണമായ സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം (Sudden Infant Death Syndrome - SIDS) നെക്കുറിച്ചും ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒന്ന് മുതൽ നാല് മാസം വരെയുള്ള പ്രായത്തിലുള്ള കുട്ടികളാണ് ഇത്തരം കേസുകളിൽ ഉൾപ്പെടുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് ഇത്തരം കേസുകൾ വർദ്ധിക്കുന്നു. SIDS മൂലം മരിക്കുന്ന കുഞ്ഞുങ്ങൾക്ക് മരണ കാരണം കൃത്യമായി നിർണ്ണയിക്കാൻ ആവശ്യമായ ബാഹ്യ പരിക്കുകൾ ഉണ്ടാകില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.


