ചൈനയിൽ ജോലി സമ്മർദ്ദത്തെ തുടർന്ന് 32 -കാരനായ ടെക്കി കുഴഞ്ഞുവീണ് മരിച്ചു. വർക്ക് ഫ്രം ഹോം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയ ജോലിഭാരവും ഓവർടൈമും ഉണ്ടായിരുന്നു യുവാവിനെന്ന് ഭാര്യ.
ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് 32 -കാരനായ ടെക്കി. അധികം വൈകാതെ യുവാവ് മരണത്തിന് കീഴടങ്ങി. ചൈനയിൽ ജോലി സമ്മർദ്ദത്തെ കുറിച്ചും ജോലിസമയത്തെ കുറിച്ചും വലിയ ചർച്ചയ്ക്കാണ് ഈ സംഭവം വഴി തെളിച്ചിരിക്കുന്നത്. ടെക് കമ്പനികൾ തൊഴിലാളികളെ അമിതമായി ജോലി ചെയ്യിപ്പിക്കുകയും ജീവനക്കാരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുകയാണ് എന്ന വ്യാപകമായ വിമർശനമാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിന ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം നവംബർ 29 -ന് ഗ്വാങ്‌ഷൂവിലെ വീട്ടിൽ നിന്നും വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനിടെയാണ് ഗാവോ ഗ്വാങ്‌ഹുയി എന്ന യുവാവ് ബോധരഹിതനായി വീഴുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗാവോയ്ക്ക് കഠിനമായ ജോലിഭാരം ഉണ്ടായിരുന്നു, പലപ്പോഴും ഓവർടൈം ജോലി ചെയ്യേണ്ടി വന്നിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. നവംബർ 29 -ന് ശനിയാഴ്ച രാവിലെ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുന്നതും ബോധരഹിതനാകുന്നതും. അദ്ദേഹത്തിന്റെ കുടുംബം ഉടൻ തന്നെ എമർജൻസി സർവീസിൽ വിളിച്ചു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർമാർക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് HK01 -ലെ ഒരു റിപ്പോർട്ട് പറയുന്നു.
രാവിലെ 9:46 -നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം മരിച്ചുവെന്നും ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. മരണകാരണം പെട്ടെന്നുണ്ടായ ശ്വാസതടസ്സവും ഹൃദയസ്തംഭനവുമാണ് എന്നും കരുതുന്നു. യുവാവിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പെടാപ്പാട് പെടുമ്പോഴും അദ്ദേഹത്തിന് നിരന്തരം ജോലിസംബന്ധമായ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. സിവിടിഇ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ വിഭാഗത്തിൽ മിഡിൽ ലെവൽ മാനേജരായിട്ടാണ് ഗാവോ ജോലി ചെയ്യുന്നത്. പാതിരാത്രി വരെയും ഭർത്താവിന് ജോലി ചെയ്യേണ്ടി വരാറുണ്ട്, ആളുകൾ കുറവായതുകാരണം ആറേഴുപേരുടെ ജോലിയാണ് അദ്ദേഹം തനിച്ച് നോക്കുന്നത് എന്ന് ഗാവോയുടെ ഭാര്യ പറയുന്നു. യുവാവിന്റെ മരണത്തെ തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദം ആളുകളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വലിയ ചർച്ചയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
