നാല് കുഞ്ഞുങ്ങളെ വിൽക്കാനുണ്ട്, ആ പരസ്യചിത്രത്തിനു പിന്നിലെ സത്യമെന്താണ്?

By Web TeamFirst Published Feb 28, 2021, 2:47 PM IST
Highlights

റേക്കൊപ്പം ദത്തെടുത്ത ഇളയ സഹോദരൻ മിൽട്ടൺ, മർദ്ദനത്തിനും ദാരിദ്ര്യത്തിനും ദുരുപയോഗത്തിനും ഇരയായതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്, ഒരു മാനസിക ആശുപത്രിയിൽ വർഷങ്ങളോളം അവൻ ചെലവഴിച്ചു. 

പട്ടിണിയും, ദാരിദ്ര്യവും മൂലം സ്വന്തം മക്കളെ വിൽക്കേണ്ടി വരുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ സങ്കൽപ്പിനാകുമോ? 1958 -ലേതെന്ന് വിശ്വസിക്കുന്ന നാല് മക്കളെ വിൽക്കാനുണ്ട് എന്ന് പരസ്യപ്പെടുത്തുന്ന ഒരു ഫോട്ടോ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ നമുക്ക് കാണാം. അതിന്റെ വിശ്വാസ്യതയിൽ പലർക്കും സംശയം തോന്നിയിട്ടുമുണ്ടാകാം. പക്ഷേ, ആ ചിത്രത്തിൽ പറയുന്നത് അക്ഷരം പ്രതി സത്യമായിരുന്നു. 1948 ഓഗസ്റ്റ് അഞ്ചിനാണ് അത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിൽ പടിക്കെട്ടിലിരിക്കുന്ന നാല് കുട്ടികളെയും, അവരുടെ പിന്നിൽ നിൽക്കുന്ന അമ്മയെയും കാണാം. 

ചിക്കാഗോ യാർഡിൽ കാണുന്ന “ബിഗ് സെയിൽ” എന്ന ബോർഡ്, അപ്പാർട്ട്മെന്റിൽ നിന്ന് കുടിയൊഴിപ്പിക്കൽ നേരിടുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റേ ചാലിഫൗക്സിന്റെ ദാരുണമായ കഥയെ പറയുന്നു. പോകാൻ ഒരിടമില്ലാത്ത, ജോലിയില്ലാത്ത കൽക്കരി ട്രക്ക് ഡ്രൈവറും ഭാര്യയും അവരുടെ നാല് മക്കളെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. കുട്ടികൾ അത്ഭുതത്തോടെ ഉറ്റുനോക്കുമ്പോൾ അമ്മയായ ലൂസിൽ ക്യാമറയിൽ നിന്ന് മുഖം തിരിക്കുന്നു. മുകളിലെ പടിയിൽ ലാന (6), റേ (5) എന്നിവരും, ചുവടെ മിൽട്ടൺ (4), സ്യൂ എല്ലെൻ (2) എന്നിവരും ഇരിക്കുന്നു -ഇതാണ് ചിത്രത്തിന്റെ കാപ്ഷൻ. വാൽപാരിസോയിലെ ദി വിഡെറ്റ്-മെസഞ്ചറിലും രാജ്യത്തുടനീളമുള്ള വിവിധ പത്രങ്ങളിലും ആ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു.   

അതിനെ തുടർന്ന് കുടുംബത്തിന് രാജ്യമെമ്പാടുമുള്ള വായനക്കാരിൽ നിന്ന് സഹായം ലഭിച്ചു. എന്നിട്ടും പക്ഷേ കുടുംബത്തിന്റെ സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ല. ലൂസിനയ്ക്ക് 24 വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അഞ്ചാമത്തെ കുട്ടിയായ ഡേവിഡിനെ ഗർഭം ധരിച്ചിരിക്കയായിരുന്നു അവൾ. ഭവനരഹിതരാകാനുള്ള സാധ്യതയും വലിയ കുടുംബത്തെ പോറ്റാനുള്ള പ്രയാസവും സ്വന്തം മക്കളെ ലേലം ചെയ്യാൻ അവരെ നിർബന്ധിതരാക്കി. 1950 ആയപ്പോഴേക്കും എല്ലാ കുട്ടികളും വിറ്റുപോയി. ഇൻഡ്യാനയിലെ ജാസ്പർ കൗണ്ടിയിലെ ഒരു ഫാമിൽ റെയും സഹോദരൻ മിൽട്ടണും എത്തിപ്പെട്ടു. രണ്ട് ഡോളറിനാണ് അവരെ വിറ്റത്. അവിടെ കുടുംബാംഗമായിട്ടല്ല, കാർഷിക തൊഴിലാളികളായിട്ടാണ് അവർ പോയത്. രക്ഷപ്പെടാതിരിക്കാനായി തങ്ങളുടെ വളർത്തു മാതാപിതാക്കൾ തങ്ങളെ ചങ്ങലകൊണ്ട് തടവിലാക്കിയിരുന്നുവെന്ന് ഇരുവരും പിന്നീട് പറ‍ഞ്ഞു. അടിമകളെ പോലെ മണിക്കൂറുകൾ ജോലി ചെയ്യാൻ കുട്ടികൾ നിർബന്ധിതരായി. തന്റെ പുതിയ "പിതാവ്" തന്നെ അടിമ എന്നാണ് വിളിച്ചിരുന്നതെന്ന് മിൽട്ടൺ ഓർത്തു.

സ്യൂ എല്ലെനും, ലാനയും പക്ഷേ മറ്റ് സഹോദരങ്ങളെ പോലെ കഷ്ടപ്പെട്ടില്ല. ഏതാനും മൈലുകൾ അകലെയുള്ള ഒരു കുടുംബമാണ് അവരുടെ ഇളയ സഹോദരൻ ഡേവിഡിനെ ദത്തെടുത്തത്. അവന്റെ വളർത്തു കുടുംബമായ മക്ഡാനിയൽസ് രണ്ട് വയസ്സുള്ള അവനെ സ്വീകരിക്കുമ്പോൾ, അവന്റെ ശരീരത്തിലുടനീളം ബെഡ് ബഗിന്റെ കടിയേറ്റിരുന്നതായി പറയുന്നു. മതത്തിന്റെ ചട്ടക്കൂടിലാണ് അവർ അവനെ വളർത്തിയത്. എന്നാൽ സഹോദരങ്ങളായ റേ, മിൽട്ടൺ എന്നിവരെ കാണാൻ അവന് അനുവദമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം, ഡേവിഡ് തന്റെ അമ്മയുമായി വീണ്ടും ഒന്നിച്ചു. അവനെ കണ്ടപ്പോൾ നീ നിന്റെ അച്ഛനെ പോലെയാണെന്ന് അവൾ അവനോട് പറഞ്ഞു. എന്നാൽ പക്ഷേ മകനോട് ആ അമ്മ അപ്പോഴും ക്ഷമ ചോദിച്ചില്ല.  

പതിനേഴാം വയസ്സിൽ ഒരാൾ റേയെ തട്ടിക്കൊണ്ടുപോവുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലാത്സംഗത്തിനെ തുടർന്ന് അവൾ ഗർഭിണിയായി. ദത്തെടുത്ത കുടുംബം അവളെ അവിവാഹിതരായ അമ്മമാർക്കുള്ള ഭവനത്തിൽ കൊണ്ടാക്കി. അവളുടെ കുട്ടിയെയും ഇതുപോലെ ദത്ത് കൊടുക്കാൻ സ്ഥാപനം ശ്രമിച്ചപ്പോൾ അവൾ അവിടം ഉപേക്ഷിച്ചു. ഇപ്പോൾ, അവൾ തന്റെ പ്രായപൂർത്തിയായ മകനൊപ്പമാണ് താമസിക്കുന്നത്. അവളുടെ അമ്മയുടെ ജീവിതം "ഒരു ഭയാനകമായ കഥ പോലെയാണ്" എന്നവൾ പറഞ്ഞു.

റേക്കൊപ്പം ദത്തെടുത്ത ഇളയ സഹോദരൻ മിൽട്ടൺ, മർദ്ദനത്തിനും ദാരിദ്ര്യത്തിനും ദുരുപയോഗത്തിനും ഇരയായതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്, ഒരു മാനസിക ആശുപത്രിയിൽ വർഷങ്ങളോളം അവൻ ചെലവഴിച്ചു. പിന്നീട് ജനിച്ച മകൻ ഡേവിഡ് മക്ഡാനിയൽ പതിനാറാമത്തെ വയസ്സിൽ ദത്തെടുത്ത വീട്ടിൽ നിന്ന് ഓടിപ്പോയി. അദ്ദേഹം മിലിട്ടറിയിൽ ചേർന്നു. ഒന്നിച്ച് വളർന്ന ആ കുട്ടികൾ വിധിയുടെ ക്രൂരതയ്ക്ക് ഇരയായി ജീവിതത്തിൽ പലയിടത്തായി ചിതറിപ്പോയെങ്കിലും, സോഷ്യൽ മീഡിയ വഴി വളരെക്കാലം കഴിഞ്ഞ് പരസ്പരം കണ്ടുമുട്ടി. അക്കൂട്ടത്തിൽ ഏറ്റവും ഇളയവനായ ഡേവിഡ് മാത്രമാണ് അമ്മയോട് ക്ഷമിക്കാൻ തയ്യാറായത്. “നമ്മൾ എല്ലാവരും മനുഷ്യരാണ്. എല്ലാവരും തെറ്റുകൾ ചെയ്യും" ഡേവിഡ് പറഞ്ഞു. എന്നാൽ തന്നെ ഒരിക്കലും അമ്മ സ്നേഹിച്ചിട്ടില്ലെന്നും, തന്നെ വിറ്റതിന് അമ്മ ഒരിക്കലും ക്ഷമ ചോദിച്ചില്ലെന്നും റേ പറഞ്ഞു. 

click me!