
പലതരം വ്യത്യസ്തമായ ജോലികളെ കുറിച്ചും നാം കേട്ടിട്ടുണ്ടാവും. അത്തരത്തിൽ ഒരു ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഈ യുവതിയും. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ടെയ്‌ലർ എ ഹംഫ്രി ഒരു കൺസൾട്ടന്റാണ്. മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് യോജിച്ച ഒരു പേരിടാൻ സഹായിക്കുക എന്നതാണ് ടെയ്ലറിന്റെ ജോലി. 37 -കാരിയായ ടെയ്‍ലർ 10 വർഷം മുമ്പാണ് കുട്ടികളുടെ പേര് കണ്ടെത്തുന്നതിലുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ന്, ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും 100,000 -ത്തിലധികം ഫോളോവേഴ്‌സുണ്ട് അവർക്ക്. ഇക്കഴിഞ്ഞ കാലത്തിനിടയ്ക്ക് സെലിബ്രിറ്റികളടക്കം അനേകരെയാണ് അവൾ കുഞ്ഞുങ്ങൾക്ക് പേര് കണ്ടെത്താൻ സഹായിച്ചത്.
ബ്രാൻഡിംഗ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്ത ടെയ്‍ലറിന്റെ പക്കൽ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പേരുകളുണ്ട്. അതും വെറും പേരുകളല്ല, അവയുടെ അർത്ഥവും പ്രത്യേകതയും ഒക്കെ ഇതിൽ പെടും. വെറുതെ ഒരു പേരാണ് വേണ്ടതെങ്കിൽ $200 (ഏകദേശം 18,000) ഫീസ് മതിയാവും. എന്നാൽ, പേരിനൊപ്പം മറ്റ് വിവരങ്ങൾ കൂടുന്നതിന് അനുസരിച്ച് ഫീസും കൂടും. $10,000 (8,88,535) വരുന്ന പാക്കേജുകൾ വരെയും ടെയ്ലറിന്റെ അടുത്തുണ്ട്. അതേസമയം, എക്സ്ക്ലൂസീവായിട്ടുള്ളതാണെങ്കിൽ ഫീസ് പിന്നെയും കൂടും. അതിന് $30,000 (26 ലക്ഷം) വരെ ഫീസ് ആകും.
ഇത് വെറുതെ ഒരു പേര് കണ്ടെത്തിക്കൊടുക്കുന്ന ജോലിയല്ല. ഒരു തെറാപ്പിസ്റ്റിനെ പോലെയോ അച്ഛനും അമ്മയ്ക്കും ഇടയിൽ മീഡിയേറ്ററായി പ്രവർത്തിക്കുകയോ ചെയ്യുന്നത് പോലെ ഒക്കെയാണ് എന്നും ടെയ്‍ലർ പറയുന്നു. വ്യത്യസ്തവും ട്രെൻഡിയുമായിട്ടുള്ള എന്നാൽ തനതായിട്ടുള്ള പേരുകളാണ് പലർക്കും വേണ്ടത്. ഇതിനായി സമ്പന്നരും സെലിബ്രിറ്റികളുമായിട്ടുള്ള അനേകങ്ങളാണ് ടെയ്‍ലറിന്റെ സേവനം തേടി വരുന്നത്.