Malayalam Short Story : മരണാനന്തരം, അനില്‍ കുമാര്‍ എസ് ഡി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 18, 2022, 5:13 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അനില്‍ കുമാര്‍ എസ് ഡി എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഇരുട്ട് ഒളിച്ചു കളിക്കുന്ന ഇടനാഴി. നിറം മങ്ങിയ ചുമരുകള്‍. നിശ്വാസങ്ങള്‍ ഒട്ടി കരുവാളിച്ച മേല്‍ക്കൂര. അഴികള്‍ അലങ്കരിച്ച മുറികള്‍. ചൊറി വീണ് പുഴുത്ത തറയില്‍ സ്വയം തകര്‍ന്ന സിമന്റ് തടങ്ങള്‍. ലക്ഷ്യമില്ലാത്ത തെറികള്‍ കേട്ടു തഴമ്പിച്ച വിളക്കുകള്‍. നിറം മങ്ങിയ പിഞ്ഞാണങ്ങള്‍. ദാഹം തീര്‍ക്കാത്ത ഗ്‌ളാസുകള്‍. മൊട്ടിട്ടതും, മൊട്ടായി കൊഴിയുന്ന പ്രായത്തിലുമുള്ള സ്ത്രീകള്‍. നാവില്‍ തെറി തുന്നിപ്പിടിപ്പിച്ച യൂണിഫോമുകള്‍. എരിയുന്ന മനസ്സുകള്‍ തീപിടിച്ച തെറിയായി ഭിത്തിയിലെ ഫാനില്‍ കറങ്ങിയോടുന്നു. ഏഴാം നമ്പര്‍ മുറിയുടെ മൂലയില്‍ ഉറക്കം മതിയാകാതെ ശാന്ത കിടക്കുന്നു. കഥയുടെ ബാക്കി  ഛര്‍ദ്ദിച്ച രാത്രിഭക്ഷണത്തിനെ ഉറുമ്പുകള്‍ പോലും തിരസ്‌ക്കരിക്കുന്നു.
  
'അസ്വാഭാവികമായ ഒരു മരണമല്ലേ, പോസ്റ്റുമോര്‍ട്ടം വേണ്ടി വരും.'

ജയില്‍ വാര്‍ഡന്‍ രാജി മേനോന്‍ പരാധീനതയുടെ ഭാണ്ഡക്കെട്ട് അഴിച്ച് നളിനിയേയും ജമീലയേയും റൂമിലേക്ക് വിളിപ്പിച്ചു.

അവര്‍ റൂമിലെത്തിയപ്പോള്‍ അവര്‍ തന്നെ റൂമിന്റെ വാതില്‍ വലിച്ചടച്ചു. 

'ശാന്തയുടെ മരണം ആത്മഹത്യയാണെന്ന് ഞാന്‍ കരുതുന്നില്ല. ആത്മഹത്യ ചെയ്യണമെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് ചെയ്യാമായിരുന്നു. നിങ്ങള്‍ രണ്ടു പേരും അറിയാതെ ശാന്തയ്ക്ക് ഒന്നും സംഭവിക്കില്ല. സത്യം പറഞ്ഞാല്‍ നമുക്ക് മാന്യമായി പിരിയാം. അല്ലെങ്കില്‍ കുറേ പഴുക്കും.'

പിന്നീട് അവര്‍ നളിനിയുടേയും ജമീലയുടേയും കണ്ണുകളിലേക്ക് പാളി നോക്കി. മരണതുല്യമായ ഒരു നിശ്ശബ്ദത അവിടെ തളം കെട്ടി. 

പിന്നെ ഉച്ചത്തിലുള്ള ഒരു അടിയുടെ ശബ്ദം. വെട്ടിയിട്ട വാഴത്തട പോലെ ജമീല താഴെ വീണു.

അവര്‍ വീണ്ടും തുടര്‍ന്നു: നിങ്ങള്‍ സത്യം പറയുക, എനിക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്. ഇതിന്റെ സത്യം തെളിയിക്കാതെ എനിക്ക് പിന്മാറാനാകില്ല.'


വീണ്ടും നിശ്ശബ്ദത വാതിലിലേക്ക് തല നീട്ടി.

വീണ്ടും ഒരിടിമുഴക്കം. നളിനി നിന്നയിടത്തു നിന്നും ആടിയുലഞ്ഞ് വീണ്ടും നിന്നു.വീണ്ടും ഒരു ഇടി മുഴക്കം. നളിനിയും താഴെ വീണു. സൂപ്രണ്ട് പതിയെ നടന്ന് ഡോര്‍ തുറന്നിട്ടു ബെല്ലില്‍ നിര്‍ദ്ദാക്ഷിണ്യം തല്ലി. ഒരു ജയില്‍ ഗാര്‍ഡ് ഓടി വന്നു .

'ജോസേ ,ഈ പന്നത്തികള്‍ പലതും മറയ്ക്കുകയാണ. നീയും രമേശനും കൂടി നന്നായൊന്ന് ചതയ്ക്ക്. സ്ത്രീയാണെന്ന കരുതല്‍ വേണ്ട. കൊല്ലാതിരുന്നാല്‍ മതി. ഈ കൂത്തിച്ചികളുടെ നാവില്‍ നിന്നും സത്യം പുറത്ത് വരണം. ഒരു മണിക്കൂറിനകം.'

ഞായറാഴ്ചത്തെ നല്ലൊരു പ്രഭാതത്തെ തകര്‍ത്ത ശാന്തയോടുള്ള പകയും തന്റെ പ്രമോഷന്‍ തടയുന്ന മരണത്തോടുള്ള  വാശിയും തീര്‍ക്കുന്ന പരുക്കന്‍ ചുവടുകളുമായി അവര്‍ ശാന്തയുടെ ശവത്തിനടുത്തേക്ക് പോയി. 

'കിടപ്പും സാഹചര്യവും കണ്ടാല്‍ ആത്മഹത്യയെന്നേ തോന്നൂ, എന്നാലും എന്തിന്? എങ്ങനെ? വിഷം ആര് കൊടുത്തു?'

സ്വയം സംസാരിച്ച് രാജിമേനോന്‍ തന്റെ സംശയങ്ങള്‍ തീര്‍ത്തു .

ഇതേ സമയം രണ്ട് ഗാര്‍ഡുകള്‍ മൂന്നാം മുറയുമായി നളിനിയേയും ജമീലയേയും വാ തുറപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കി.

അടികൊണ്ട് അവശയായപ്പോഴും പിടിച്ചു നിന്ന അവര്‍ ലാത്തിയുടെ തൃഷ്ണയില്‍ വാ തുറന്നു.

'സാറുമ്മാരെ ഞങ്ങള്‍ ഉറങ്ങിപ്പോയി.'

'നീയൊക്കെ ഇങ്ങനെ ഉറങ്ങാന്‍ കഞ്ചാവ് പുകച്ചോടി.'

'പുകച്ചു സാറെ'

'സ്വാമി എവിടുന്ന് കിട്ടിയെടീ'

'പീറ്റര്‍ സാര്‍ തന്നു.'

'എന്തിന്'

'പുറം പണിക്ക് പോകുന്നതിനാണ് സാറെ.'

'എവിടെ?'

'പീറ്റര്‍ സാര്‍ പറയുന്നിടത്ത്'

'അറുവാണിച്ചിയായി നടന്ന, കൊലപാതകവും ചെയ്തിട്ട് ജയിലില്‍ വന്നിട്ടും അടങ്ങിയൊതുങ്ങി കഴിയില്ലേടി.'

ഒരു റൗണ്ട് നിരത്തി തല്ലിയിട്ടാണ് ഗാര്‍ഡുമാര്‍ വാര്‍ഡനോട് റിപ്പോര്‍ട്ട് കൊടുത്തത്.

'മാഡം, അവര്‍ പീറ്റര്‍ സാറിന്റെ തൊഴിലാളികളാണ്. കൂടാതെ കഞ്ചാവും. ഈ മരണത്തില്‍ അവര്‍ക്ക് പങ്കില്ല.'

വാര്‍ഡന്‍ ഉടനെ ജയില്‍ ഐജിയെ ബ്രീഫ് ചെയ്തു. പീറ്റര്‍ സാറിന്റെ തരികിടകളും അവര്‍ ഐജിയെ ധരിപ്പിച്ചു.

ബോഡി പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് തീര്‍ത്ത് വിട്ടു. റൂമില്‍ വന്നവര്‍ ശാന്തയുടെ ഫയല്‍ തുറന്നു.
 
ശാന്ത നഗരത്തിലെ പഴയകാല ലൈംഗിക തൊഴിലാളിയാണ്. ഒരു മകള്‍ ഉണ്ട്. വിവാഹിത. എന്നാല്‍ ശാന്തയുമായി അത്ര സുഖത്തിലല്ല. ശാന്തയുടെ ഭര്‍ത്താവ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. മോള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ തെങ്ങില്‍ നിന്നും വീണ് അരയ്ക്ക് താഴെ തളര്‍ന്ന് പോയി. പിന്നെ ശാന്ത ശരീരം വിറ്റാണ് ഭര്‍ത്താവിനേയും മകളേയും നോക്കിയതും മോളെ കെട്ടിച്ചതും. ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊന്നതിനാണ് ശാന്തയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രേസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റം ഇങ്ങനെയാണ്.


അപഥസഞ്ചാരത്തിന് തടസ്സമായ ഭര്‍ത്താവിനെ ഒഴിവാക്കാനായി കഴുത്തില്‍ പ്ലാസ്റ്റിക്ക് ചരട് മുറുക്കി കൊന്നു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കി. ആരും അപ്പീലിന് പോയില്ല.

അപഥ സഞ്ചാരത്തിന് വിലങ്ങുതടിയായ, അരയ്ക്കു താഴെ തളര്‍ന്നു പോയ ഭര്‍ത്താവിനെ കരുതിക്കൂട്ടി കഴുത്തില്‍ കയര്‍ മുറുക്കി കൊന്നു എന്ന് സംശയാതീതമായി തെളിഞ്ഞുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  

രാജീ മേനോന് വലിയ സഹതാപമൊന്നും തോന്നിയില്ല. ശവത്തിന് ശരീരം വില്‍ക്കാതെ തന്നെ അധ്വാനിച്ച് ജീവിക്കാമായിരുന്നല്ലോ. നാട്ടില്‍ എന്തെല്ലാം തൊഴിലുകള്‍ ഉണ്ട്. എന്നിട്ടും സ്വയം വിറ്റ് ജീവിച്ചു. ഒടുക്കം സ്വയം ഒടുങ്ങി. തുലഞ്ഞത് തന്റെ ഞായറാഴ്ച-രാജി മേനോന്‍ പിറുപുറുത്തു. 
  
അവര്‍ക്ക്  ഒരു മൂഡും തോന്നിയില്ല. വീട്ടില്‍ ഭര്‍ത്താവ് കൊശവനും ഉണ്ട്. ക്ലബ്ബില്‍ പോയി രണ്ട് ലാര്‍ജ് വീശി. ജോണും ജമാലും മുട്ടി നോക്കി. രാജി അവരെ നോക്കി നിരാശയോടെ പറഞ്ഞു

'ഒരു സുഖവുമില്ല ജോണേ. വീട്ടില്‍ ആ ഈനാംപേച്ചിയും ഉണ്ട്. രണ്ട് ലാര്‍ജ് നേര്‍പ്പിച്ച് കുപ്പിയില്‍ വാങ്ങി വീട്ടില്‍ പോയി കുളിച്ച് വീശി ഉറങ്ങണം.'

ജമാലിന് അത് സുഖിച്ചു. അവന്‍ ചുണ്ടുകോട്ടിപ്പറഞ്ഞു. 

'രാജിക്ക് ഇന്ന് ക്ലബ്ബിലെ കോക്ക്‌ടെയിലാണ് കൂട്ട്.'

രാജിയും ആ ചിരിയില്‍ പങ്കെടുത്ത് പറഞ്ഞു: 'അതേ, സോമന്റെ രഹസ്യക്കൂട്ട്.'

ജോണിയാണ് കൂട്ടിന്റെ ചരിത്രം പൂര്‍ത്തിയാക്കി പറഞ്ഞത്-'പീറ്ററിന്റെ ഫോര്‍മുല, സോമന്റെ കൈ.'

രാജി അതുകേട്ടപ്പോള്‍ ജയിലോര്‍ത്തു, പിന്നെ പരിഹാസത്തില്‍ പറഞ്ഞു.

'പീറ്ററിന്റെ  പഴയ ഒരു ഫോര്‍മുല പടമായി.'

ജോണി തിടുക്കത്തില്‍ ചോദിച്ചു: 'ആര്?' 

'ശാന്ത'

'പീറ്ററിനെ അറിയിച്ചോ, രാജി?'

'അറിയിച്ചു. അവന്‍ പിടിതന്നില്ല, നമ്മുടെ കൈയില്‍ തെളിവില്ലല്ലോ?'

'അവന്റെ കാമുകിയായിരുന്നു, പിന്നെ അറുവാണിച്ചിയായില്ലേ. അവന്‍ പിന്നെ കൊണ്ടുനടന്നു വിറ്റു.'

'ജോണേ ജയിലില്‍ നിന്നും പീറ്റര്‍ അവളെ കടത്തിയും വില്‍ക്കുമായിരുന്നോ?'

'രാജി, പീറ്ററിന്റെ കാര്യങ്ങളില്‍ ഞങ്ങളുടെ നാവ് വളയില്ല. സോറി.'

രാജി ജോണിനെ അളന്നൊന്ന് നോക്കി.പിന്നെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു, 'ശുഭരാത്രി'

വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവ് പൂത്തു നില്‍ക്കുന്നു. ഒരു തലവേദനയില്‍ ആ കൊഞ്ഞാണനെ ഒഴിവാക്കി, സോമേട്ടന്റെ കലക്കം കുടിച്ച് ഒന്ന് ഉറങ്ങിയപ്പോഴാണ് ശാന്തയുടെ വരവ്.

'രാജി മാഡം, ഞാന്‍ ശാന്ത.''-അവള്‍ പറഞ്ഞു. 

അമ്പരപ്പോടെ രാജി അവളെ നോക്കി. 

''എന്നെ അവര്‍ കൊന്നതാണ് മാഡം. പീറ്ററിന്റെ ഭയമാണ് അതിന്റെ പുറകില്‍. ഞാന്‍ മൂന്ന് മാസം ഗര്‍ഭിണിയായപ്പോള്‍ മാനം കാക്കാനാണ് ശങ്കരേട്ടന്‍ എന്നെ കെട്ടിയത്. വയറു വീര്‍പ്പിച്ച് കയറി വന്നിട്ടും ശങ്കരേട്ടന്‍ എന്നെ വെറുത്തില്ല. രണ്ട് വര്‍ഷം ഞങ്ങള്‍ എത്ര സന്തോഷമായിട്ടാണ് കഴിഞ്ഞത്. മരത്തില്‍ നിന്നും വീണ് അരയ്ക്ക് താഴെ തളര്‍ന്നു പോയ ശങ്കരേട്ടന്റെ ചികില്‍സയുടെ ചിലവ് കടം കേറ്റിയില്ലേ. ആ കടം തീര്‍ക്കാന്‍ ശങ്കരേട്ടന്റെ അനുവാദത്തോടെ, എന്റെ ഗതികേട് കൊണ്ടാണ് ഞാന്‍ ശരീരം വിറ്റത്. മകളെ കെട്ടിച്ചു, ശങ്കരേട്ടന് എല്ലാ ചികില്‍സയും കൊടുത്തു. എന്നാല്‍ മോള്‍ക്ക് ഞങ്ങളെ വേണ്ടാതായി. എനിക്ക് അടിവയറ്റില്‍ പഴുപ്പു വന്നു. ഗര്‍ഭപാത്രത്തില്‍ മുഴയും. ഓപ്പറേഷന് ശേഷം പഴയതു പോലെ ജോലി കിട്ടാതായി. സമൂഹം ഒരു പണിയും ചെയ്യാന്‍ സമ്മതിച്ചതുമില്ല. മുഴു പട്ടിണിയായി. ശങ്കരേട്ടന്റെ ചികില്‍സ മുടങ്ങി. മുതുക് പഴുത്തു. പുഴു നുരയ്ക്കാന്‍ തുടങ്ങി. എനിക്കും വയ്യാതായി. കണ്ണീരും വിശപ്പും കാണാന്‍ കഴിയാതെ, എന്റെ കൈകള്‍ കൊണ്ടാണ് ഞാന്‍ ശങ്കരേട്ടനെ കൊന്നത്. കുറ്റം ഞാന്‍ നിഷേധിച്ചില്ല. ശിക്ഷയും വാങ്ങി.'-അവള്‍ നിസ്'ംഗമായി പറഞ്ഞു. 

''എന്റെ മകളുടെ അച്ഛനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പീറ്റര്‍ എന്നെ കൊല്ലാന്‍ കരുക്കള്‍ നീക്കിയത്. ഞാന്‍ ഒരിക്കലും പീറ്ററിനെ എന്റെ മോളുടെ അച്ഛനാക്കുകയോ, മോളോട് ഈ രഹസ്യം പറയുകയോ ചെയ്യില്ല. എന്നെ പ്രേമിച്ച് ചതിച്ച് അടി വയറ്റില്‍ കുഞ്ഞിനേയും തന്നിട്ട് നിഷ്‌ക്കരുണം വലിച്ചെറിഞ്ഞ ആ പരമനാറിയുടെ ബീജമാണ് എന്റെ മകളെന്ന് ഞാന്‍ എന്തിന് പറയണം. എന്റെ ശങ്കരേട്ടന്റെ മുഖത്ത് എന്തിന് ഞാന്‍ കരി വാരിത്തേക്കണം. ഒരു വേശ്യയ്ക്ക് എന്ത് അഭിമാനം എന്ന് മാഡത്തിന് തോന്നാം. ഒരു വേശ്യയ്ക്കും മനസ്സും അഭിമാനവും ഉണ്ട് മാഡം. അതു കൊണ്ട് ഞാന്‍ മരിക്കുന്നത് വരെ ആ രഹസ്യം എന്നില്‍ നിലനില്‍ക്കും. ഞാന്‍ മരിച്ചാല്‍ അതോടെ ആ രഹസ്യവും ചാമ്പലാവും.'

ഒരിക്കല്‍ സംശയവുമായി പീറ്റര്‍ എന്നെ ജയിലില്‍ വന്ന് കണ്ടു.

എടീ ശീലാവതി, നീ നാടുനീളെ കൊണ്ടു നടന്നിട്ട് ഇപ്പോള്‍ കെട്ടിയോനേയും കൊന്ന് ജയിലിലായോ?

അവന്റെ ചോദ്യം കേട്ടതും ഞാന്‍ കാര്‍ക്കിച്ച് അവന്റെ മുഖത്ത് തുപ്പി. 

നാണംകെട്ടവനെ, കാമുകിയുടെ വയറ് വീര്‍പ്പിച്ചിട്ട് മുങ്ങിക്കളയുന്ന നിന്നെ കുരുക്കാനുള്ള ബോംബ് എന്റെ കൈയില്‍ ഉണ്ടെടാ, ഒരു ഡി എന്‍ എ ടെസ്റ്റില്‍ ഉരിയാവുന്ന തുണിയേ നിനക്കുള്ളൂ.''

ഈ മറുപടിയായിരിക്കാം അവനെ ഭ്രാന്തനാക്കിയത്.

'സംശയാലുവും ചതിയനുമായ പീറ്റര്‍ ജമീലയേയും നളിനിയേയും സ്വാധീനിച്ച് സയനൈഡ് ഗുളിക തന്നാണ് എന്നെ കൊന്നത്. അവരേയും പീറ്ററിനേയും വെറുതേ വിടരുത് മാഡം.'-അവസാനമായി അതും പറഞ്ഞ് ശാന്ത സ്ഥലം വിട്ടു. 

ഫോണിന്റെ നിരന്തരമായ ബെല്ലിലാണ് ഞാന്‍ ഉണര്‍ന്നത്.

മറുതലയ്ക്ക് ല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. രതീഷ് ആയിരുന്നു. 

'കൊലപാതകമായിരിക്കും. സയനൈഡ് പോയിസനിംഗ'

'അറിയാം ഡോക്ടര്‍'

'ആര് പറഞ്ഞു'

'ശാന്ത'

'വയ്യിട്ടത്തെ ഹാങ്ങോവര്‍ ആണോ? നാളെ വിളിക്കാം'

രതീഷ് ഫോണ്‍ കട്ട് ചെയ്തു.

ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. പീറ്ററിന്റെ കഥകള്‍ എല്ലാവരോടും പറഞ്ഞ് പറഞ്ഞ് ഉറക്കമൊഴിച്ചു.

കൊലപാതക കഥ എല്ലാവരോടും പറഞ്ഞു. നാളെ പറയാന്‍ പറ്റിയില്ലങ്കിലോ എന്ന ആശങ്കയില്‍ ഞാന്‍ കഥകള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എസ് പിയും ജോണും ജമാലും പരിഭവിച്ച് ഫോണ്‍ ഓഫാക്കി വച്ചു .

കഥ പറഞ്ഞ് കുഴഞ്ഞ് രാവിലെ ഉണരാതെ കിടന്ന എന്നെ ആരോ ഒരു ആംബുലന്‍സില്‍ കയറ്റി.

ആംബുലന്‍സില്‍ പോകുമ്പോള്‍ എനിക്ക് വല്ലാത്ത ഏകാന്തത തോന്നി. തണുപ്പിന്റെ ഒരു കമ്പളം ആരോ എന്നെ മൂടിയിരിക്കുന്നു. തണുപ്പ് കൂടി വന്ന് വന്ന് എന്റെ നാവുകള്‍ മരച്ചപ്പോഴാണ്, ശാന്തയുടെ ഒച്ച കേട്ടത്.

'രാജീമേനോന്‍ മാഡത്തെ വിസ്‌കിയില്‍ വിഷം ചേര്‍ത്ത് കൊന്നതും പീറ്ററാണ്. അവന്‍ ക്യാന്‍സറാണ്, എവിടേയും പടര്‍ന്നു കയറും'

എനിക്ക് ആരോടും ഒന്നും പറയാന്‍ തോന്നിയില്ല. പറഞ്ഞാലും കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ ശ്രമിക്കാത്തവരോട് പറഞ്ഞു കൊണ്ടിരിക്കുക തന്നെ ഒരു പരാജയമല്ലേ. 

നല്ല മരം കോച്ചുന്ന തണുപ്പ്, വെറുതേ ഒന്ന് ഉറങ്ങാം.
 

click me!