
ഉയർന്ന ശമ്പളമുള്ളതും കഠിനാധ്വാനം നിറഞ്ഞതുമായ കരിയർ ഉപേക്ഷിച്ച് പുതിയ ജീവിതരീതി തിരഞ്ഞെടുത്തിരിക്കുകയാണ് 31 -കാരിയായ ചൈനീസ് യുവതി. ഡോക്ടറായിരുന്ന ലിയു സിഹാൻ എന്ന യുവതിയാണ് മെഡിക്കൽ രംഗം ഉപേക്ഷിച്ച് ആ സമ്മർദ്ദങ്ങളിൽ നിന്നും മോചനം നേടാനായി ഡെലിവറി ഡ്രൈവറായും പബ് ഗായികയുമായി മാറിയിരിക്കുന്നത്. ഈ ചെറിയ ജോലികളിലൂടെ ലഭിക്കുന്ന വരുമാനം ജീവിതാവശ്യങ്ങൾക്കും സമാധാനത്തിനും ധാരാളമാണെന്ന് അവർ പറയുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഠിനമായ എജ്യുക്കേഷൻ സിസ്റ്റത്തിന് പേരുകേട്ട ഹെബെയ് പ്രവിശ്യയിലാണ് ലിയു വളർന്നത്. കർശനമായ സൈനിക ശൈലിയിലുള്ള പരിശീലനത്തിന് പേരുകേട്ട ഹെങ്ഷുയ് ഹൈസ്കൂളിൽ ഒരു വർഷം പഠിച്ച അവർ, പിന്നീട് സിചുവാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കി. തുടർന്ന് മക്കാവു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് സയൻസസിൽ ഡോക്ടറേറ്റും നേടി. തന്റെ 27-ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ലിയു, ഒരു ആശുപത്രിയിൽ സൈക്യാട്രിസ്റ്റായി ജോലിയിൽ പ്രവേശിച്ചു.
ജോലി ഉപേക്ഷിക്കാനുള്ള കാരണം
തന്റെ രോഗികളുമായി ആത്മാർത്ഥമായി ഇടപഴകാൻ ലിയു എപ്പോഴും ആഗ്രഹിച്ചിരുന്നു. രോഗികൾ സ്നേഹത്തോടെ നൽകുന്ന നന്ദിസൂചകമായ സമ്മാനങ്ങളും പ്രശംസാപത്രങ്ങളും അവർ വിലമതിച്ചിരുന്നു. എന്നാൽ, ജുഹായിലെ ഒരു പ്രശസ്തമായ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായും പോസ്റ്റ് ഡോക്ടറൽ ഗവേഷകയായും ജോലി ചെയ്യുന്നതിനിടയിൽ, കൃത്യമായ സമയക്രമങ്ങൾ പാലിച്ചുള്ള ഈ ജോലിയുടെ സമ്മർദ്ദം അവർക്ക് താങ്ങാനാകാതെ വന്നു. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ അവർ ജോലി ഉപേക്ഷിക്കുകയായിരുന്നു.
പുതിയ ജീവിതവും കണ്ടെത്തലുകളും
പിഎച്ച്ഡി നേടിയാൽ മികച്ച കരിയറും സ്ഥിരവരുമാനവും ലഭിക്കുമെന്ന് അറിയാമായിരുന്നെങ്കിലും, ആ ജീവിതം തനിക്ക് അനുയോജ്യമല്ലെന്ന് ലിയു തിരിച്ചറിഞ്ഞു. ജോലി ഉപേക്ഷിച്ചതിന് ശേഷം കുറച്ചുകാലം യാത്ര ചെയ്ത അവർ, പിന്നീട് ബ്രേക്ക് ഫാസ്റ്റ് വിൽക്കൽ, പബുകളിൽ പാട്ടുപാടൽ തുടങ്ങിയ വ്യത്യസ്ത ജോലികൾ ഏറ്റെടുത്തു.
ഈ പുതിയ അനുഭവങ്ങളിലൂടെ സമൂഹത്തിലെ താഴെത്തട്ടിലുള്ള നിരവധി മനുഷ്യരെ പരിചയപ്പെടാൻ അവർക്ക് അവസരം ലഭിച്ചു. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും നടത്തുന്നവരുടെ ശുഭാപ്തിവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള കഴിവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലിയു പറയുന്നു. ഗ്രേഡുകൾക്കും മത്സരങ്ങൾക്കും അപ്പുറം പരസ്പരമുള്ള കരുതലും സ്നേഹവുമാണ് ജീവിതത്തിൽ കൂടുതൽ പ്രധാനമെന്ന് അവർ തിരിച്ചറിഞ്ഞു.
നിലവിൽ ലിയു ഭാഗികമായി തെറാപ്പിസ്റ്റ് ജോലിയും ചെയ്യുന്നുണ്ട്. അമിതമായ മത്സരവും സമ്മർദ്ദങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഇന്നത്തെ യുവജനങ്ങൾക്ക് തന്റെ അനുഭവം ഒരു വലിയ തിരിച്ചറിവാണെന്നാണ് ലിയുവിന്റെ പക്ഷം.