
ചൈനയിലെ ഒരു കിന്‍റർഗാർട്ടൻ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് പതിവ് പഠനങ്ങൾക്കും കളികൾക്കും മാത്രമായിരുന്നില്ല. മറിച്ച് ഒരു വിവാഹ ആഘോഷത്തിനായിരുന്നു. വിവാഹിതരായവർ മാറ്റാരുമല്ലായിരുന്നു, കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു അവര്‍. ഇപ്പോൾ ഈ അധ്യാപകരുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡോയോകളുമാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. അധ്യാപകർ മണവാളനും മണവാട്ടിയുമായപ്പോൾ കുട്ടികളായിരുന്നു വിവാഹത്തിന്‍റെ നടത്തിപ്പുകാർ. രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്തുള്ള സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള രണ്ട് കിന്റർഗാർഡൻ ജീവനക്കാരാണ് തങ്ങളുടെ വിവാഹം ഇത്തരത്തിൽ വ്യത്യസ്തമായി ആഘോഷിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, കുട്ടികൾ ചുവന്ന വസ്ത്രങ്ങൾ ധരിച്ച് രണ്ട് വരികളിലായി നിന്ന് വരനെ ഘോഷയാത്രയായി വിവാഹ വേദിയിലേക്ക് ആനയിക്കുന്നത് ഏറെ കൗതുകകരമായ കാഴ്ചയായി മാറി. തീർന്നില്ല വധുവിനെ വരന് അടുത്തേക്ക് തങ്ങൾ എടുത്തുകൊണ്ടാണ് പോകുന്നത് എന്ന് പ്രതീകാന്മകമായി കാണിച്ചു കൊണ്ടായിരുന്നു വധുവിനെ ആനയിക്കുന്ന കുട്ടികളുടെ ഘോഷയാത്ര. ഇതിൽ ഏതാനും കുട്ടികൾ ചേർന്ന് മനോഹരമായി അലങ്കരിച്ച ഒരു ചെറിയ കസേരയും വഹിച്ചിരുന്നു. കഴിഞ്ഞില്ല, ഇരുവരെയും സ്വീകരിച്ചുകൊണ്ട് കുട്ടികൾ മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും ഇരുവർക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
വീട്ടുവാടക കുതിച്ചുയരുന്നു, വാഹനങ്ങള്‍ രൂപം മാറി വീടുകളാകുന്നെന്ന് റിപ്പോര്‍ട്ട്
വിവാഹ ചടങ്ങിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് നവ ദമ്പതികൾക്ക് ആശംസകൾ അറിയിക്കുകയും വ്യത്യസ്തമായ വിവാഹ ചടങ്ങ് സംഘടിപ്പിച്ചതിന് ഇരുവരെയും അഭിനന്ദിക്കുകയും ചെയ്തത്. ഈ വിവാഹം എന്നെന്നും ഓർമിക്കപ്പെടുമെന്നും സ്നേഹത്താൽ നിറഞ്ഞ വിവാഹമെന്നുമാണ് അളുകൾ വിഡിയോയ്ക്ക് താഴെ കുറിച്ചത്. ഏതായാലും തങ്ങളുടെ വിദ്യാർത്ഥകളെ സാക്ഷിയാക്കി ജീവിതത്തിലെ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിച്ച അധ്യാപകർക്ക് വലിയ സ്വീകാര്യത്യയാണ് ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.