
ദാരിദ്ര്യം മൂലം 37 വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ച മകനുമായി വീണ്ടും ഒന്നിച്ച് മാതാപിതാക്കൾ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ ആണ് സംഭവം. കുടുംബത്തിൽ പിറന്ന മൂന്നാമത്തെ കുഞ്ഞിനെ പോറ്റി വളർത്താനുള്ള സാമ്പത്തിക ഭദ്രത തങ്ങൾക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് കുട്ടിയുടെ മുത്തശ്ശിയായിരുന്നു അന്ന് കുഞ്ഞിനെ ഉപേക്ഷിക്കാൻ മാതാപിതാക്കളെ നിർബന്ധിച്ചത്. എന്നാൽ, ഇപ്പോൾ 37 വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കൾ.
1986-ൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ വെയ്‌നാനിൽ ഒരു സ്ത്രീ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവരുടെ മൂന്നാമത്തെ മകനായിരുന്നു അത്. എന്നാൽ, ആ കുഞ്ഞിന് ഒരു ദിവസം മാത്രം പ്രായമുള്ളപ്പോൾ അവൻറെ മുത്തശ്ശി അവനെ മറ്റൊരു വ്യക്തിക്ക് വളർത്താനായി നൽകി. ഷാവോ എന്ന വ്യക്തിക്ക് ആയിരുന്നു അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പം വളർത്താൻ കുഞ്ഞിനെ ദാനം നൽകിയത്. മൂന്നാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തിക ശേഷി തങ്ങൾക്ക് ഇല്ല എന്നായിരുന്നു അന്ന് കുടുംബത്തിൻറെ ചുമതലകൾ നോക്കിയിരുന്ന അവരുടെ വാദം.
കുഞ്ഞിൻറെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ ആയിരുന്നു ഇത്തരത്തിൽ ഒരു തീരുമാനം ഇവർ എടുത്തത്. പണം വാങ്ങിയാണോ കുഞ്ഞിനെ ഇവർ ഷാവോയ്ക്ക് കൈമാറിയത് എന്ന കാര്യം വ്യക്തമല്ല.
കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലാണ് ഷാവോയുടെ സ്വദേശം എന്ന് മാത്രമേ തങ്ങൾക്ക് അറിയാമായിരുന്നുള്ളൂവെന്നാണ് കുട്ടിയുടെ അച്ഛൻ ലി പറയുന്നത്. പിന്നീട് അവർക്ക് കുട്ടിയെ കൈമാറിയ മുത്തശ്ശിയുടെ മരണംവരെ കാത്തിരിക്കേണ്ടിവന്നു തങ്ങളുടെ കുഞ്ഞിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനായി.
മുത്തശ്ശി മരിച്ചതിനുശേഷം, ലീയും ഭാര്യയും മൂന്ന് പതിറ്റാണ്ടോളം തങ്ങളുടെ നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞു. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിൽ, പൊതു സുരക്ഷാ മന്ത്രാലയത്തിൻ്റെ ഡാറ്റാബേസ് അനുസരിച്ച്, ദമ്പതികളുടെ രക്തസാമ്പിളുകൾ ഷാൻഡോംഗ് പ്രവിശ്യയിലെ സാവോസുവാങ്ങിൽ താമസിക്കുന്ന പാങ് എന്ന കുടുംബപ്പേരുള്ള ഒരു പുരുഷൻ്റെ രക്തസാമ്പിളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി.
ഒടുവിൽ ഓഗസ്റ്റ് 3 ന്, പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, പാങ് 37 വർഷം മുമ്പ് തനിക്ക് നഷ്ടമായ മാതാപിതാക്കളെ കണ്ടു.