അഞ്ച് വർഷത്തോളം മെക്സിക്കോയിലെ ഒരു ഷെൽട്ടറിൽ കഴിഞ്ഞ വ്ലാഡ് എന്ന നായയെ ആരും ദത്തെടുത്തിരുന്നില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അവന്റെ കഥ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇപ്പോള്‍ അവനൊരു വീടുണ്ടായിരിക്കയാണ്. 

മെക്സിക്കോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് നീണ്ട വർഷങ്ങളാണ് വ്ലാഡ് എന്ന നായ തനിച്ചു കഴിഞ്ഞത്. ഹസ്കി മിക്സ് ഇനത്തിൽപ്പെട്ട വ്ലാഡ് കുസൃതികളൊക്കെയായി എല്ലാവരെയും ആകർഷിച്ചെങ്കിലും അവനെ ദത്തെടുക്കാൻ ഒരാൾ പോലും എത്തിയിരുന്നില്ല. ഇത് മൃ​ഗസ്നേഹികൾക്ക് വലിയ സങ്കടമായിരുന്നു. എന്നാൽ, ഒടുവിൽ സ്നേഹം അവനെയും തേടിയെത്തി. നേരത്തെ ഇല്ലിനോയിസ് ആസ്ഥാനമായുള്ള 'ബോർഡർ ടെയിൽസ് റെസ്ക്യൂ' വ്ലാഡിനെ ഏറ്റെടുത്തുവെങ്കിലും അവിടെയും അവനെ തേടി അപേക്ഷകളൊന്നും വരാതിരുന്നതോടെ അവൻ തുടർന്നും ഒറ്റയ്ക്കായിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ എറിക് നോക്സണും ജോയി മസ്ലോസ്കിയും വ്ലാഡിന്റെ കഥ ലോകത്തോട് വിളിച്ചുപറയുന്നത്.

വ്ലാഡിന് ഒരു വീട് ലഭിക്കുന്നതിന് മുൻപ് അവന് സന്തോഷകരമായ ചില ഓർമ്മകൾ സമ്മാനിക്കാൻ വേണ്ടി എറിക്കും ജോയിയും തീരുമാനിച്ചു. ഷെൽട്ടറിലെ നാല് ചുവരുകൾക്കുള്ളിൽ അഞ്ച് വർഷം ചിലവഴിച്ച വ്ലാഡിനെ അവർ കൊണ്ടുപോയത് മറ്റൊരു ലോകത്തേക്കായിരുന്നു. വ്ലാഡ് ആദ്യമായി ഒരു വലിയ സ്റ്റേഡിയത്തിൽ ഹോക്കി മത്സരം കണ്ടു. മാത്രമല്ല, ലാസ് വെഗാസിലേക്ക് ഒരു സ്വകാര്യ വിമാനത്തിൽ രാജകീയ യാത്രയും അവന് ലഭിച്ചു.

'ആറു വർഷത്തോളം അവന് കുടുംബം എന്താണെന്ന് അറിയില്ലായിരുന്നു. അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു അവന്റെ ഓരോ ദിവസവും. എന്നാൽ അവൻ ചുറുചുറുക്കുള്ളവനാണ്, സ്നേഹമുള്ളവനാണ്' എറിക് വീഡിയോയിൽ കുറിച്ചു. എന്തായാലും, നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വ്ലാഡിനെ ദത്തെടുക്കാൻ ഒടുവിൽ ഒരു യുവതി മുന്നോട്ടുവന്നു. തന്റെ പുതിയ ഉടമയ്ക്കൊപ്പം കാറിൽ കയറി പോകുമ്പോൾ വ്ലാഡിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. 'ഞങ്ങൾ നിന്നെ മിസ്സ് ചെയ്യും' എന്ന് കുറിച്ചുകൊണ്ടാണ് എറിക്കും ജോയിയും വ്ലാഡിനെ പുതിയ ജീവിതത്തിലേക്ക് യാത്രയാക്കിയത്.