ഉന്നതരെ പരിചരിക്കാന്‍ ശരീരവടിവുള്ള സ്ത്രീകളെ വേണമെന്ന് ചൈനീസ് സര്‍ക്കാര്‍ പരസ്യം, വിവാദം

Published : Dec 14, 2022, 07:35 PM IST
ഉന്നതരെ പരിചരിക്കാന്‍ ശരീരവടിവുള്ള സ്ത്രീകളെ  വേണമെന്ന് ചൈനീസ് സര്‍ക്കാര്‍ പരസ്യം, വിവാദം

Synopsis

ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുക എന്നതടക്കം 'പ്രത്യേക ചുമതലകള്‍' നിര്‍വഹിക്കുന്ന ക്ലറിക്കല്‍ തസ്തികയിലേക്കാണ് സ്ത്രീകളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുന്നതിന് നല്ല ശരീരമുള്ള സ്ത്രീകളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങിയ സര്‍ക്കാര്‍ പരസ്യം ചൈനയില്‍ വന്‍വിവാദമായി. സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ പരസ്യം പിന്‍വലിച്ചു. ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചൈന റെയില്‍വേയുടെ ഉപകമ്പനിയാണ് പരസ്യം ചെയ്തത്. 

തെക്കു കിഴക്കന്‍ ചൈനയിലെ ജിയാന്‍സി മേഖലയിലുള്ള റെയില്‍വേയുടെ ഉപകമ്പനിയാണ് പരസ്യം പുറത്തിറക്കിയത്. നമ്പര്‍ ത്രീ എഞ്ചിനീയറിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ പരസ്യം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമായാണ് പുറത്തുവന്നത്. ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുക എന്നതടക്കം 'പ്രത്യേക ചുമതലകള്‍' നിര്‍വഹിക്കുന്ന ക്ലറിക്കല്‍ തസ്തികയിലേക്കാണ് സ്ത്രീകളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

നല്ല മുഖലാവണ്യവും നല്ല ശരീരവടിവുകളുമുള്ള സുന്ദരികളായ സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യവാചകം. കോളജ് ബിരുദവും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍ഗണന. 4000 യുവാന്‍ (47,000 രൂപ) ആണ് ശമ്പളമായി വാഗ്ദാനം ചെയ്തത്. 

പരസ്യം പുറത്തുവന്നതിനു പിന്നാലെ വന്‍ വിമര്‍ശനം ഉയര്‍ന്നു. സ്ത്രീകളെ ലൈംഗികച്ചുവയോടെ പരാമര്‍ശിക്കുന്ന പരസ്യം അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നു. ഈ പരസ്യം വന്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ഇടപെട്ട് അത് പിന്‍വലിച്ചു. എന്നാല്‍, ഇതിനു പിന്നാലെ, പരസ്യം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് റെയില്‍വേ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് അതിലും വലിയ വിവാദമായി. പരസ്യത്തില്‍ പറയുന്ന കാര്യങ്ങളെ ന്യായീകരിച്ചുള്ളതായിരുന്നു വാര്‍ത്താ കുറിപ്പ്. പരിശോധനകള്‍ക്ക് വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ചായയും മറ്റും നല്‍കാന്‍ സ്ത്രീകള്‍ വേണമെന്ന 'പ്രത്യേക ആവശ്യങ്ങളെ' പൂര്‍ണ്ണമായി ന്യായീകരിക്കുന്നതായിരുന്നു ഈ വാര്‍ത്താ കുറിപ്പ്. ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നതോടെ റെയില്‍വേ മൗനം പാലിക്കുകയാണ്. 

ചൈനയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെ വിവേചന പരമായി പെരുമാറുന്നതായി നിലവില്‍ നിരവധി പരാതികളുണ്ട്. സ്ത്രീകളുടെ വിരമിക്കല്‍ പ്രായം പുരുഷന്‍മാരുടേതിനേക്കാള്‍ കുറക്കുന്ന നടപടിയും 50 വയസ്സ് തികഞ്ഞ വിമാന ജീവനക്കാരികളെ പിരിച്ചുവിടുന്ന നടപടിയും അടക്കം വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്