
തെക്കുകിഴക്കൻ ചൈനയിലെ ഒരു ചെറിയ ഫുഡ് സ്ട്രീറ്റ് ചെയ്ത വലിയൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനമേറ്റു വാങ്ങുന്നത്. കാൻസറിനോട് പോരാടുന്ന തങ്ങളുടെ സഹപ്രവർത്തകനെ സഹായിക്കാൻ വേണ്ടി ഒരു മുഴുവൻ ദിവസത്തെ വരുമാനം അവർ സംഭാവന ചെയ്യുകയായിരുന്നു. ഡിസംബർ 10 -ന് ഫുജിയാൻ പ്രവിശ്യയിലെ ഫുഷൗവിലുള്ള ഫുജിയാൻ നോർമൽ യൂണിവേഴ്സിറ്റിക്ക് സമീപമാണ് ഹൃദയസ്പർശിയായ പ്രവൃത്തി നടന്നത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയാണ് 50 വയസ്സുള്ള ഭക്ഷണ വിൽപ്പനക്കാരനായ ഷാങ് ജിയാൻവുവിന് കിഡ്നിക്ക് കാൻസറാണ് എന്ന് തിരിച്ചറിയുന്നത്. പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തെരുവിലെ കച്ചവടക്കാർ ഒത്തുകൂടുകയായിരുന്നത്രെ.
അസുഖം വരുന്നതിന് മുമ്പ് ഷാങ് അതേ തെരുവിൽ പാൻ-ഫ്രൈഡ് മീറ്റ് കേക്കുകൾ ഉണ്ടാക്കി വിറ്റിരുന്നു. കാൻസറാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ, അദ്ദേഹത്തിന് തന്റെ കട അടക്കുകയും പ്രാദേശിക ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടി വന്നു. എന്നാൽ, കാൻസറിനുള്ള ഉയർന്ന ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ല എന്ന് പറഞ്ഞ് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഒരു ഓൺലൈൻ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു.
പോസ്റ്റ് പിന്നീട് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെടുകയും അവർ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഫുഡ് സ്ട്രീറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ഷാങ്ങിന്റെ അവസ്ഥ തിരിച്ചറിയുന്നത്. പിന്നാലെ, അദ്ദേഹത്തിന് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു.
ഡിസംബർ 10 -ന്, തെരുവിലെ എല്ലാ സ്റ്റാൾ ഉടമകളും അവരുടെ പേയ്‌മെന്റ് ക്യുആർ കോഡുകൾക്ക് പകരം ഷാങ്ങിന്റെ ക്യുആർ കോഡാണ് വച്ചത്. അന്ന് ഭക്ഷണത്തിന് പണം നൽകിയ ഓരോരുത്തരും ഷാങ്ങിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു എന്നർത്ഥം. ഈ വിവരം അറിഞ്ഞ് അന്ന് അനവധിപ്പേരാണ് ഷാങ്ങിനെ പിന്തുണക്കാനായി ഫുഡ് സ്ട്രീറ്റിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. പല സ്റ്റാളുകളുടെയും മുന്നിൽ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നത്രെ. വലിയൊരു സംഖ്യ തന്നെ അന്നത്തെ കച്ചവടത്തിന്റെ ഭാഗമായി ഷാങ്ങിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ട്.