Covid 19 : വിദേശ പാര്‍സലുകളില്‍ കൊറോണ വൈറസ് പതിയിരിപ്പുണ്ടാവുമെന്ന് ചൈന

By Web TeamFirst Published Jan 18, 2022, 6:37 PM IST
Highlights

ബീജിംഗിലെ ഒരു സ്ത്രീയ്ക്ക് ഒമിക്രോണ്‍ വന്നത് കാനഡയില്‍നിന്നും അവര്‍ക്ക് വന്ന ഒരു പാര്‍സലിലൂടെയാണ് എന്നതാണ് ഇതിനു കാരണമായി പറയുന്നത്. 

വിദേശത്തുനിന്നും എത്തുന്ന സാധനങ്ങള്‍ക്കകത്ത് കൊറോണ വൈറസ് പതിയിരിപ്പുണ്ടാവുമെന്ന് ചൈനീസ് അധികൃതരുടെ മുന്നറിയിപ്പ്. വിദേശത്തുനിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ െചയ്യുന്നത് വിലക്കി തലസ്ഥാനമായ ബീജിംഗിലെ നഗരസഭാ അധികൃതര്‍ ഉത്തരവിട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബീജിംഗിലെ ഒരു സ്ത്രീയ്ക്ക് ഒമിക്രോണ്‍ വന്നത് കാനഡയില്‍നിന്നും അവര്‍ക്ക് വന്ന ഒരു പാര്‍സലിലൂടെയാണ് എന്നതാണ് ഇതിനു കാരണമായി പറയുന്നത്. അതേ ദിവസം വന്ന കൂടുതല്‍ പാര്‍സലുകളില്‍ വൈറസുകള്‍ കണ്ടെത്തിയതായും ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ സംഭവത്തിന്റ പശ്ചാത്തലത്തില്‍, വിദേശത്തുനിന്നും ഇ- കൊമേഴ്‌സ് സൈറ്റുകള്‍ വഴി സാധനങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണമെന്നും ബീജിംഗ് നഗരസഭ മുന്നറിയിപ്പിറക്കി. 

വിദേശത്തുനിന്നും എത്തുന്ന സാധനങ്ങളിലും കയറ്റുമതി ചെയ്യപ്പെടുന്ന തണുത്ത ഭക്ഷണങ്ങളിലും നിന്നും കൊവിഡ് വൈറസുകള്‍ വ്യാപിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍, നിരവധി ആരോഗ്യ വിദഗ്ധര്‍ ഈ വാദം അംഗീകരിക്കുന്നില്ല. വിദേശത്തുനിന്നും വരുന്ന സാധനങ്ങളിലൂടെയല്ല രോഗം പടരുന്നത് എന്നാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികളും പറയുന്നത്. എന്നാല്‍, ചൈനീസ് ശാസ്ത്രജ്ഞരും അധികൃതരും ഇക്കാര്യം അംഗീകരിക്കുന്നേയില്ല. ഈ തര്‍ക്കം തുടരുന്നതിനിടെയാണ് തലസ്ഥാനനഗരമായ ബീജിംഗില്‍ പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കാനഡയില്‍നിന്നും വന്ന ഒരു കൊറിയര്‍ പൊട്ടിച്ച ചൈനീസ് സ്ത്രീയ്ക്ക് ഓമിക്രോണ്‍ ബാധയുണ്ടായതായി ബീജിംഗ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പാങ് സിന്‍ഹുവോയാണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയില്‍നിന്നും വന്നതാണ് പാര്‍സല്‍. ഈ സ്ത്രീ വിദേശത്ത് ഒരിക്കലും യാത്രചെയ്തിട്ടില്ല. വിദേശത്തുനിന്നും വന്നവരുമായി സമ്പര്‍ക്കവും ഇല്ല. പാര്‍സലില്‍ നടത്തിയ പരിശോധനയില്‍ അകത്തും പുറത്തും കൊവിഡ് വൈറസ് കണ്ടെത്തി. ഇതു മാത്രമല്ല, അതേ ദിവസം ഈ പ്രദേശത്ത് വിദേശത്തുനിന്നും എത്തിയ നിരവധി പാര്‍സലുകളും പരിശോധന നടത്തിയിരുന്നു. അവയില്‍ അഞ്ചെണ്ണത്തില്‍ കൊവിഡ് 19 വൈറസുകളുടെ അംശങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 

ബീജിംഗിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കി.  വിദേശത്തുനിന്നും വരുന്ന പാര്‍സലുകളില്‍നിന്നും കൊറോണ വൈറസ് പടരുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നാണ് സെന്റര്‍ വ്യക്തമാക്കിയത്. വിദേശത്തുനിന്നും വരുന്ന പാര്‍സലുകള്‍ ഒരിക്കലും വീടിനകത്തുവെച്ച് തുറക്കരുത്. പുറത്തു കൊണ്ടുപോയി കൈയുറകള്‍ ധരിച്ചശേഷമായിരിക്കും  കവറുകള്‍ തുറക്കേണ്ടതെന്നും സെന്റര്‍ പറയുന്നു.

ബീജിംഗില്‍ ശീതകാല ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് കഷ്ടിച്ച് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കവെയാണ് വിദേശത്തുനിന്നുള്ള പാര്‍സലുകളെക്കുറിച്ചുള്ള ഭീതി ചൈനയിലാകെ പടര്‍ന്നത്. ഒളിമ്പിക്‌സ് കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് ടിക്കറ്റ്് വില്‍ക്കില്ലെന്ന് തിങ്കളാഴ്ച ചൈന പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമായിരിക്കും ഒളിമ്പിക്‌സ് കാണാനുള്ള അവസരം ലഭിക്കുക. എങ്ങനെയാവും ആളുകളെ തെരഞ്ഞെടുക്കുക എന്നോ അവര്‍ക്ക് ക്വാറന്റീന്‍ ഉണ്ടാവുമെന്നോ ഉള്ള കാര്യം വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

click me!