മരിച്ചെന്ന് കരുതി ശവപ്പെട്ടിയിലാക്കി, ഒരു ദിവസം കഴിഞ്ഞപ്പോൾ ശബ്ദം, പുറത്തെടുത്ത് തൊട്ടടുത്ത ദിവസം വീണ്ടും മരണം! ചൈനയിൽ വൻ ചർച്ച

Published : Sep 24, 2026, 09:46 AM IST
Chinese coffin (AI)

Synopsis

ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ മരിച്ചെന്ന് കരുതി ശവപ്പെട്ടിയിൽ സൂക്ഷിച്ച വയോധികയ്ക്ക് ജീവൻ തിരികെ ലഭിച്ചു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ഇവർ വീണ്ടും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത് 'അപ്പാരന്‍റ് ഡെത്ത്' എന്ന അവസ്ഥയാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ മരിച്ചെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 70 വയസിലേറെ പ്രായമുള്ള വയോധികയെ ജീവനോടെ കണ്ടപ്പോൾ കുടുംബവും ഡോക്ടർമാരും ഞെട്ടി. എന്നാൽ, ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അവർ 'വീണ്ടും' മരണത്തിന് കീഴടങ്ങിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സെറിബ്രൽ ത്രോംബോസിസും ക്യാൻസറും

ദീർഘകാലമായി സെറിബ്രൽ ത്രോംബോസിസ് ബാധിച്ചിരുന്ന സ്ത്രീ ക്യാൻസർ രോഗി കൂടിയായിരുന്നു. പ്രയാധിക്യം കൂടിയതിനാൽ രോഗം ചികിത്സിച്ച് ഭേദമാക്കാനാകില്ലെന്നാണ് ഡോക്ടർമാർ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേതുടർന്ന് കുടുംബാംഗങ്ങൾ അവരെ വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ സെപ്റ്റംബർ 8 -ാം സ്ത്രീക്ക് ജീവന്‍റെ ലക്ഷണങ്ങളൊന്നും കാണാതെ വന്നതോടെ അവർ മരിച്ചെന്ന് ബന്ധുക്കൾ കരുതി. പിന്നാലെ ദൂരെയുള്ള ബന്ധുക്കൾ എത്തുന്നത് വരെ അവർക്ക് അവസാനമായി കാണുന്നതിനായി മൃതദേഹം ബന്ധുക്കൾ ഫ്രീസറുള്ള ശവപ്പെട്ടിയിൽ സൂക്ഷിച്ചു.

ഉയർത്തെഴുന്നേൽപ്പ്, വീണ്ടും മരണം

എന്നാൽ, അടുത്ത ദിവസം വൈകുന്നേരം മരുമകൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് നേരിയൊരു മൂളൽ ശബ്ദം കേട്ടു. ആദ്യം ബന്ധുക്കൾ ഒന്ന് അമ്പരന്നെങ്കിലും ഉടൻ അവർ ശവപ്പെട്ടി തുറന്ന് സ്ത്രീയെ പുറത്തെടുത്തു. സെപ്റ്റംബർ 11 -ന് ദൂരെ നിന്നുള്ള ബന്ധുക്കൾ എത്തിയപ്പോൾ അവർ കണ്ണുതുറക്കുകയും ബോധം വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ, അതിനകം ആരോഗ്യനില ഗുരുതരമായതിനാൽ ഭക്ഷണമോ വെള്ളമോ കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബന്ധുക്കളെല്ലാവരും എത്തിയ ശേഷം അന്ന് രാത്രി തന്നെ അവർ വീണ്ടും മരിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ സെപ്റ്റംബർ 13 -ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്കാരവും നടത്തി.

‘അപ്പാരന്‍റ് ഡെത്ത്’

സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി ചോദ്യങ്ങളുയർന്നു. എന്നാൽ, കുടുംബാംഗങ്ങൾ സംഭവം വ്യാജമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഗ്രാമത്തിലെ ചിലരും സമാനമായ വിവരം കേട്ടതായി സമൂഹ മാധ്യമങ്ങളിൽ കുറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഇത് ‘അപ്പാരന്‍റ് ഡെത്ത്’ എന്നറിയപ്പെടുന്ന അവസ്ഥയായിരിക്കാം. ഈ ഘട്ടത്തിൽ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും വളരെ താഴ്ന്ന നിലയിലാകുന്നതിനാൽ ജീവന്‍റെ ലക്ഷണങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ പറയുന്നു. ശവപ്പെട്ടിയിൽ ഡീപ് - ഫ്രീസിങ് ഉപയോഗിക്കാതെ സാധാരണ റഫ്രിജറേഷൻ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

20 വർഷത്തെ ഡോക്ടർ ജോലി ഉപേക്ഷിച്ച് ബൺ വിൽപ്പന! ദിവസവും 10 മണിക്കൂർ ജോലി, എന്നിട്ടും സന്തോഷം മാത്രമെന്ന് ഡോ. ഡോങ്
ഇന്ത്യൻ പാസ്‌പോർട്ട് 'ഉപയോഗശൂന്യം': ഉയർന്ന നികുതി അടച്ചിട്ടും ഒരു ആനുകൂല്യവുമില്ലെന്ന് യുവ സംരംഭകൻ, കുറിപ്പ് വൈറൽ