
ചൈനയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് വലിയ പ്രശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അതിന്റെ കാരണം മറ്റൊന്നുമല്ല, അവരുടെ വിവാഹം നടന്ന സ്ഥലം തന്നെയാണ് അതിന് കാരണം. അവർ തങ്ങളുടെ വിവാഹാഘോഷം നടത്തിയത് ഒരു നായ സംരക്ഷണകേന്ദ്രത്തിലാണ്.
200 നായ്ക്കളുടെയും 300 -ലധികം വളണ്ടിയർമാരുടെയും സാന്നിധ്യത്തിലാണ് ഇവരുടെ വിവാഹ ചടങ്ങ് പൂർത്തിയാക്കിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും റെസ്ക്യൂ ചെയ്ത് കൊണ്ടുവന്ന് സംരക്ഷിക്കുന്ന നായകളാണിവ.
വടക്കൻ ചൈനയിലെ ടിയാൻജിൻ സിറ്റിയിൽ നിന്നുള്ള 31 -കാരനായ യാങ് എന്നയാളാണ് ഈ നായ സംരക്ഷണ കേന്ദ്രം നടത്തുന്നത്. നായപ്രേമിയായ യാങ് തന്റെ വിവാഹവും ഇവിടെ വച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നത്രെ.
ഒരുകാലത്ത് 1.4 മില്യൺ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന ധനികനായ കൺസ്ട്രക്ഷൻ ബോസ് ആയിരുന്നത്രെ യാങ്. എന്നാൽ, കൊവിഡ് മഹാമാരി എല്ലാം മാറ്റിമറിച്ചു. ലോക്ക്ഡൗൺ കാരണം ബിസിനസിന് വലിയ നഷ്ടം തന്നെ വന്നു. കടങ്ങൾ വീട്ടാനും ജീവനക്കാർക്ക് പണം നൽകാനും വീടും രണ്ട് കാറുകളും ഉൾപ്പെടെ മിക്കവാറും എല്ലാ സ്വത്തുക്കളും വിൽക്കാൻ യാങ് നിർബന്ധിതനായി.
പിന്നാലെയാണ് യാങ്ങിന് നായകളോട് സ്നേഹം തോന്നിത്തുടങ്ങിയത്. അങ്ങനെ അവയെ റെസ്ക്യൂ ചെയ്തുകൊണ്ടുവരാനും അവയ്ക്ക് അഭയം നൽകാനും തുടങ്ങി. ചെറുപ്പത്തിൽ രോഗം വന്ന് അഞ്ച് നായക്കുട്ടികളെ യാങ്ങിന് നഷ്ടപ്പെട്ടിരുന്നു. ആ വേദനയും ഇങ്ങനെ ഒരു നായ സംരക്ഷണകേന്ദ്രം തുടങ്ങാൻ യാങ്ങിന് പ്രചോദനമായിത്തീർന്നു.
വെറും 23 യുവാനാണ് അന്ന് തന്റെ പോക്കറ്റിലുണ്ടായിരുന്നത്. അതുമായിട്ടാണ് താൻ ഒരു ഡോഗ് ഷെൽട്ടർ തുടങ്ങിയത് എന്നും യാങ് പറയുന്നു. 2022 -ൽ ഇവിടെ വളണ്ടിയറായി വന്ന ഷാവോയെ ആണ് യാങ് വിവാഹം കഴിച്ചത്. അങ്ങനെ ഇരുവരും തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ആ സ്ഥലത്ത് വച്ച് വിവാഹച്ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.