'സ്ത്രീകളുടെയും ദേവന്മാരുടെയും വിവാഹം'; അവിവാഹിതരായ യുവതികളെ ഗുഹയിൽ അടച്ച് മരണത്തിന് വിട്ടുകൊടുത്ത ചൈനീസ് ആചാരം

Published : Apr 28, 2026, 11:48 AM IST
marriage between humans and deities

Synopsis

ചൈനയിലെ 'ലുവോ ഹുവാ ഡോങ് എൻവി' എന്ന പുരാതന ആചാരം അവിവാഹിതരായ യുവതികളെ ഗുഹകളിൽ ബലിയർപ്പിക്കുന്നതായിരുന്നു. ദൈവത്തെ വിവാഹം കഴിക്കാനായി തിരഞ്ഞെടുക്കപ്പെട്ട യുവതികൾ ഗുഹയ്ക്കുള്ളിൽ പട്ടിണി കിടന്ന് മരിക്കുമ്പോൾ, പുറത്ത് വിവാഹ ആഘോഷങ്ങൾ നടന്നിരുന്നു. ചൈനയിൽ അവിവാഹിതരുടെ എണ്ണം കൂടുമ്പോൾ ഈ നിഗൂഢ ആചാരം വീണ്ടും ചർച്ചയാവുകയാണ്.

 

ന്നും പല വിചിത്രമായ ആചാരങ്ങളും ചൈനയുടെ ഉൾഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അടുത്ത കാലത്തായി ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ഒരു പുരാതന ആചാരത്തെ കുറിച്ചുള്ള ചർച്ചകളാൽ നിറയുകയാണ്. രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് നിഗൂഢവും ദാരുണവുമായ ഈ ആചാരത്തെ കുറിച്ചുള്ള ചർച്ചകളും ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതും. ചൈനയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ഒരു പുരാതന നാടോടി വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് നിലനിന്നിരുന്നത്. അവിവാഹിതരായ യുവതികളെ ഒരു ദേവത തെരഞ്ഞെടുത്ത് ബലിയർപ്പിക്കുന്നതിനായി ഗുഹകളിലേക്ക് അയച്ചിരുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കപ്പെടുന്ന ഈ ആചാരത്തെക്കുറിച്ചായിരുന്നു ആ ചർച്ചകളെല്ലാം

'ലുവോ ഹുവാ ഡോങ് എൻവി'

'ലുവോ ഹുവാ ഡോങ് എൻവി' എന്നറിയപ്പെടുന്ന ഈ ആചാരം സിയാങ്‌സിയിലെ മിയാവോ സമൂഹങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്. ഇതിനെ 'മനുഷ്യരും ദേവന്മാരും തമ്മിലുള്ള വിവാഹം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒപ്പം സിയാങ്‌സിയുടെ മൂന്ന് തിന്മകളിൽ ഒന്നായും ഈ ആചാരത്തെ കണക്കാക്കുന്നു. അതേസമയം എപ്പോൾ എങ്ങനെയാണ് ഇത്തരമൊരു ആചാരം ഉടലെടുത്തതെന്ന് വ്യക്തമല്ല. ലുവോ ഹുവാ ഡോങ് എൻവിക്ക് പുറമേ, ഈ വിശ്വാസ സമ്പ്രദായവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ആചാരങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന് ശവശരീരങ്ങൾ ഓടിക്കലായിരുന്നു, ഇത് പ്രകാരം പുരോഹിതന് മണികളും കടലാസ് വഴിപാടുകളും ഉപയോഗിച്ച് രാത്രിയിൽ മൃതദേഹങ്ങൾ നീക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ വിശ്വസിച്ചു. . മറ്റേത് 'ഗു മന്ത്രവാദം' ആയിരുന്നു, വിഷ പ്രാണികളെ ഉപയോഗിച്ച് മറ്റുള്ളവരെ സ്വാധീനിക്കാനോ ഉപദ്രവിക്കാനോ ചെയ്യുന്ന മന്ത്രവാദമാണിത്.

അവിവാഹിതകളുടെ ദൈവ വിവാഹം

സാധാരണയായി 16 -നും 25 -നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുത്തിരുന്നത്. തിളക്കമുള്ള കണ്ണുകൾ, സൗമ്യമായ പെരുമാറ്റം, ബുദ്ധിശക്തി, സൗന്ദര്യം തുടങ്ങിയ ചില ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതികളെ തെരഞ്ഞെടുത്തിരുന്നത്. പടിഞ്ഞാറൻ ഹുനാനിലെ പർവതപ്രദേശങ്ങളിലെ ആനിമിസ്റ്റിക് വിശ്വാസങ്ങളിൽ നിന്നാണ് ഇത്തരമൊരു ആചാരം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു, അവിടെ പ്രകൃതിയ്ക്ക് ആത്മാക്കൾ ഉണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഒപ്പം ദേവന്മാരുടെ വാസസ്ഥലങ്ങളായി അവർ ഗുഹകളെ കണ്ടു.

വിചിത്രമായ ആചാരം

അവിവാഹിതരായ യുവതികൾ അസാധാരണമായ ചില പെരുമാറ്റങ്ങൾ കാണിക്കുന്നതോടെയാണ് ആചാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. ഇത്തരം അസാാധരണ പെരുമാറ്റം അവർ ദൈവങ്ങളോട് നടത്തുന്ന സംഭാഷണമായി കരുതും. പിന്നാലെ യുവതികൾക്ക് ദൈവവുമായി ആത്മീയ ബന്ധം ആരോപിക്കും. ശുദ്ധിയും സൗന്ദര്യവും നിലനിർത്തുന്ന അവിവാഹിതരായ യുവതികളെ ദൈവം കൊണ്ടുപോകാൻ തയ്യാറെടുക്കുന്നതാണ് ഇത്തരം പെരുമാറ്റമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. യുവതികളുടെ കുടുംബങ്ങൾ അടുത്തുള്ള ഗുഹകളിൽ പോയി ദൈവങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ ചെയ്യും. പിന്നാലെ മകളെ വിട്ട് നഷകാൻ അപേക്ഷിക്കും. ഇത്രയും ചെയ്യുമ്പോൾ യുവതി സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിൽ അത് ദൈവത്തിന്‍റെ കരുണയായി കരുതും. എന്നാൽ, യുവതിയ്ക്ക് മാറ്റമൊന്നും ഇല്ലെങ്കിൽ കുടുംബം ദൈവ ഹിതം അംഗീകരിച്ച് അടുത്ത ഏറ്റവും ശുഭദിനത്തിൽ അവളെ ആ ഗുഹയിലേക്ക് വഴിപാടായി നേരും. അങ്ങനെ ഗുഹയ്ക്കുള്ളിൽ അടയ്ക്കപ്പെടുന്ന യുവതി ഭക്ഷണവും വെള്ളം കിട്ടാതെ ഗുഹയ്ക്കുള്ളിൽ പട്ടിണി കിടന്ന് മരിക്കുന്നു. ഈ സമയം യുവതി ഗുഹാ ദൈവത്തെ വിവാഹം കഴിക്കാൻ പോയതാണെന്ന് കരുതി പ്രദേശവാസികൾ ഒത്തു കൂടി യുവതിയുടെ ശവസംസ്കാര ചടങ്ങിന് പകരം ആർഭാഡമായി വിവാഹ ചടങ്ങ് നടത്തും. മകളുടെ വിവാഹം നടന്നതിന്‍റെ സന്തോഷത്തിൽ വീട്ടുകാർ സ്ത്രീധനം തയ്യാറാക്കി ഗുഹയ്ക്ക് മുന്നിൽ വയ്ക്കുന്നതോടെ ആചാരം അവസാനിക്കുന്നു.

ചർച്ചയുടെ കാലം

അടുത്ത കാലത്തായി ചൈനയിൽ അവിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വ‍ർദ്ധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ യുവാക്കൾക്ക് സ്ത്രീകളെ കിട്ടാൻ ഇല്ലെന്ന് വാർ‍ത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ, താഴുന്ന ജനസംഖ്യാ നിരക്ക് പിടിച്ച് നിർത്താനായി ചൈനീസ് സർക്കാർ സമീപ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുമായി ചൈനീസ് യുവാക്കളുടെ വിവാഹത്തിന് പ്രോത്സാഹിപ്പിച്ചിരുന്നു. ഈയൊരു കാലത്താണ് അവിവാഹിതരായ യുവതികളെ ആചാരത്തിന്‍റെ പേരിൽ പട്ടിണിക്കിട്ട് കൊലയ്ക്ക് കൊടുത്തിരുന്ന പഴയ ആചാരത്തെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

''അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം''; ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടിയിൽ ആറ് കുട്ടികൾ, കുറിപ്പ് വൈറൽ
വിവാഹമോചനം നേടാന്‍ ഭർത്താവിന്റെ സഹോദരിയെ 'രണ്ടാം ഭാര്യ'യാക്കി, തെളിവായി ചിത്രം, യുവതിക്കെതിരെ ഭർത്താവ് കോടതിയിൽ