
35 -ാം നിലയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചൈനീസ് ഇൻഫ്ലുവൻസർ വാൻആൻആൻന്‍റെ അതിജീവനകഥ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട 27 -കാരി, 17 മാസത്തെ ചികിത്സയ്ക്കും പുനരധിവാസത്തിനും ശേഷമാണ് വീണ്ടും ജീവിതത്തിലും സോഷ്യൽ മീഡിയയിലും സജീവമായത്.
2025 ജൂൺ 10 -ന് ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചാങ്ഷയിലെ അത്യാഡംബര റെസിഡന്‍ഷ്യൽ കോംപ്ലെക്സിൽ തന്‍റെ ആൺ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന വാൻആൻആൻ പുലർച്ചെ 5 മണിയോടെയാണ് 35 നില കെട്ടിടത്തിൽ നിന്നും താഴെ വീണത്. പിന്നാലെ ഇവരുടെ ആൺസുഹൃത്ത് തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. അതേസമയം വാൻആൻആൻ കെട്ടിടത്തിൽ നിന്നും ബോധപൂർവ്വം ചാടുകയായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഏകദേശം 14 മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയാണ് നടത്തിയത്. തുടർന്ന് വാൻആൻആൻ 50 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ബോധം വീണ്ടെടുക്കുന്നതിന് മുമ്പ് പത്തിലധികം ശസ്ത്രക്രിയകൾക്കും വാൻആൻആൻ വിധേയയായെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടത്തിന് താഴെയുണ്ടായിരുന്ന മരങ്ങളും പച്ചപ്പും വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അപ്പോഴും വാൻആൻആൻന്‍റെ വലതുകാൽ രക്ഷിക്കാനായില്ല. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് കാൽ മുറിച്ചുമാറ്റിയ വിവരം തന്നെ അവർ അറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിവാസത്തിനിടെ കടുത്ത വേദന, ഉറക്കക്കുറവ്, ഓർമക്കുറവ്, പേശികളുടെ ബലക്ഷയം തുടങ്ങിയ വെല്ലുവിളികളും വാനിന് നേരിടേണ്ടിവന്നു. വേദനസംഹാരികളുടെ അളവ് കുറച്ചതിന് പിന്നാലെ ആദ്യ 48 മണിക്കൂറിൽ മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ് ഉറങ്ങാനായതെന്നും അവർ വെളിപ്പെടുത്തി. ദീർഘകാല ചികിത്സയ്ക്കുശേഷം ഇപ്പോൾ വീൽചെയറിന്‍റെ സഹായത്തോടെ പുറത്തിറങ്ങാൻ കഴിയുന്ന നിലയിലാണ് വാൻ ആൻആൻ. കൃത്രിമക്കാൽ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിവരെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026 ഒക്ടോബർ 12 -ന് പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ തന്‍റെ തിരിച്ചുവരവ് അറിയിച്ചത്. ജീവിതത്തിൽ നഷ്ടപ്പെട്ടതിൽ മാത്രം ശ്രദ്ധിക്കാതെ ഇപ്പോഴും കൈവശമുള്ള കാര്യങ്ങളെ വിലമതിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.