
തങ്ങൾ വളർത്തുന്ന പൂച്ചകളെയും പട്ടികളെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവരാണ് ഇന്ന് അധികവും. അവയ്ക്ക് വേണ്ടി എന്തും ചെയ്യാൻ പലരും ഒരുക്കമാണ്. എന്നാൽ, ചൈനയിൽ നിന്നുള്ള ഈ ഇൻഫ്ലുവൻസർ ചെയ്തതുപോലെ ഒരു കാര്യം ആരെങ്കിലും ചെയ്യുമോ എന്ന കാര്യം സംശയമാണ്. ഹാൻഡിക്രാഫ്റ്റ് ഇൻഫ്ലുവൻസറായ സിങ് ഷിലേ ആണ് പൂച്ചകൾക്ക് വേണ്ടി ഒരു അണ്ടർഗ്രൗണ്ട് സ്റ്റേഷൻ പണികഴിപ്പിച്ചത്. നാല് മാസം എടുത്താണ് ഷിലേ ഈ അണ്ടർഗ്രൗണ്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയത്.
ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള DIY ക്രിയേറ്ററായ സിംഗ് ഷിലേക്ക്, ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 1.2 മില്ല്യണിലധികം ഫോളോവേഴ്‌സ് ഉണ്ടത്രെ. നിരവധി വീഡിയോകൾ ഷിലേ ഷെയർ ചെയ്യാറുണ്ടെങ്കിലും പൂച്ചകൾക്കു വേണ്ടി നിർമ്മിച്ച ഈ സ്റ്റേഷന്റെ വീഡിയോ അതിവേഗം വൈറലായി മാറുകയായിരുന്നു.
വീഡിയോ ചൈനയിൽ മാത്രമല്ല, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ലോകമെങ്ങും വൈറലായി മാറുകയായിരുന്നു. പലരും ഇത് എഐ വീഡിയോ ആണെന്നും ഇങ്ങനെയൊക്കെ നിർമ്മിക്കാൻ സാധിക്കുമോ എന്നുമാണ് ചോദിച്ചത്. എന്നാൽ, ഇതിനും ഷിലേ മറുപടി നൽകി. ഇത് താൻ തന്നെ ചെയ്തതാണ് എന്നും അടുത്ത പ്രാവശ്യം ഇതുപോലെ എന്തെങ്കിലും നിർമ്മിക്കുമ്പോൾ ആദ്യം മുതലുള്ള വിശദമായ വീഡിയോ പകർത്തി ഷെയർ ചെയ്യാൻ ശ്രമിക്കാം എന്നും ഷിലേ വിശദീകരിക്കുന്നു.
ഷിലേ നിർമ്മിച്ചിരിക്കുന്ന സ്റ്റേഷനിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ട്രെയിനും വിവിധ ബ്രാൻഡുകളുടെ ഷോപ്പും ഒക്കെ കാണാം. അതും സർവസൗകര്യങ്ങളോടും കൂടിയ സ്റ്റേഷനാണ് യുവാവ് പൂച്ചകൾക്കായി നിർമ്മിച്ചിരിക്കുന്നത് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. പല സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വീഡിയോ ഷെയർ ചെയ്ത ഉടനെ വൈറലായി. 100 മില്ല്യൺപേർ വരെ കണ്ട വീഡിയോയുണ്ട്. അനേകങ്ങളാണ് ഇതുപോലെ ഒരു സ്റ്റേഷൻ തന്റെ പൂച്ചയ്ക്കും ഉണ്ടായിരുന്നെങ്കിലെന്ന് കമന്റ് നൽകിയത്.